Saturday, July 5, 2008

മാര്‍ത്തോമാ കഥകള്‍

തൃശ്ശൂര് എഞ്ചിനീയറിംഗ്‌ പഠന കാലത്തെ കുറിച്ചു എഴുതാന്‍ ഒരു കമന്‍റില്‍ രവി ആവശ്യപ്പെട്ടപ്പോള്‍ മുതല്‍ ആലോചിച്ചതാണു
എന്തെഴുതണമെന്ന്‌.എഴുതാന്‍ വിഷയങ്ങളില്ലാഞ്ഞിട്ടല്ല, മറിച്ച്‌ വിഷയാധിക്യമാണു പ്രശ്നം.കഥകളും കഥാപാത്രങ്ങളും ഒരുപാടുള്ളതിനാല്‍ ഒന്നുകില്‍ ഐ.വി.ശശി പടങ്ങള്‍ പോലെ ക്ളൈമാക്സ്‌ വരെ പുതിയ പുതിയ കഥാപാത്രങ്ങളെ കൊണ്ടുവന്ന്‌ അവസാനം ഒരു കൂട്ടപൊരിച്ചിലു നടത്തണം അല്ലെങ്കില്‍ സീരിയലു പോലെ എപ്പിസോഡാക്കണം. എന്തായാലും തുടങ്ങാന്‍ നോക്കാം. എവിടെ എത്തുമോ എന്തോ?

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഒന്‍പത്‌ ഏതോ മാസത്തിലെ ഏതോ ഒരു ദിവസം വെളുപ്പിനെ എണീറ്റ്‌ ആലുവായില്‍ നിന്ന്‌ പാസഞ്ചര്‍ പിടിച്ചു നേരേ ത്രിശ്ശിവപേരൂര്‍ക്കു വെച്ചു പിടിപ്പിച്ചു.എഞ്ചിനീയറിംഗ്‌ കോളേജില്‍ ചേരാന്‍.ത്രിശ്ശൂര്‍-ഷൊര്‍ണൂറ്‍ റോഡില്‍ വിയ്യൂര്‍ സബ്സ്റ്റേഷന്‍ മുതല്‍ കിഴക്കോട്ട്‌ പള്ളിമൂല വരെ ഒരുകിലോ മീറ്റര്‍ നീളത്തിലും ഏതാണ്ട്‌ തൊണ്ണൂറേക്കറോളം വിസ്ത്രിതിയിലുമായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മഹാപ്രസ്ഥാനം.വിസ്ത്രിതിയുടെ കാര്യം ഏകദേശ കണക്കേ പറയാന്‍ പറ്റൂ കാരണം ഞാന്‍ ചെല്ലുമ്പോള്‍ കണ്ട സിവിലുകാരുടെ അളവെടുപ്പു ഞാന്‍ പോരുമ്പോഴും തീര്‍ന്നിട്ടുണ്ടായിരുന്നില്ല.തലമുറകള്‍ മാറി ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ജോസ്പ്രകാശിന്‍റെ ആക്രമണത്തില്‍ നിന്നും ജയഭാരതിയെ രക്ഷിക്കാന്‍ മസിലു പിടിച്ചു നില്‍ക്കുന്ന ജയനെ പോലെ വിയ്യൂര്‍ സെന്‍ട്രല്‍ ജെയിലിന്‍റെയും വിമല കോളേജിന്‍റെയും നടുക്കു നെഞ്ചും വിരിച്ചു നില്‍ക്കുന്നു സര്‍ക്കാര്‍ എഞ്ചിനീയറിംഗ്‌ കോളേജ്‌.കുറച്ചു കൂടി കിഴക്കോട്ടു മാറി ഞങ്ങളു രണ്ടു പേരോടും മുട്ടാനാരുണ്ടെടാ?? എന്നു ചോദിച്ച മാമുക്കോയയുടെ കീലേരി അച്ചുവിനെ പോലെ രാമവര്‍മ്മപുരം പോലീസ്‌ ക്യാമ്പ്‌.പിന്നെ വിയ്യൂരും ആനപ്പാറയിലുമായി രണ്ട്‌ ഷാപ്പുകള്‍,നടപ്പു ദൂരത്തിലായി രണ്ടു തീയറ്ററുകള്‍,രണ്ടു മൂന്നു ഹോട്ടലുകള്‍, ബീഡി,സിഗരറ്റ്‌,പാന്‍ വില്‍ക്കുന്ന കടകള്‍, ഭാവന ലേഡീസ്‌ സ്റ്റോര്‍,മില്‍മ അങ്ങനെ ഒരു പ്രൊഫഷണല്‍ കോളേജിനു വേണ്ടതായ എല്ലാ ഭൌതീക സാഹചര്യങ്ങളും ഒത്തിണങ്ങിയ ഭൂമിശാസ്ത്രം.

ഉച്ചയോടു കൂടി അഡ്മിഷന്‍ പരിപാടികളൊക്കെ തീര്‍ന്നു.പ്രീഡിഗ്രിക്കും സ്കൂളിലുമൊക്കെയായി കൂടെ പഠിച്ച ഒരുപാടു പേര്‍ പല ബ്രാഞ്ചുകളിലായി എത്തിയിട്ടുണ്ട്‌.മിക്കവരും താമസിക്കാനുള്ള സൌകര്യങ്ങളൊക്കെ നേരത്തെ തന്നെ റെഡിയാക്കിയിരുന്നു.നമ്മള്‍ അന്നും ഇന്നും ലാസ്റ്റ്‌ ബസ്സില്‍ ഓടി കയറുന്ന കൂട്ടത്തില്‍ പെട്ടതാണല്ലോ!!! അന്വേഷണത്തില്‍ കോളേജിന്‍റെ പരിസരപ്രദേശങ്ങളായ പള്ളിമൂല,വിയ്യൂര്‍ മുതലായ സ്ഥലങ്ങളിലെ എല്ലാ ഹോസ്റ്റലുകളും ഗിരിജയിലെ റിലീസിംഗ്‌ ഷോ പോലെ ഫുള്ളായിരുന്നു.ബ്ളാക്കിനു പോലും കിട്ടാനുണ്ടായിരുന്നില്ല.....പിന്നെ അടുത്ത ചോയ്സ്‌ ടൌണായിരുന്നു.അങ്ങനെയാണു തല ചായ്ക്കാന്‍ ഒരിടം തേടി കിഴക്കേക്കോട്ടയിലെത്തിയത്‌.ഞാന്‍ ഒറ്റക്കായിരുന്നില്ല കൂട്ടത്തില്‍ എന്‍റെ സ്കൂള്‍മേറ്റായിരുന്ന ആനന്ദും ഉണ്ടായിരുന്നു കിടപ്പാടം തേടിയുള്ള യാത്രയില്‍.ഒടുവില്‍ കപ്പ നട്ടിരിക്കുന്ന ഒരു പറമ്പിന്‍റെ പുറകിലായി തല ഉയര്‍ത്തി നില്‍ക്കുന്ന ഇരുനില കെട്ടിടം ശ്രദ്ധയില്‍ പെട്ടത്‌. മാര്‍ത്തോമാ മെന്‍സ്‌ ഹോസ്റ്റല്‍!!!

ഗെയിറ്റ്‌ കടന്നു ഉള്ളിലേക്കു നടക്കുമ്പോള്‍ ആദ്യം കാണുന്ന കിണറും പമ്പുഷെഡ്ഡും.ഹോസ്റ്റലിന്‍റെ വാതില്‍ തുറന്ന്‌ അകത്തു കയറിയാല്‍ ഒരു ചെറിയ ഹാള്‍.അവിടെ ഒരു പച്ച കളര്‍ മേശയുടെ പുറത്ത്‌ മനോരമ,മാത്രഭൂമി,ഹിന്ദു തുടങ്ങിയ പത്രങ്ങള്‍ കീറിപറിച്ചിട്ടിരിക്കുന്നു.അന്നത്തെ പാരായണം കഴിഞ്ഞതിന്‍റെ ലക്ഷണമാണെന്നു തോന്നുന്നു.ഹാളില്‍ നിന്നും രണ്ട്‌ വശങ്ങളിലേക്കുമായി കോറിഡോര്‍.കോറിഡോറിനിരുവശവുമായി മുറികള്‍.ഹാളില്‍ നിന്നും മുകളിലേക്കുള്ള ഗോവണി.മുകളില്‍ താഴത്തെ അതേ സെറ്റപ്പ്‌.ഹാളിന്‍റെ പുറകിലെ മുറിയില്‍ നിന്നും ഒരു വാതില്‍ ഉടമസ്ഥനായ പോളേട്ടന്‍റെ വീട്ടിലേക്കുള്ളതാണു.നമുക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാനൊരു കാളിംഗ്‌ ബെല്ലും.ബെല്ലടിച്ചു പോളേട്ടനോടു കാര്യം പറഞ്ഞു.മുറിയുടെ കാര്യം തീരുമാനമായി.മാസം നൂറ്റിമുപ്പത്തഞ്ചു രൂപ വാടക.ഒരു മുറിയില്‍ മൂന്നു പേര്‍.മൂന്നു കട്ടിലും മേശയും കസേരയും കൂടാതെ അറ്റാച്ച്ഡ്‌ ടോയ് ലറ്റും.ഭക്ഷണം പുറത്തു നിന്നും കഴിക്കണം.

അങ്ങനെ അടുത്ത ദിവസം പെട്ടിയും കിടക്കയുമൊക്കെയായി പൊറുതി തുടങ്ങി.അന്നേരം കോളേജിലുണ്ടായിരുന്ന എല്ലാ ബാച്ചുകളുടേയും പ്രതിനിധികള്‍ ആ സമയത്ത്‌ മാര്‍ത്തോമയിലുണ്ടായിരുന്നു.ആദ്യ വര്‍ഷക്കാരായി ഞങ്ങള്‍ പന്ത്രണ്ടു പേരാണുണ്ടായിരുന്നത്‌.മെക്കാനിക്കലില്‍ നിന്നു ഞാനും,ഗാന്ധിയും,മഹേഷും അടിപൊളിയും.കമ്പ്യൂട്ടറില്‍ നിന്നും ചേട്ടന്‍,അര്‍ജുന്‍,ജയരാജ്‌.ഇലക്ട്രിക്കലില്‍ നിന്നും ലുള്ളി,ഇലക്ട്രോണിക്സില്‍ നിന്നും ആട്ടോ,പ്രൊഡക്ഷനില്‍ നിന്നും ജെറി.കോതമംഗലം എഞ്ചിനീയറിംഗ്‌ കോളേജില്‍ നിന്നും അവതാരോദ്യേശം പൂര്‍ത്തീകരിക്കാനായി ട്രാന്‍സ്ഫര്‍ മേടിച്ചു രാജീവും,ടിജി അച്ചായനും കൂടി എത്തിയതോടെ കോറം തികഞ്ഞു. ഭക്ഷണം ആഴ്ചയുടെ ആദ്യ ദിവസം ഭാരതില്‍ നിന്നും പിന്നീടങ്ങോട്ട്‌ പപ്പേട്ടണ്റ്റെ ഡീലക്സും അവസാനം കഞ്ഞിയും ചുട്ട പപ്പടത്തിലുമെത്തുകയായിരുന്നു പതിവ്‌.അതു പോലെ തന്നെ വിത്സില്‍ തുടങ്ങി സിസറിലൂടെ ദിനേശ്‌ ബീഡിയിലേക്കും പിന്നെ കുറ്റി ബീഡിയിലേക്കും വെള്ളിയാഴ്ചയാകുമ്പോഴേക്കും എത്തിയിരുന്നു.

രാവിലെ ഏഴേമുക്കാലാകുമ്പോള്‍ കോളേജ്‌ ബസ്സു വരും, മിക്കവാറും എല്ലാവരും ഏഴുമണിയാകുമ്പോഴാണു പള്ളിയുറക്കമെണീല്‍ക്കുന്നത്‌.എന്നാലും ബസ്‌ വരുന്ന സമയത്ത്‌ എല്ലാവരും ക്രിത്യമായി സ്റ്റോപ്പിലെത്തിയിരിക്കും.കൂട്ടത്തില്‍ ഏറ്റവും ആദ്യം സ്റ്റോപ്പിലെത്തുക ലുള്ളി ആയിരിക്കും.കാരണം മറ്റൊന്നുമല്ല സഹമുറിയനായ അച്ചായന്‍ രാവിലെ എണീറ്റു തേച്ചു വെച്ചിരിക്കുന്ന അമേരിക്കന്‍ ജീന്‍സും നൈക്കിയുടെ ഷൂസുമൊക്കെ എടുത്തിട്ട്‌ അച്ചായന്‍ കുളി കഴിഞ്ഞിറങ്ങുന്നതിനു മുന്‍പ്‌ സ്ഥലം വിടണമല്ലോ!!മിക്കവാറും അച്ചായന്‍ തേക്കാത്ത പാണ്റ്റും ഷര്‍ട്ടും സ്ളിപ്പറുമായി വണ്ടി വിടാറാകുമ്പോള്‍ ഓടി കയറാറാണു പതിവ്‌.അങ്ങനെ അച്ചായന്‍ വാങ്ങുന്ന പുതിയ ഷര്‍ട്ടിനും ജീന്‍സിനും ഷൂവിനുമൊന്നും അച്ചായണ്റ്റെ പേരിലറിയപ്പെടാന്‍ ഒരിക്കലും ഭാഗ്യമുണ്ടായിട്ടില്ല. ബസ്സില്‍ നിന്നും ഇറങ്ങുമ്പോള്‍ ഇരുപത്തഞ്ചു പൈസയുടെ കൂപ്പണ്‍ കൊടുക്കണം.അതു മിക്കവാറും ഉണ്ടാകാറില്ല.

വെള്ളിയാഴ്ച രാവിലെ തന്നെ ആലുവാ,എറണാകുളം മുതലായ സമീപ രാജ്യങ്ങളിലെ പ്രജകളായ ഞങ്ങള്‍ കുറച്ചു പേര്‍ ഒരാഴ്ചത്തെ മുഷിഞ്ഞതുണികളൊക്കെ സഞ്ചിയിലാക്കിയായിരിക്കും കോളേജില്‍ പോകുന്നത്‌.അവിടെ നിന്നും വൈകുന്നേരം പാസഞ്ചറില്‍ കയറി വീടുകളിലേക്കും പിന്നീട്‌ തിങ്കളാഴ്ച രാവിലെ അതേ സഞ്ചിയില്‍ അടുത്ത ആഴ്ച മുഷിക്കേണ്ട തുണികളുമായി ബൊക്കറോ എക്സ്പ്രസ്സില്‍ വരുകയുമാണു പതിവ്‌.എന്നാലും മാര്‍ത്തോമയിലെ ഭൂരിപക്ഷം വരുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ സുല്‍ത്താന്‍ ബത്തേരി,കണ്ണൂര്‍,കോട്ടയം,മാവേലിക്കര,കോഴിക്കോടു പൌരന്‍മാരും ആഫ്രിക്കന്‍ രാജ്യമായ നീലേശ്വരം പൌരനായ ചേട്ടനും വെള്ളിയാഴ്ച പുറപ്പെട്ടാല്‍ അടുത്ത തിങ്കളാഴ്ച പോയിട്ടു പിന്നീടു വരുന്ന വെള്ളിയാഴ്ച പോലും തിരിച്ചെത്താന്‍ പറ്റില്ല എന്നറിയാവുന്നതു കൊണ്ട്‌ മുഷിഞ്ഞ തുണിയൊന്നും സഞ്ചിയിലാക്കാതെ അസൈന്‍മെണ്റ്റും ടെസ്റ്റ്‌ പേപ്പറും തരുന്ന സാറന്‍മാരെ ഒരു നിമിഷം ഓര്‍ത്ത്‌ കൈയോടെ ആ പണി തീര്‍ക്കലായിരുന്നു പതിവ്‌.
പുത്തന്‍ പുതിയ ബഫല്ലോ ജീന്‍സ്‌ വരെ ഒറ്റ അലക്കിനു കീറിയവരുണ്ട്‌.

എന്തായാലും അസൈന്‍മെണ്റ്റിണ്റ്റെ കാര്യത്തില്‍ ഞങ്ങള്‍ക്കു കുഴപ്പമില്ലായിരുന്നു.ഗാന്ധി ഏതെങ്കിലും ബുക്കൊക്കെ തപ്പി പിടിച്ച്‌ എഴുതി വെക്കുന്നത്‌ അതേപോലെ പകര്‍ത്തി വെച്ചാല്‍ മതി.എന്നാലും മെനക്കേടായിരുന്നു.കഴിവതും കോപ്പി അടിച്ചതല്ല എന്ന തോന്നലുണ്ടാക്കാനുള്ള തത്രപ്പാടേ!!!!അങ്ങനെ തോന്നലുണ്ടാക്കാന്‍ വേണ്ടിയായിരുന്നു ആദ്യവര്‍ഷത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്‌ ഭാഷയായ ഫോര്‍ട്രാന്‍ അസൈന്‍മണ്റ്റ്‌ ഗാന്ധി കാപ്പിറ്റല്‍ അക്ഷരത്തില്‍ എഴുതിയപ്പോള്‍ ഒരു ചെയിഞ്ചിനു വേണ്ടി സ്മോള്‍ ലെറ്ററില്‍ എഴുതി കൊടുത്തത്‌.പക്ഷെ അതൊരു അമ്മാതിരി ചെയിഞ്ചായിരിക്കുമെന്നു ഞാന്‍ കരുതിയിരുന്നില്ല.പറഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ലാ എന്നു തോന്നിയട്ടോ അതോ കോപ്പിയടിയില്‍ ഇതു പോലൊരു വെറൈറ്റി കാണാന്‍ അവസരം കിട്ടാഞ്ഞിട്ടോ മറ്റോ ആണെന്നു തോന്നുന്നു കെ.ബി സാര്‍ അതിനെ അതിണ്റ്റെ പാടിനു വിട്ടു.

എട്ടര മുതല്‍ മൂന്നര വരെയാണു ക്ളാസ്‌.ഉച്ചക്കൊരു മണിക്കൂറ്‍ ലഞ്ച്‌ ഇണ്റ്റര്‍വെല്‍.ഉച്ചക്ക്‌ ഒന്നുകില്‍ ജോസേട്ടണ്റ്റെ കാണ്റ്റീന്‍ അല്ലെങ്കില്‍ കോളേജിണ്റ്റെ മതില്‍ ചാടിക്കടന്നു കാവേരിയുടെ മുന്‍പിലൂടെ അപ്പു ചേട്ടണ്റ്റെ കടയില്‍ വാഴയിലയില്‍ കിട്ടുന്ന ചോറും സാമ്പാറും മോരും അച്ചാറും പപ്പടവും.ഒരിക്കല്‍ ഊണു കഴിക്കുന്നതിണ്റ്റെ ഇടയില്‍ താവു,
"അപ്പു ചേട്ടാ കുറച്ചു പിക്കിളിങ്ങിടുത്തേ" എന്നു പറഞ്ഞപ്പോള്‍
"ഓ! അതൊന്നും ഈ കടയില്‍ കിട്ടില്ല മോനേ" എന്നായിരുന്നു അച്ചാറും വിളമ്പികൊണ്ടിരുന്ന അപ്പു ചേട്ടന്‍ പറഞ്ഞത്‌.

മൂന്നരക്കു ക്ളാസ്‌ വിട്ടു നേരേ പപ്പേട്ടണ്റ്റെ ഡീലക്സ്‌,പഴമ്പൊരി,സുഖിയന്‍,പരിപ്പുവട അല്ലെങ്കില്‍ ബോംബ്‌ ഇതായിരുന്നു നാലു മണി മെനു.അതു കഴിഞ്ഞാല്‍ നേരെ ടെറസിണ്റ്റെ മുകളില്‍ വണ്‍ ബൌണ്‍സ്‌ ക്രിക്കറ്റ്‌.ഏഴരയാകുമ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞു അടുത്ത പരിപാടി,മിക്കവാറും അതു സെക്കണ്റ്റ്‌ ഷോ ആകാറാണു പതിവു.സിനിമയില്ലെങ്കില്‍ മാത്രം ചീട്ടു കളി.ഞങ്ങളില്ലാതിരികുന്ന വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ കണ്ടുവെക്കുന്ന ഏറ്റവും ബോറന്‍ സിനിമകള്‍, ഇനി ആരെങ്കിലും സ്പോണ്‍സര്‍ ചെയ്താല്‍ പോലും സഹിക്കാന്‍ പറ്റാത്ത സിനിമകള്‍, ഉഗ്രന്‍ സിനിമകളായി അവതരിപ്പിച്ചു വേണ്ടി വന്നാല്‍ സ്പോണ്‍സര്‍ ചെയ്തു കൊണ്ടു പോയി കാണിക്കലായിരുന്നു ആട്ടോയുടെ ഹോബി.അങ്ങനെ ആട്ടോ കൊണ്ടു പോയ ചിരഞ്ചീവി സിനിമയായ "തങ്കമലൈതിരുടന്‍" ആണു ചേട്ടന്‍ പ്രസിഡണ്റ്റായ ചിരഞ്ചീവി ഫാന്‍സ്‌ അസോസിയേഷന്‍(സി.എഫ്‌.എ)എഞ്ചിനീയറിംഗ്‌ കോളേജ്‌ യൂണിറ്റിനു തുടക്കമായത്‌.

അങ്ങനെ സുഖസുന്ദരമായി ഒന്നാം വര്‍ഷം ഓടികൊണ്ടിരുന്നു.ഏപ്രില്‍-മെയ്‌ അവധിക്കാലം കേരളത്തിലെ പാറശാല മുതല്‍ തിരോന്തരം വരെയുള്ള എഞ്ചിനീയറോ ഡോക്ടറോ ആവാന്‍ വേണ്ടി കാത്തിരിക്കുന്ന അന്നത്തെ പ്രീഡിഗ്രിക്കരും ഇന്നത്തെ പ്രീ ഇല്ലാത്ത പ്ളസ്‌ ടു ക്കാരും,ആലുവാ ശിവരാത്രി പോലെ ഒത്തുകൂടുന്ന സ്ഥലമായിരുന്നു കിഴക്കേക്കോട്ട.കാരണം മറ്റൊന്നുമല്ല പി.സി.തോമസ്സിണ്റ്റെ എണ്റ്റ്രന്‍സ്‌ കോച്ചിംഗ്‌ ക്ളാസ്‌.ശിവരാത്രി സമയത്ത്‌ ആലുവായില്‍ അല്‍-ബദരിയ ഹോട്ടല്‍ ശിവശക്തിയാകുന്ന പോലെ ഈ സമയമാകുമ്പോള്‍ സമീപത്തുള്ള ഹോസ്റ്റലുകളും ലോഡ്ജുകളും രൂപവും ഭാവവുമൊക്കെ ഒന്നു മാറും.മാര്‍ത്തോമയിലും രണ്ട്‌ നിലകളിലായുള്ള നാലു ഡോര്‍മെട്രികളില്‍ ഈ സമയമാകുമ്പോള്‍ കട്ടിലുകളുടെ എണ്ണം കൂടും.

അങ്ങനെ ഭാവി എഞ്ചിനീയര്‍മാരുടേയും ഡോക്ടര്‍മാരുടേയും രക്ഷിതാക്കള്‍ വര്‍ത്തമാനകാല താമസത്തിനായി സ്ഥലം അന്വേഷിച്ചു നടക്കുന്ന ഒരു മാര്‍ച്ചു മാസം.സമരമോ മറ്റോ മൂലം ക്ളാസ്സില്ലാതെ ഞങ്ങള് നേരത്തെ ഹോസ്റ്റലിലില്‍ എത്തി.വൈകുന്നേരമായിരുന്നെകില്‍ ക്രിക്കറ്റ്‌ കളിക്കാമായിരുന്നു.പുറത്തിറങ്ങാതെ കളിക്കാന്‍ പറ്റിയ ഒരു കളി അവിടെ ഉള്ളത് ടേബിള്‍ ടെന്നീസായിരുന്നു.ഞാന്‍ നേരത്തെ പറഞ്ഞ പച്ച മേശ ടേബിള്‍ ടെന്നീസു കളിക്കുന്നതാണെന്നും ലോകത്ത്‌ ഇങ്ങനെ ഒരു കളിയുണ്ടെന്നും ഞാന്‍ നല്ലപ്പഴാണറിയുന്നത്‌.എന്തായാലും ആ കളി പന്ത്രണ്ട്‌ പേര്‍ക്കു കളിക്കാന്‍ പറ്റാത്തതു കൊണ്ട്‌ "സാറ്റ്‌" കളിക്കാന്‍ തീരുമാനമായി.താഴെ ഹാളിലാണു കണ്ണുപൊത്തി എണ്ണേണ്ടത്‌.ഹോസ്റ്റലിണ്റ്റെ രണ്ടു നിലകളിലായി എവിടെ വേണമെങ്കിലും ഒളിക്കാം.പുറത്തു ഒളിക്കാന്‍ പാടില്ല. അങ്ങനെ നിയമങ്ങള്‍ക്കനുസ്രതമായി കളി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.പെട്ടെന്നാണു രണ്ട്‌ നേരത്തെ പറഞ്ഞ രക്ഷിതാക്കള്‍ റൂമന്വേഷിച്ചു വന്നത്‌.സാറ്റ്‌ കളിക്കുന്ന മല്ലന്‍മാരെ കണ്ട്‌ ഹോസ്റ്റലിനെ പറ്റിയുള്ള അവരുടെ ഇമേജ്‌ ഇടിഞ്ഞോ എന്തോ? അവരെ പോളേട്ടണ്റ്റെ വീട്ടിലേക്കുള്ള ബെല്ലിലേക്കു നയിക്കുമ്പോള്‍ ചോദിച്ച ചോദ്യത്തിനു മറുപടിയായി എഞ്ചിനീയറിംഗ്‌ സ്റ്റുഡെണ്റ്റ്സ്‌ ആണെന്നു പറഞ്ഞതോടെ, ഡോക്ടറായില്ലെങ്കിലും തങ്ങളുടെ മക്കളെ എഞ്ചിനീയറാക്കണോ എന്നൊരു സംശയം ബാക്കി നില്‍ക്കുന്ന പോലെയായിരുന്നു അവരുടെ മുഖഭാവമപ്പോള്‍.അവരെ ബെല്ലടിക്കാനും ബാക്കി കാര്യങ്ങള്‍ക്കുമായി വിട്ടു കൊടുത്ത്‌ ഞങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ കളി തുടര്‍ന്നു.

ബെല്ലടിച്ചു വാതില്‍ തുറന്നതു മിസ്സിസ്സ്‌ പോളേട്ടനായിരുന്നു.കാര്യം ഗ്രഹിച്ച ആണ്റ്റി ഹോസ്റ്റലിണ്റ്റെ ഗുണഗണങ്ങളെ കുറിച്ചു ആഗതര്‍ക്കായി ഒരരമണിക്കൂറ്‍ ക്ളാസെടുത്തു.കോച്ചിംഗ്‌ ക്ളാസ്സില്‍ നിന്നും ഏറ്റവും അടുത്തുള്ള ഹോസ്റ്റല്‍,ശാന്തവും സമാധാനപരവുമായ അന്തരീക്ഷം,ഇനി ക്ളാസ്സ്‌ കഴിഞ്ഞു വന്നാല്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ക്ളിയര്‍ ചെയ്യാന്‍ ലിവിംഗ്‌ എന്‍സൈക്ളോപീഡിയകളായ എല്ലാ ബാച്ചുകളിലേയും പ്രതിനിധികള്‍.അങ്ങനെ ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിതാണു അതിതാണു ഇതു മാത്രമാണു എന്ന നിലയിലെത്തിയപ്പോള്‍ ആഗതര്‍ മുറി കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്‌.താക്കോല്‍ കൂട്ടവുമായി ആണ്റ്റി മുന്‍പിലും ആഗതര്‍ പിന്നിലുമായി ഹാളിലേക്കു വരുമ്പോള്‍ ജെറി സാറ്റ്‌ എണ്ണിതുടങ്ങുകയും ബാക്കിയുള്ളവര്‍ ഒളിക്കാന്‍ ഓടുന്ന കാഴ്ചയുമായിരുന്നു കണ്ടത്‌.നേരത്തെ പറഞ്ഞിരുന്ന ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തിണ്റ്റെ നേര്‍വിപരീതമായതിനാല്‍ നാഗവല്ലിയാകാന്‍ തയ്യാറെടുക്കുന്ന ഗംഗയെ പോലായ ആണ്റ്റി ഒരു വിധത്തില്‍ കണ്ട്രോള്‍ ചെയ്തു.റൂം കാണിക്കാന്‍ തുടങ്ങുമ്പോള്‍ ആണു ആഗതര്‍ ഡോര്‍മെട്രിയുടെ ചുമര്‍ ശ്രദ്ധിച്ചത്‌,ഡോര്‍മെട്രിയുടെ ചുമര്‍ ഒന്നര ആള്‍ പൊക്കത്തില്‍ മരത്തിണ്റ്റെ പാര്‍ട്ടീഷനായിരുന്നു ചെയ്തിരുന്നത്‌.അതിണ്റ്റെ മുകളിലേക്കുള്ള ഭാഗം തുറന്നു തന്നെ കിടന്നിരുന്നു.
"ഇതെന്താണു തുറന്നു കിടക്കുന്നത്‌? ഇവിടെ എന്തു സെക്യൂരിറ്റിയണുള്ളത്‌?" തുടങ്ങിയ ആഗതരുടെ ചോദ്യങ്ങള്‍ക്ക്‌ ആണ്റ്റിയുടെ വകയായി നേരത്തെ പറയാന്‍ വിട്ടു പോയ പ്രധാന ഗുണമായ സെക്യൂരിറ്റി സിസ്റ്റത്തെ കുറിച്ചു അഞ്ചു മിനിട്ട്‌ പ്രഭാഷണം.ഇതിനിടയില്‍ എണ്ണിതീര്‍ത്ത ജെറി ആളുകളെ അന്വേഷിച്ചു നടപ്പായി തുടങ്ങിയിരുന്നു.

"നിങ്ങളുടെ എന്തു സാധനങ്ങളും അതിനി എത്ര വിലപിടിപ്പുള്ളതായാലും ശരി അതിവിടെ സുരക്ഷിതമായിരിക്കും,അതു മാത്രമല്ല നിങ്ങളോടനുവാദം ചോദിക്കാതെ ഒരീച്ച പോലും ഈ മുറിയില്‍ കയറില്ല!!" എന്നൊക്കെ പറഞ്ഞ്‌ മണിച്ചിത്രത്താഴ്‌ തുറന്ന ആണ്റ്റിയേയും ആഗതരേയും ഞെട്ടിച്ചു അടഞ്ഞുകിടന്ന ഡോര്‍മെട്രിയിലെ കട്ടിലിണ്റ്റെ അടിയില്‍ നിന്നും പൊടിയും തട്ടി ഇറങ്ങിവന്ന ആട്ടോ, ക്രിഷ്ണഗുഡിയില്‍ കഴുതപ്പുറത്ത്‌ നിന്നിറങ്ങുന്ന മഞ്ചുവാര്യരെ പോലെ ഒരുചിരിയും ചിരിച്ച്‌ നേരേ ഹാളിലെക്കു പോയി അടുത്ത സാറ്റിനു വേണ്ടി എണ്ണിത്തുടങ്ങി.

നേരത്തെ കഷ്ടപെട്ടു കണ്ട്രോള്‍ ചെയ്ത നാഗവല്ലി ഇപ്രാവശ്യം കൈവിട്ടു പോയതിനാല്‍ ആഗതരോടായി ആണ്റ്റി അലറി
"ഇവിടെ റൂമൊന്നും ഒഴിവില്ല "

5 comments:

Anonymous said...

Mone Kollam

Anup

puTTuNNi said...

കൊള്ളാം മാഷേ..
ഇതു പണ്ടത്തെ രഹസ്യങ്ങളുടെ ചുരുളുകള്‍ അഴിക്കുന്നതിന്റെ ആദ്യത്തെ സ്റ്റെപ്പ് ആണെന്ന് കരുതുന്നു...
ഫോര്‍ട്രാന്‍ കണ്ടുപിടിച്ചവന്റെ തലയില്‍ ഇടിത്തീ വീണിട്ടുണ്ടാകും...

Anonymous said...

Cycle, good. As a defensive tactic, many may start writing now.

Satish

Anonymous said...

Anileee..Valare nannayittundu.

Thought I will give you a thread that you can develop into another funny post...happened at the TSR railway station...where our "hero" gets caught by the TTE for travelling with no ticket and the unique strategy that he uses to get out of it.(Hint: Tears were involved).

അനില്‍ ആദിത്യ said...

അനൂപേ, നന്ദി
പുട്ടുണ്ണി, ചുരുളഴിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല..എല്ലാം നിവര്ന്നു തന്നെ കിടപ്പുണ്ട്.
പഞ്ചാര, അങ്ങനെയാണെങ്കില് പല കോളെജ് രഹസ്യങ്ങളും വെബില് പാട്ടാകും...
രാജീവ്, ആത്മകഥ എഴുതുമ്പോള് ആ എപ്പിസോഡ് ചേര്ക്കാം..