എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷം.പൊതുവെ അവസാന വര്ഷക്കാര് ഘടാഘടങ്ങളായ തീരുമാനങ്ങളൊക്കെ
എടുത്ത് ഒതുങ്ങി കൂടുന്ന കാലം.സപ്ലി,ക്രിട്ടി,മേഴ്സി തുടങ്ങി പിന്നീടങ്ങോട്ട് അവരവര്‍ക്ക് തോന്നിയ പേരിട്ടു വിളിക്കുന്ന കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ പേപ്പറുകള്‍ ക്ലിയര്‍ ചെയ്യലായിരുന്നു പ്രധാന പണി. എന്തൊക്കെയാണെങ്കിലും പേരിടുമ്പോള്‍ കഴിവതും പെണ് പേരുകളാകാന് എല്ലാവരും ശ്രദ്ധിച്ചിരുന്നു.ഇന്നു റീത്ത, കത്രീന തുടങ്ങി ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്ന പോലെ അന്നും കഴിവതും ദുരന്തങ്ങള്‍ സ്ത്രീ നാമങ്ങളില്‍ തന്നെയാണ് അറിയപ്പെട്ടിരുന്നത്.പേപ്പര്‍ ക്ലിയര്‍ ചെയ്യുന്നതിന്റെ ആദ്യപടിയായിരുന്നു ഏഴാം സെമെസ്റ്റെര് തുടക്കത്തിലെ ഉള്ള ഹോസ്റ്റല്‍ റൂം ഷഫ്ലിംഗ്.അവരവരുടെ റെയിഞ്ചിലുള്ള ബാക്ക് പേപ്പറുള്ള സഹമുറിയനേയും കൂട്ടി "എ" ഹോസ്റ്റലില്‍ ചേക്കേറാറാണ് പതിവ്.പേരു കേട്ടു തെറ്റിദ്ധരിക്കുകയൊന്നും വേണ്ട. അശ്വതിയെന്നോ, കാര്ത്തികയെന്നോ മറ്റോ ഹോസ്റ്റലിന്റെ നെറ്റിയില്‍ എഴുതി വെച്ചിട്ടുണ്ടെങ്കിലും ആ പേരു പറഞ്ഞാല്‍,പണ്ടു തക്കാളിയുടെ അമ്മ ഹോസ്റ്റലില്‍ വന്നു ബി-45 ലെ പ്രദീപിനെ അന്വേഷിച്ചപ്പോള്‍, കാമന് അങ്ങനെ ഒരാള്‍ ആ റൂമിലില്ലെന്നു പറഞ്ഞ പോലെയായിരിക്കും മറുപടി കിട്ടുക.
മൂന്നു നിലകളിലായി സദാ സമയവും വിമലയിലേക്കും പിന്നെ നമ്മുടെ കോളേജിലേക്കും പോകുന്ന പെണ്‍കുട്ടികളെ നോക്കി നില്ക്കാവുന്ന രീതിയിലുള്ള കണ്‍സ്ട്രക്ഷന്‍.ഹോസ്റ്റലിന്റെ മുന്‍പിലായി മുള്ളുവേലി കെട്ടി അടച്ച ഒരു പൂന്തോട്ടം.അതിന്റെ ഉള്ളില്‍ ഒരിക്കലും വെള്ളം വറ്റാത്ത ഒരു കുളം. പൂന്തോട്ടത്തിന്റെ വലതുവശത്തായി വോളിബോള്‍ കോര്‍ട്ട്.ടെറസിലും ചുറ്റുവട്ടത്തുമായി നാലു പേര്‍ക്ക് നില്ക്കാന് പറ്റുന്ന സ്ഥലങ്ങളിലുള്ള അസംഖ്യം ക്രിക്കറ്റ് ഗ്രൗണ്ടുകള്‍.ഇതായിരുന്നു അന്നത്തെ "എ" ഹോസ്റ്റല്‍.
സമയത്തും അസമയത്തുമായി വെള്ളം നിന്നു പോകുന്ന ഹോസ്റ്റലില്‍ മുട്ടുശാന്തിക്കുള്ള വകുപ്പായിരുന്നു പ്രസ്തുത കുളം.ഒരിക്കല്‍ ഒരു പകലില്‍ കുളിക്കാന്‍ തോര്‍ത്തുമുടുത്ത് ബക്കറ്റുമായി കുളിമുറിയിലെത്തിയ മാമു,പൈപ്പിലൂടെ കാറ്റു വരുന്നത് കണ്ടു, ആസ് യൂഷ്വല്‍ ചെയ്യാറുള്ള പോലെ വാര്‍ഡനെ തെറിയും പറഞ്ഞു ഉടുത്തിരുന്ന തോര്ത്തൂരി കുളി കഴിഞ്ഞ പോലെ തോര്‍ത്തി റൂമിലേക്ക് പോകാതെ ഇന്നു രണ്ടാലൊന്നറിഞ്ഞിട്ടു തന്നെ കാര്യം എന്ന് തീരുമാനിച്ചു വേലി ചാടി കടന്നു കുളക്കരയിലെത്തി.രണ്ടു മഗ് വെള്ളം തല വഴി ഒഴിച്ച് കഴിഞ്ഞപ്പോളാണ് മാമു ഞെട്ടലോടെ ആ കാഴ്ച കണ്ടത്.തന്റെ ക്ലാസ്സിലെ രണ്ടു പെണ്‍കുട്ടികള്‍ ഹോസ്റ്റലിലേക്ക് നടന്നു വരുന്നു.കാര്യം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റ്റല്‍ ആണെങ്കിലും ഓഫീസ് ഒന്നേ ഉണ്ടായിരുന്നുള്ളൂ.തിരിച്ചാവാതിരുന്നതു ആരോ ദീര്‍ഘവീക്ഷണത്തോടെ ചെയ്തതായിരിക്കും.എന്തായാലും മാനം കപ്പല്‍ കയറാന്‍ പോകുന്നു എന്ന തിരിച്ചറിവില്‍ മാമുവിന്റെ ക്രൈസിസ് മാനേജ് മെന്റ് കിഡ്നി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.ഓടിയാല്‍ അവരുടെ മുന്പില് തന്നെ ചെന്നു ചാടും.പിന്നെയോ???
ഹോസ്റ്റലിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് അവരിലൊരാളുടെ ശ്രദ്ധ കുളക്കരയില്‍ പതിഞ്ഞത്.
"ദേഡീ.. ആ മീന്‍ പിടിക്കാനിരിക്കുന്ന ആളിന്റെ പ്രതിമ നോക്കിയേ,നമ്മുടെ മാമുവിന്റെ ഛായയില്ലെ!!!!"
ഞങ്ങളെന്തായാലും "എ" ഹോസ്റ്റലിന് പകരം "ഡി" യില്‍ ചേക്കേറാം എന്ന് തീരുമാനിച്ചു.ഞാനും സജാദും ഒരു റൂമില്‍,നാരായണനും ചിപ്പുവും ഒരു റൂമില്‍. നന്ദന് കൂട്ടായിട്ട് ആരെയും കിട്ടാത്തത് കൊണ്ടു അവന് ഒറ്റക്കൊരു റൂമില്‍. അങ്ങനെ എല്ലാം സെറ്റപ്പ് ആക്കിയിരിക്കുമ്പോഴാണ് തൊട്ടടുത്ത മുറിയില്‍ നന്ദനെ പോലെ വേറെ കൂട്ടൊന്നും കിട്ടാതെ ഒറ്റയാനായി "ഒടുവില്‍ " വന്നത്.സത്യത്തില്‍ ഞങ്ങളെടുത്ത റെസലൂഷന്സില് ബാക്ക് പേപ്പറുകള്‍ ക്ലിയര്‍ ചെയ്യുന്നതോടൊപ്പം പ്രാധാന്യം കൊടുത്തതായിരുന്നു "ഫ്ലാഷ്" കളി നിര്‍ത്തണമെന്നത്.അത് കൊണ്ടാണ് ഷാഫിയും ജോണുമൊക്കെ "എ" മെമ്പറായപ്പോള് ഞങ്ങള്‍ "ഡി" യില്ലേക്ക് പോന്നത്.അപ്പോഴാണ് ആ കൂട്ടത്തിലെ സ്ഥിരം ക്ഷണിതാവായ ഒടുവില്‍ ഞങ്ങളുടെ ഇടയിലേക്ക് വരുന്നത്.
ഫൈനല്‍ ഇയര്‍ റെസലൂഷനായി ഞങ്ങളെടുത്തവയില് മറ്റു പ്രധാന പെട്ട കാര്യങ്ങള്‍ ,ഇപ്രാവശ്യമെങ്കിലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ സഹായമില്ലാതെ പരീക്ഷ എഴുതും.മിനിമം സെഷന് മാര്‍ക്ക് വാങ്ങും,ഇതിന് മുന്‍പും വാങ്ങണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടായിരുന്നില്ല പക്ഷെ കൊടുക്കണമെന്ന് സാറന്മാര്ക്കും തോന്നണ്ടേ!!!!.ഉച്ചക്ക് ഊണ് കഴിക്കാന്‍ മെസ്സില്‍ പോയാല്‍ ഊണ് കഴിഞ്ഞു റൂമില്‍ പോയി കിടന്നുറങ്ങാതെ തിരിച്ചു കോളേജിലേക്ക് വരും.തിയറി ക്ലാസ് കട്ട് ചെയ്താലും ലാബ് കട്ട് ചെയ്യരുത്,കാരണം ലാബ് കട്ട് ചെയ്താല്‍ മൂന്നു മണിക്കൂറു പോകും. റെക്കോര്‍ഡ് ബുക്കില്‍ മാഷന്മാരെ കൊണ്ടു തന്നെ ഒപ്പിടീപ്പിക്കും. അല്ലെങ്കില്‍ പിന്നെ മൂന്നാം സെമസ്റ്റര്‍ ഇലക്ട്രിക്കല്‍ ലാബില്‍ അന്തോണിയുടെ റെക്കോര്‍ഡ് മറിച്ചു നോക്കിയ മേഴ്സി ടീച്ചര്‍ ഒരു പേജ് നിറയെ സ്വന്തം ഒപ്പിട്ടു പഠിച്ചിരിക്കുന്നത് കണ്ടു "നീയൊന്നും ജന്മമുണ്ടെങ്കില് ഈ ലാബ് പാസാകാന്‍ പോകുന്നില്ല" എന്ന് യാതൊരു മേഴ്സിയുമില്ലാതെ അനുഗ്രഹിച്ച പോലെ അനുഗ്രഹങ്ങള്‍ വാങ്ങേണ്ടി വരും.
അങ്ങനെ താമസം മാത്രം "ഡി" യിലും ബാക്കി പരിപാടികളൊക്കെ പഴയപടിയും തുടര്‍ന്നു കൊണ്ടേയിരുന്നു. കഴിഞ്ഞ ദിവസം കുവൈറ്റില്‍ വെച്ച് ആ കാലഘട്ടത്തെ കുറിച്ചു ചര്‍ച്ച വന്നപ്പോള്‍ "ഒടുവില്‍" ഞാന്‍ രാവിലെ കുളിക്കാനായിട്ടു സോപ്പ് അന്വേഷിച്ചു അവന്റെ റൂമില്‍ ചെല്ലുമെന്ന് പറഞ്ഞതു ഞാനങ്ങ് സഹിച്ചു.പക്ഷെ അവന്റെ "പീയേഴ്സ്" സോപ്പ് എടുത്തു കൊണ്ടുപോകുമെന്ന് പറഞ്ഞത് എനിക്ക് തീരെ പിടിച്ചിട്ടില്ല.
അതിന്റെ ഇടയിലാണ് മനസമാധാനം കെടുത്താന്‍ പുതിയൊരു സാധനം എത്തിയത്.ഒറ്റ നമ്പര്‍ ലോട്ടറി.തിരക്കഥയും സംവിധാനവും നന്ദന്റെ വകയായിരുന്നു.ഒരു നമ്പര്‍ തന്നെ അടിച്ചില്ലെങ്കില്‍ പിറ്റേ ദിവസം ഇരട്ടിയാക്കി അങ്ങനെ പതിനഞ്ചു ദിവസമോ മറ്റോ പോയാല്‍ ലാഭവും പിന്നീട് നീണ്ടു പോയാല്‍ നഷ്ടവും വരുന്ന ഒരു ഗ്രാഫൊക്കെ ഉണ്ടാക്കി കളി തുടങ്ങി.ഇമ്മാതിരി തല തിരിഞ്ഞ പരിപാടികള്‍ക്കൊക്കെ തല പുകക്കുന്ന പരിപാടികളൊക്കെ നന്ദന്റെ വകയായിരുന്നു.സൈനിക സ്കൂളില്‍ നിന്നു പഠിച്ചു പുറത്തിറങ്ങിയ മുതലാണ്.സൈന്യത്തിലെങ്ങാനും ചേര്ത്തിരുന്നെങ്കില് അവന് ഇന്ത്യയെ തന്നെ മറിച്ചു വിറ്റേനെ..എന്തായാലും ആദ്യ കളിയോടെ ഞാനീ പരിപാടി വിട്ടു.ഒറ്റയ്ക്ക് കളി തുടങ്ങിയ സജാദ് അഞ്ചു ദിവസം അടിക്കാതായപ്പോള് ആറാം ദിവസത്തെ ടിക്കറ്റ് ഒടുവിലിന് മറിച്ചു വിറ്റതും അന്ന് തന്നെ കൃത്യമായി അതടിക്കുകയും ചെയ്തപ്പോള്‍ ,കടിഞ്ഞൂല്‍ കല്യാണത്തിലെ ജഗതി ലോട്ടറി മറിച്ചു വിറ്റതിനു ഒന്നാം സമ്മാനമടിച്ചപ്പോള് വീണ പോലെ കുറച്ചു നേരം റൂമില്‍ കിടന്നുറങ്ങുകയും പ്രതിഷേധാത്മകമായി മെസ്സിലെ ചപ്പാത്തിയും ബീഫും വേണ്ടെന്നു വെക്കുകയും ചെയ്തു.ഞങ്ങളാണെങ്കില് അതും കൂടാതെ രാത്രി വിയ്യൂര്‍ കൃഷ്ണയുടെ മുമ്പിലുള്ള തട്ട് കടയില്‍ നിന്നും ബണ്ണും ഓംലറ്റും ഒടുവിലാന്റെ ചെലവിലടിച്ചു.
ഏഴാം സെമെസ്റ്ററ് പരീക്ഷയുടെ സ്റ്റഡിലീവ് തുടങ്ങി.ഞങ്ങളുടെ കമ്പയിന് സ്റ്റഡിയും.എന്ന് വെച്ചാല്‍ കാലത്ത് ഏഴു മണിക്കെഴുന്നേറ്റാലുടനെ പല്ലു തേച്ചു മെസ്സിലേക്ക്.തിരിച്ചു വന്നു പത്രപാരായണം,അന്നത്തെ വാര്ത്തകളിന്മേലുള്ള ചര്‍ച്ച,കുളി.എല്ലാം കഴിയുമ്പോള്‍ പത്തു മണി.പത്തു മുതല്‍ പന്ത്രണ്ടു വരെ പഠിക്കാനിരിക്കല്.പന്ത്രണ്ടിന് വീണ്ടും മെസ്.ഉച്ചയുറക്കം,നാലു മണിക്ക് വീണ്ടും മെസ്,അവിടെ നിന്നും ക്രിക്കറ്റ് കളി.ഏഴു മണിക്ക് വീണ്ടും മെസ്. കുളി, ജപം ഒക്കെ കഴിഞ്ഞു പത്തു മണിയോടെ പഠിക്കാനിരുന്നാല് പതിനൊന്നു മണിയാകുമ്പോഴേക്കും ഉറക്കം.എല്ലാം കൂടി നോക്കിയാല്‍ ദിവസം രണ്ടു മണിക്കൂര്‍ പോലും പഠിക്കുന്നില്ല എന്ന തിരിച്ചറിവ് നന്ദനെ വീണ്ടും മൂല കാരണങ്ങള്‍ തപ്പി ഇറക്കി.അവസാനം ശ്രീ ബുദ്ധന് ആലിന് ചുവട്ടില്‍ ഇരുന്നപ്പോള്‍ ബോധമുണ്ടായ പോലെ "ഡി" മിഡിലില് ഇരുന്നു മഹത്തായ ആ കണ്ടുപിടുത്തം പേറ്റന്റ്റൊന്നുമെടുക്കാന് മെനക്കെടാതെ സമക്ഷം തുറന്നു. ഉറക്കമാണത്രേ മൂല കാരണം ഉറക്കം നാം ഉപേക്ഷിക്കുകയാണെങ്കില്‍ എല്ലാം ശരിയാകും....നടന്നത് തന്നെ....ഇല്ല നടക്കില്ല അതുകൊണ്ട് തന്നെ ഉറക്കം ഉഴിവാക്കാനായി അവനൊരു പുതിയ മരുന്നും കണ്ടുപിടിച്ചു.
വിജു വര്‍മ ഗോവയില്‍ പോയി വന്നപ്പോള്‍ കൊണ്ടുവന്ന ഒരു കുപ്പി റം കഴിഞ്ഞ ഒരു കൊല്ലമായി ആരാലും സേവിക്കപ്പെടാതെ ഒരു മൂലയില്‍ കിടന്നിരുന്നു. അതില്‍ സമാസമം കട്ടന്‍ ചായയും ചേര്‍ത്ത് അടിച്ചാല്‍ ഉറക്കം പമ്പ കടക്കുമത്രേ!!.പമ്പ കടന്നില്ലേലും പള്ളിമൂലയെങ്കിലും കടന്നാല്‍ മതിയായിരുന്നു. അങ്ങനെ നന്ദന്റെ സ്വന്തം ഡിസ്റ്റിലറിയില്‍ ബ്ലെന്റ്റിങ്ങും മിക്സിങ്ങും നടത്തി മരുന്ന് റെഡിയായി.പക്ഷെ സാധനം സേവിക്കാന്‍ ആര്‍ക്കും ധൈര്യം പോര.കാരണം ആ സമയത്ത് പരിചയമുള്ള അടിച്ചാല്‍ തലയും കുനിച്ചിരിക്കേണ്ടി വരുന്ന മണവാട്ടി,മൂന്നാം ദിവസം കെട്ട് വിടുന്ന യേശുക്രിസ്തു മുതലായവ പോലെ അല്ലിത് ചിലപ്പോള്‍ കോളേജിനൊരവധി വരെ കിട്ടാന്‍ ചാന്‍സുണ്ട്. അവസാനം ആ റിസ്കും നന്ദന് തന്നെ ഏറ്റെടുത്തു.ഒരേ ഒരു ലാര്‍ജ് ജഗതി സ്റ്റൈലില്‍ വലിച്ചു തൊട്ടു കൂട്ടാന്‍ ഒന്നുമില്ലാത്തത് കൊണ്ടു തല്ക്കാലം കാല്കുലേറ്ററില് അഡ്ജസ്റ്റ് ചെയ്തു ഗുരുവായൂര്‍ ആനയോട്ടത്തിനു റെഡിയാകുന്ന രാമന്‍കുട്ടിയെ പോലെ നന്ദന് തല കുലുക്കി പുസ്തകം തുറന്നു.ഷെയര്‍ ചെയ്യാന്‍ ഒരാള്‍ കുറവായത് കൊണ്ടാണോ എന്നറിയില്ല അന്ന് പതിവില്ലാതെ നേരത്തെ തന്നെ ഉറക്കം ഞങ്ങളെ ആക്രമിക്കുകയും ഞങ്ങളാണെങ്കില് ഇപ്പോള്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ പോലെ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ കീഴടങ്ങുകയും ചെയ്തു.
പിറ്റേദിവസം രാവിലെ ഞങ്ങള്‍ വന്നു നോക്കുമ്പോള്‍ നന്ദന് കുളിയൊക്കെ കഴിഞ്ഞു പേപ്പര്‍ വായിച്ചിരിക്കുകയായിരുന്നു.തലേ ദിവസം തീരെ ഉറങ്ങിയല്ലത്രേ, മരുന്ന് ഫലം കണ്ടു. പക്ഷെ അന്ന് രാവിലെ പഠിക്കാനിരുന്നപ്പോള് നന്ദനൊരസ്കിത. കാര്യം എല്ലാവരും പുസ്തകമൊക്കെ തുറന്നു വെച്ചു വായിക്കലും ചര്‍ച്ചകളുമൊക്കെ നടത്തുന്നുണ്ടെങ്കിലും, ഞാനിപ്പോള്‍ പ്രോജക്റ്റ് പ്രോഗ്രസ് മീറ്റിങ്ങില്‍ ഇരിക്കുന്ന പോലെ ഒന്നും ഒരു മനസിലാകായ്ക... എന്തായാലും ഞങ്ങള്‍ കൃത്യം പന്ത്രണ്ടു മണിക്ക് മെസ്സിലേക്ക് പോകുകയും അവിടെ നിന്നും ഉച്ച ഉറക്കത്തിനു പോകുകയും ചെയ്തപ്പോള്‍ നന്ദന് ഉറക്കം വരാത്തതിനാല്‍ അന്നത്തെ പത്രങ്ങളുടെ പുനറ്വായനക്കായി പോയി.രാത്രി പഠിക്കാനിരുന്നപ്പോള് നന്ദന്റെ അവസ്ഥ കണക്കിലെടുത്ത് അന്നത്തെ പഠിത്തത്തിനു പകരം എങ്ങനെ നന്ദനെ പഴയ സ്ഥിതിയില്‍ കൊണ്ടുവരാം എന്ന ചര്‍ച്ചയായി.മോര് കുടിപ്പിക്കല്‍ മുതല്‍ ഉറക്ക ഗുളിക കഴിപ്പിക്കുന്നത് വരെ എത്തിയെങ്കിലും ഞങ്ങള്‍ക്ക് ഉറക്കം വന്നതിനാല്‍ ഒന്നും തീരുമാനമാകാതെ പിരിഞ്ഞു.ഞങ്ങളുറങ്ങാന് പോകുമ്പോള്‍ നന്ദന് നോക്കിയ നോട്ടം ഏതാണ്ട് അതേപോലെ കോപ്പിയടിച്ചു ഹരിശ്രീ അശോകന് പഞ്ചാബി ഹൌസില്‍ കൊച്ചിന് ഹനീഫയെ നോക്കുന്നുണ്ട്.ഒപ്പം മുതലാളീ എന്നൊരു വിളിയും.
പിറ്റേന്ന് രാവിലെ പ്രഭാത പരിപാടികളൊക്കെ കഴിഞ്ഞു പഠിക്കാനിരുന്നപ്പോഴേക്കും നന്ദന്റെ അവസ്ഥ ഏതാണ്ട് ആ സമയത്തെ കോളേജ് യൂണിയന് മീറ്റിങ്ങില്‍ വൈസ് ചെയര്‍മാനായ പത്മജ ഇരിക്കുന്ന പോലെ ആയിരുന്നു.എന്തായാലും ഉറക്കം നന്ദനെ കൈവിട്ടിട്ടു ഏതാണ്ട് പത്തറുപതു മണിക്കൂറായി.ആശുപത്രിയില്‍ പോകാമെന്ന് വെച്ചാല്‍ ഇതൊക്കെ പറഞ്ഞു എങ്ങനെ ഡോക്ടറുടെ അടുത്ത് ചെല്ലും.അവിടെയും നന്ദന്റെ തല തന്നെ പുകയേണ്ടി വന്നു കാരണം അവനാണല്ലോ അനുഭവിക്കുന്നത്. ഇപ്രാവശ്യം അവന് പഴംചൊല്ലാണ് പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചത്. ഉഷ്ണം ഉഷ്ണേന ശാന്തി!!!
പിറ്റേ ദിവസം രാവിലെ ഞങ്ങള്‍ വന്നു നോക്കുമ്പോള്‍ നന്ദന് സുഖമായി മൂടി പുതച്ചു കിടന്നുറങ്ങുന്നു.അതിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ മെസ്സില്‍ നിന്നും രണ്ടു തവി ഉപ്പുമാവ് കൂടി കൂടുതലടിച്ചു നന്ദന് ഐക്യദാറ്ഡ്യം പ്രഖ്യാപിച്ചു ഉച്ച വരെ കിടന്നുറങ്ങി.
Tuesday, July 15, 2008
Subscribe to:
Post Comments (Atom)

5 comments:
anil if u can stop the kuwiat job and write a ful fledged novel, may be we can publish it???
g8
നന്ദി ശ്രീകു..ജോലി കളഞ്ഞു നോവല്‍ എഴുതാനുള്ള പരിപ്പൊന്നും ആയില്ല.
Anileeee-
Valare Nannayittundu.
Expecting more GECT stories...
നന്ദി രാജീവ് ....
ഒരു ലവ് സ്റ്റോറി GECT പശ്ചാത്തലത്തില്‍ പെടച്ചാലോ എന്നരോലാചന.ആ നോക്കട്ടെ പൊലിപ്പിക്കാന്‍ പറ്റുമോയെന്ന് ...
Love story-kkokke demand kuravaa...allengil pinne "mannante prema lekhanam" aavaam.
Post a Comment