Wednesday, March 31, 2010

കൊല്ലം ഇല്ലം കൊച്ചി അച്ചി

"കൊല്ലം കണ്ടവനില്ലം വേണ്ട കൊച്ചി കണ്ടവനച്ചി വേണ്ട" എന്നാണല്ലോ ബനാന ടാക് .കാര്യം പഴംചൊല്ല് എന്തായാലും കൊല്ലം കാണാന്‍ പോയാല്‍ കൊച്ചിക്കാരന് അച്ചി ഉറപ്പാകും എന്നതാണ് ഞങ്ങളുടെ കൊല്ലം-കൊച്ചി അനുഭവം.സംഭവം ഏതാണ്ട് ഇങ്ങനെ...

തൊണ്ണൂറുകളുടെ അവസാന പാദം.കൂടെയുള്ള ഗഡികള്‍ ഒന്നൊന്നായി ബാച്ചിലര്‍ പദവി ഉപേക്ഷിച്ചു കൊണ്ടിരിക്കുന്ന കാലം. ആരോ പറഞ്ഞ പോലെ
"Marriage is not just a word....
It is a sentence....
Sentence to Life Imprisonment"

അങ്ങനെ ജീവപര്യന്തവും മേടിച്ചു പലരും ഗ്രൂപ്പില്‍ നിന്നും, ഈയിടെയായി കാസ്റ്റ് ചെയ്ത മലയാള സിനിമകളില്‍ നിന്നും കാണാതാകുന്ന തിലകനെ പോലെ കാണാതാവലായിരുന്നു പതിവ്. അങ്ങനെ കൂട്ടം തെറ്റുന്ന കുഞ്ഞാടുകള്‍ക്ക് ഒരു ഗംഭീര യാത്രയയപ്പ്,അപ്പവും വീഞ്ഞുമടക്കം അവരുടെ തന്നെ ചിലവില്‍ നടത്തിക്കലായിരുന്നു ബാച്ചിലേര്‍സ് പാര്‍ട്ടി.പ്രസ്തുത പാര്‍ട്ടി നടത്താന്‍ അരോമ ടൂറിസ്റ്റ് ഹോമിലെ സ്ഥിരം മുറി മുതല്‍ ഏഴാറ്റുമുഖം പുഴ തീരം വരെ ആ കാലയളവിലെ ശനി, ഞായര്‍ ദിവസങ്ങളില്‍ ഞങ്ങള്‍ കൈയ്യടക്കിയിരുന്നു .അരോമയിലാണെങ്കില്‍ റെയില്‍വേ സ്റ്റേഷന്‍ , ബസ്സ്‌സ്റ്റാന്റ് ഒക്കെ അടുത്തായതിനാല്‍ പോക്കും വരവും എളുപ്പമായിരുന്നു. ഇനി അഥവാ പോകാന്‍ പറ്റാത്ത അവസ്ഥയില്‍ ആണെങ്കില്‍ ,മിക്കവാറും അങ്ങനെ ആയിരിക്കും, അവിടെ തന്നെ കിടന്നു എപ്പോള്‍ എഴുന്നേല്ക്കുന്നോ അപ്പോള്‍ ആരെയും ബുദ്ധിമുട്ടിക്കാതെ അടുത്ത വണ്ടി പിടിച്ചു സ്ഥലം കാലിയാക്കാം.

പക്ഷെ ഏഴാറ്റുമുഖം അങ്ങനെയല്ല ഒന്നാമതായി ആലുവായില്‍ നിന്നും ഏതാണ്ട് ഇരുപത്തഞ്ചു കി.മീ ദൂരം,പ്ലാന്റേഷനും,അരുവിയും,പാറക്കെട്ടുകളും,കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങളും ഒക്കെയായി ഒരു മാതിരി സസ്യ ശ്യാമള കോമള ഭൂമി.അന്നവിടം അത്ര അറിയപ്പെട്ടിട്ടുണ്ടായിരുന്നില്ല അതിനാല്‍ വലിയ തിരക്കും ഉണ്ടായിരുന്നില്ല. ഞായറാഴ്ച്ച രാവിലെ നാലോ അഞ്ചോ ബൈക്കിലായി കന്നാസും ഫുഡ് വിഭവങ്ങളുമായി പുഴയിലേക്കിറങ്ങിയാല്‍ വൈകുന്നേരം ആയിരിക്കും കരക്ക് കയറുക.

ഒരിക്കല്‍ ഇതുപോലെ ഏതോ ഒരു മദ്യ നിരോധിത ദിവസം രാവിലെ മൂന്നു ബൈക്കിലും ഒരു സ്കൂട്ടറിലുമായി ഞങ്ങള്‍ ഏഴാറ്റുമുഖത്തെത്തി.സ്കൂട്ടറില്‍ വര്‍മ്മാജിയും ഞാനും. ഏതാണ്ട് ഉച്ചയോടു കൂടി കന്നാസ് കാലിയാക്കി കരക്ക്‌ കയറി തിരികെ പോരാന്‍ നേരത്താണ് ഏഴാറ്റുമുഖം - ആതിരപ്പിള്ളി ഫെറി സര്‍വീസ് തുടങ്ങിയ കാര്യം അറിഞ്ഞത് . എന്നാല്‍ വെള്ളച്ചാട്ടം കൂടി കണ്ടിട്ട് പോകാമെന്ന് കരുതി അത് വഴി വെച്ചുപിടിപ്പിച്ചു. പ്രസ്തുത റോഡ് ആണെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ " നാല് പെണ്ണുങ്ങള്‍ " കാണാന്‍ കയറിയ തീയറ്റര്‍ പോലെ തീര്‍ത്തും വിജനമായിരുന്നു. മുമ്പില്‍ പോകുന്ന ഹോണ്ട ബൈക്കുകള്‍ നൂറു കിലോമീറ്റര്‍ സ്പീഡില്‍ കത്തിച്ചപ്പോള്‍ , പുറകെ പിടിപ്പിച്ചിരുന്ന വെസ്പക്കും ഉള്ളില്‍ കിടന്ന സ്പീഡ് പെട്രോളിന്റെ ബലത്തില്‍ അങ്ങനെ ഒരു തോന്നലുണ്ടായതില്‍ പുറത്തിരുന്ന എനിക്കും വര്‍മ്മാജിക്കും കുറ്റം പറയാന്‍ പറ്റിയില്ല....

എന്നാല്‍ ആദ്യത്തെ വളവിലെത്തിയപ്പോള്‍ തന്നെ കെ. മുരളീധരന്റെ അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് ഒരു ഉള്‍വിളി ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഉണ്ടായി... രണ്ടു മിനിട്ട് കഴിഞ്ഞു കണ്ണ് തുറന്നു നോക്കുമ്പോള്‍ കോണ്‍ഗ്രസ്സ് പ്രവേശനത്തിനായി, കെ. കരുണാകരന്റെ പോലെ ഒരു പിടിവള്ളി പ്രതീക്ഷിച്ചിരിക്കുന്ന കെ. മുരളീധരന്റെ പോലെ, ഞങ്ങള്‍ ആ വിജനമായ റോഡില്‍ മലര്‍ന്നു കിടക്കുകയായിരുന്നു. കൂടെ ഞങ്ങളുടെ വാഹനവും...കൂടെ വന്നവര്‍ ഈ സമയം കൊണ്ട് ഇതൊന്നും അറിയാതെ വി ഐ പികള്‍ക്ക് എസ്കോര്‍ട്ട് പോകുന്ന കേരള പോലീസിന്റെ പോലെ ലക്ഷ്യ സ്ഥാനത്തെത്തി......ഞങ്ങള്‍ അതേ കിടപ്പും....ആരെങ്കിലും വന്നു എണീപ്പിക്കും എന്ന പ്രതീക്ഷയോടെ....

ഏതാണ്ട് അഞ്ചു മിനിട്ടിനു ശേഷം അത് വഴി വന്ന മറ്റൊരു ബൈക്ക് ഞങ്ങളുടെ അടുത്ത് വന്നു നിര്‍ത്തി. ഒരു ഗതീം പര ഗതീം ഇല്ലാതെ നിന്നിരുന്ന പി.സി. ജോര്‍ജ്, മാണി സാറിനെ കണ്ട പോലെ ഞങ്ങളും പ്രതീക്ഷയോടെ ആ ബൈക്കില്‍ വന്നവരെ നോക്കി. സഹായ ഹസ്തവും പ്രതീക്ഷിച്ചു കിടന്ന ഞങ്ങളുടെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് അവര്‍ ഞങ്ങളുടെ കന്നാസിലേക്ക് നോക്കി ചോദിച്ചു " കന്നാസില്‍ ബാക്കി വല്ലതുമുണ്ടോ ?"

ഈ രണ്ടു സ്ഥലങ്ങളിലല്ലാതെ പുതുമയുള്ള ഒരു ബാച്ചിലേഴ്സ് പാര്‍ട്ടി നടത്തിയത് സിയാദ് ആയിരുന്നു. അതും അവന്റെ കല്യാണത്തിന്റെ തലേ ദിവസം. കല്യാണം കൊല്ലത്ത് വെച്ചു നടക്കുന്നു. തലേ ദിവസം ബാച്ചിലര്‍മാര്‍ക്ക് വേണ്ടി ഒരു മിനി ബാര്‍ സോറി മിനി ബസ് ആലുവായില്‍ നിന്നും കൊല്ലത്തേക്ക്. ആലുവാ മുതല്‍ വൈറ്റില വരെ പല സ്ഥലങ്ങളില്‍ നിന്നായി പതിനെട്ടു പേര്‍ കയറിയപ്പോള്‍ ക്വാറം തികഞ്ഞു . വൈറ്റിലയിലെ ബീവറേജസ് ചില്ലറ വില്‍പ്പന ശാലയില്‍ നിന്നും സ്ഥാവര ജംഗമ വസ്തുക്കളും ടച്ചിങ്ങ്സും ഒക്കെ ആയി രാത്രി ഒരു എട്ടു മണിയോടെ കൊല്ലത്തേക്ക്‌ വെച്ച് പിടിപ്പിച്ചു.
ബസ്സ് പുറപ്പെടുന്നതിനു മുന്‍പേ തന്നെ അടുത്ത പെരുന്നാള്‍ നേര്‍ച്ചക്ക് റെഡിയായി നില്‍ക്കുന്ന പ്രദീപ്‌ എന്ന തക്കു, സാമാന്യ ബോധമുള്ള ആരും ചോദിയ്ക്കാന്‍ സാധ്യത ഇല്ലാത്ത ഒരാവശ്യം ഉന്നയിച്ചത്.....പിന്നെ ചോദിച്ചത് അവനായത് കൊണ്ട് ആരും തെറ്റിദ്ധരിച്ചതുമില്ല.......കാര്യം മറ്റൊന്നുമല്ല..കൊല്ലത്തേക്ക് പോകുന്ന വഴിക്കാണല്ലോ ഹരിപ്പാട് , അവിടെ നിന്നും അഞ്ചാറു കിമീ ഉള്ളിലേക്ക് പോയാല്‍ അവന്റെ അന്നത്തെ ഭാവി വധുവിന്റെ വീടായി....അവിടെ കൂടി ഒന്ന് കയറിയിട്ട് പോകാം.....എട്ടു മണിക്ക് വൈറ്റിലയില്‍ നിന്നും പുറപ്പെട്ടാല്‍ ഏകദേശം പത്ത് മണിയോടെ ഹരിപ്പാടെത്തും...അതായത് പതിനാറു പാമ്പുകളുമായി കെട്ടാന്‍ പോകുന്ന പെണ്ണിന്റെ വീട്ടില്‍ പാതിരാത്രിക്ക്‌ കയറി ചെല്ലുന്ന കാര്യമാണ് ചങ്ങാതി ആവിശ്യപ്പെട്ടിരിക്കുന്നത് ...എണ്ണം തെറ്റിയതൊന്നുമല്ല കേട്ടോ...കൂട്ടത്തില്‍ രണ്ടു പേര്‍ സ്ഥാവരജംഗമ വസ്തുക്കളില്‍ താല്പര്യമില്ലാത്ത, ഗോക്രിയും മറ്റേതു ഞാന്‍ തന്നെ ആണെന്ന് എന്നെ കൊണ്ട് പറയിപ്പിക്കേണ്ടല്ലോ....അങ്ങനെ പതിനെട്ടേ വ്യവഹലനം രണ്ടു സമം പതിനാറു ...ഇപ്പം കണക്കു ശരിയായില്ലേ......എന്തായാലും തക്കുവിന്റെ ആവശ്യം, കേരള നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം തള്ളുന്ന പോലെ, എല്ലാവരും ചേര്‍ന്ന് നിഷ്കരുണം തള്ളി ....

ഏകദേശം രണ്ടു മണിക്കൂറു കഴിഞ്ഞപ്പോഴേക്കും ബസ്സ്‌ ഏതാണ്ട് വനിതാ സംവരണ ബില്‍ അവതരിപ്പിച്ച രാജ്യസഭയുടെ അവസ്ഥയിലേക്കെത്തി...സര്‍വ്വത്ര പാട്ടും ബഹളവും ഒച്ചപ്പാടും...ഞാനും ഗോക്രിയും ആണെങ്കില്‍ സഭാ നടപടികള്‍ തുടങ്ങി കഴിഞ്ഞുള്ള വാച്ച് ആന്‍ഡ് വാര്‍ഡിന്റെ അവസ്ഥ പോലെ എങ്ങനെയെങ്കിലും കൊല്ലത്തെത്തിയാല്‍ മതിയായിരുന്നെന്നായി....കൊല്ലത്തെത്താറായോ എന്ന് ഇടക്കൊന്നു പുറത്തേക്ക് എത്തി നോക്കി, കെ മുരളീധരന്റെ രാഷ്ട്രീയ ഭാവി പോലെ സര്‍വത്ര ഇരുട്ട്....
നാഷണല്‍ ഹൈവേയില്‍ ഇത് പോലെ ഇരുട്ട് വരാന്‍ ചാന്‍സില്ലല്ലോ.....അത് മാത്രമല്ലാ..ഇത് ഏതാണ്ട് കാട്ടിനുള്ളിലൂടെ പോകുന്ന പോലുണ്ട്....പെട്ടെന്നാണ് ഡ്രൈവറുടെ അടുത്ത് നാവിഗേറ്റര്‍ റോളില്‍ നില്‍ക്കുന്ന തക്കുവിനെ കണ്ടത്....അപ്പോള്‍ കാര്യം ഏതാണ്ട് തെളിഞ്ഞു വരുന്നു..ഈ ബഹളത്തിനിടക്ക് അവന്‍ ഡ്രൈവറുടെ അടുത്ത് ചെന്ന് വണ്ടി തിരിച്ചു വിടുകയായിരുന്നു..ഇനിയെന്തായാലും അവനായി അവന്റെ പാടായി.....ഏതാണ്ട് പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോഴേക്കും റോഡിന്‍റെ വീതി കുറഞ്ഞു ബസ്സിനു പോകാന്‍ കുറച്ചു ബുദ്ധിമുട്ടുള്ള ലെവലിലേക്കെത്തി.....തക്കുവാണെങ്കില്‍, ബച്ചനെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ പോയ കോടിയേരി പോളിറ്റ് ബ്യൂറോയില്‍ ഇരിക്കുന്ന പോലെ, കാര്യം അവതരിപ്പിച്ചു ....സംഭവം ഭാവി ഭാര്യ വീട് ഇവിടെ എവിടെയോ ആണ് പക്ഷെ ഇരുട്ടായതിനാല്‍ കൃത്യമായി കണ്ടു പിടിക്കാന്‍ പറ്റുന്നില്ല....

എന്തായാലും ആരോടെങ്കിലും വഴി ചോദിക്കാം എന്ന് കരുതി ഇരിക്കുമ്പോഴേക്കും, രാജ്യ സഭയിലെ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു കഴിഞ്ഞിട്ടില്ലാത്തതിനാല്‍, ബഹളം കേട്ട് കുറച്ചു നാട്ടുകാര്‍ വണ്ടി വളഞ്ഞു.......പഞ്ചാബി ഹൌസില്‍ ഹരിശ്രീ അശോകന്‍ പറയുന്ന പോലെ " ആഹാ, ബോട്ട് സോറി വീട്
ചോദിയ്ക്കാന്‍ പറ്റിയ സമയം".ഒരുവിധത്തില്‍ ബസ്സ് വളഞ്ഞ നാട്ടുകാരുടെ മുന്‍പില്‍ ഉണ്ടായിരുന്ന സ്ഫടികം ജോര്‍ജിനെ പോലെ ഇരുന്ന ആളോട് കാര്യങ്ങള്‍ വിശദീകരിച്ചു.....അയാള്‍ വീട് കാണിച്ചു തരുകയും ചെയ്തു....തക്കുവിന്റെ ഭാവി അമ്മായി അച്ഛനോട് " ദേ...മരുമോനും കൂട്ടുകാരും വഴി അറിയാതെ കറങ്ങുകയായിരുന്നു, ഞാന്‍ കണ്ടത് കൊണ്ട് കൃത്യമായി ഇവിടെ എത്തിച്ചു " എന്ന് പറയുമ്പോള്‍ അതിന്റെകൂടെ ‍, പുലിവാല്‍ കല്യാണത്തില്‍ സലിം കുമാര്‍ പറയുന്ന പോലെ " നിന്റെ അമ്മായിയമ്മയല്ലേ...നിനക്കങ്ങനെ തന്നെ വേണം" എന്ന ഡയലോഗ് ചെറിയോരു ഭേദഗതിയോടെ തക്കുവിന്റെ ഭാവി അമ്മായി അച്ഛനോടു പറയാതെ പറഞ്ഞോ എന്നൊരു സംശയം....

വളരെ പെട്ടെന്ന് തന്നെ അവിടെ നിന്നും ഓഫര്‍ ചെയ്ത ചായ പിരിയുമെന്ന ഒറ്റ കാരണത്താല്‍ വേണ്ടെന്നു വെച്ചു വണ്ടിയില്‍ കയറുമ്പോള്‍ , ഒരു കല്യാണം കൂടാന്‍ പോകുന്ന വഴിക്ക് മറ്റൊന്ന് മുടക്കിയതിന്റെ വിഷമത്തോടെ തക്കുവിനോട് ചോദിച്ചു....എടാ നിനക്കിതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ? ഇനി ഈ കല്യാണം നടക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ???
ഇപ്പോഴാ എനിക്ക് ഉറപ്പായത് ഇത് നടക്കുമെന്ന തക്കുവിന്റെ മറുപടി കേട്ട് ഞങ്ങള്‍ ഞെട്ടി.....കാര്യം അവന്‍ വിശദീകരിച്ചു....

എടാ!! അവളുടെ അച്ഛനും രണ്ടു ആങ്ങളമാരും മിലിട്ടറിയിലാ.ഞാനും ഒട്ടും മോശമല്ലെന്നു തെളിയിക്കാന് ഇതിലും നല്ല ഒരവസരം കിട്ടുമോ????