Friday, March 21, 2008

ബിപി,ബിഎസ്‌ പി അതോ ബിജെപി??

നിങ്ങള്‍ ബിപിയോ,ബിഎസ്‌പിയോ അതോ ബിജെപിയോ?

എന്താ കേട്ടിട്ട്‌ വല്ല രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗസംഖ്യ കണക്കെടുപ്പാണെന്നു തെറ്റിദ്ധരിച്ചോ? എന്നാലിതു അതൊന്നുമല്ല.

ഭാര്യയെ പേടി,ഭാര്യയെ സ്വല്‍പ്പം പേടി അതോ ഭാര്യയെ ജാസ്തി പേടി ഈ ഗ്രൂപ്പിലേതെങ്കിലും ആയിരിക്കണമല്ലോ നിങ്ങള്‍ എല്ലാ ഭര്‍ത്താക്കന്‍മാരും!!!

എന്ത്‌ നിങ്ങള്‍ ഈ ഗ്രൂപ്പിലൊന്നും പെടില്ലെന്നോ???

അല്ലാ നിങ്ങളുടെ ഭാര്യയല്ലേ പുറകില്‍ വരുന്നത്‌!!! ഞാനൊന്നു ചോദിക്കട്ടെ???

ഹെണ്റ്റമ്മോ!!!!!

അപ്പോള്‍ പറഞ്ഞു വരുന്നതെന്താണെന്നു വെച്ചാല്‍ ഭൂരിഭാഗം ഭര്‍ത്താക്കന്‍മാരും ഈ പറഞ്ഞ ഗ്രൂപ്പിലേതെങ്കിലും പെടും.എന്നാല്‍ ഇതില്‍പ്പെടാത്ത ധീരന്‍മാരും ഉണ്ടാകില്ലേ???

ഉദാഹരണത്തിനു എണ്റ്റെ കാര്യം തന്നെയെടുക്കാം.ഞാന്‍ ഒരു ധീരനായ ഭര്‍ത്താവാണെന്ന്‌ എനിക്കറിയാമെങ്കിലും എന്തൊക്കെ അപവാദങ്ങളാണു എനിക്കെതിരെ ഈ ഗ്രൂപ്പുകാര്‍ പറഞ്ഞു പരത്തുന്നത്‌.

കല്യാണത്തിനു മുന്‍പ്‌ എല്ലാ ശനിയാഴ്ചയും വെറുതെ ഒരു നേരമ്പോക്കിനു വേണ്ടി നാട്ടിലെ ബാറുകള്‍ സന്ദര്‍ശിച്ചിരുന്ന എന്നെ കല്യാണത്തിനു ശേഷം ബാറു പോയിട്ട്‌ ബാര്‍ബര്‍ ഷോപ്പില്‍ പോലും കാണാന്‍ കിട്ടാത്തത്‌ ഭാര്യയെ പേടിയായിട്ടാണെന്ന്‌ പറഞ്ഞ്‌ പരത്തിയില്ലേ!!!!
സത്യത്തില്‍ മദ്യം വിഷമാണെന്ന ഗുരു വചനം ഞാന്‍ അദ്വൈതാശ്രമത്തില്‍ വെച്ച്‌ കല്യാണം കഴിച്ചപ്പോളാണു കണ്ടതെന്നു പറഞ്ഞിട്ട്‌ ആരെങ്കിലും വിശ്വസിച്ചോ!!!!
ബാര്‍ബര്‍ ഷോപ്പില്‍ കാണാത്തത്‌ വെട്ടാന്‍ മുടിയില്ലാത്തതു കൊണ്ടാണെന്ന്‌ എനിക്കല്ലേ അറിയൂ!!!!

കല്യാണത്തിനു മുന്‍പ്‌ മലയാളത്തിലിറങ്ങുന്ന എല്ലാ സിനിമകളും ആദ്യ ഷോയില്‍ തന്നെ കാണുന്നതു കൂടാതെ എറണാകുളത്തു വരുന്ന എല്ലാ തമിഴ്‌,ഹിന്ദി,മൊഴി മാറ്റ സിനിമകളും മൊഴി തന്നെ ആവശ്യമില്ലാത്ത സിനിമകളും കണ്ടിരുന്ന എന്നെ സിനിമാ തീയറ്റര്‍ പോയിട്ട്‌ വീഡിയോ ഷോപ്പിണ്റ്റെ പരിസരത്തു പോലും കല്യാണത്തിനു ശേഷം കാണാത്തതിനു സിനിമ ഇഷ്ടമല്ലാത്ത ഭാര്യയെ പേടിച്ചാണെന്ന്‌ പറഞ്ഞില്ലേ!!!!!!
ഈയിടെയായി സിനിമ കാണുമ്പോള്‍ എനിക്കു തലവേദന വരുന്നെന്ന്‌ പറഞ്ഞിട്ട്‌ ആരെങ്കിലും വിശ്വസിച്ചോ!!!

കല്യാണത്തിനു മുന്‍പ്‌ എല്ലാ പുതു വര്‍ഷവും ആഘോഷിക്കാന്‍ പോയിരുന്ന കൊടൈക്കനാല്‍ ഊട്ടി ട്രിപ്പുകളില്‍ കല്യാണത്തിനു ശേഷം എണ്റ്റെ പൊടി പോലും കാണാതിരുന്നത്‌ എനിക്കു പുതുതായി തണുപ്പലര്‍ജി അസുഖം പിടിപെട്ടിട്ടാണെന്ന്‌ പറഞ്ഞിട്ട്‌ ആരെങ്കിലും വിശ്വസിച്ചോ!!!!!

ഇതെണ്റ്റെ വിശേഷം മാത്രം, ബാക്കിയുള്ളവരുടെ കഥകളും ഏതാണ്ടിതൊക്കെ തന്നെയല്ലേ!!!!!

ആലുവായില്‍ ടീച്ചറായിരുന്ന കിട്ടുവിണ്റ്റെ ഭാര്യക്ക്‌ ചതിച്ചെ (ചങ്ങനാശേരി-തിരുവല്ല-ചെങ്ങന്നൂറ്‍)മേഖലയിലേക്ക്‌ സ്ഥലം മാറ്റം കിട്ടി പോയതിനു ശേഷം ഒറ്റക്കു താമസിക്കുന്ന കിട്ടു അന്നു മുതല്‍ ചതിച്ചെ ഭാഗത്തേക്കു ട്രാന്‍സ്ഫറിനു ശ്രമം തുടങ്ങിയതാണു. പക്ഷെ ശ്രമത്തിനു ഫലം കണ്ടത്‌ ക്രിത്യമായി ഭാര്യക്കു തിരിച്ചു ആലുവായിലേക്ക്‌ ട്രാന്‍സ്ഫര്‍ കിട്ടിയ സമയത്തായി പോയത്‌ അവണ്റ്റെ കുറ്റം കൊണ്ടാണോ?
എന്നിട്ടു അതും ഭാര്യയെ പേടിച്ചാണെന്ന്‌ പറഞ്ഞു നടന്നില്ലേ!!!!

ലോക്കല്‍ ഏരിയാകളില്‍ ബിസിനസ്സുമായി നടന്നിരുന്ന വര്‍മ്മാജിയും സാബുവും ലിബറലൈസേഷണ്റ്റെയും ഗ്ളോബലൈസേഷണ്റ്റെയും സാധ്യതകള്‍ ഉള്‍കൊണ്ടു ബിസിനസ്സ്‌ വിപുലീകരിക്കുകയും മാസത്തില്‍ ഇരുപത്തഞ്ചു ദിവസവും ജോലി സംബന്ധമായി കേരളത്തിനു പുറത്തു യാത്രയിലാകുന്നത്‌ ഭാര്യമാരെ പേടിച്ചാണെന്നല്ലേ പറയുന്നത്‌ !!!

അതു പോലെ തന്നെയല്ലെ എമ്മാറും,അച്ചായനും,സജാദരരും,പപ്പുവുമൊക്കെ കേരളത്തിനു പുറത്തും ഇന്ത്യക്കു പുറത്തും സെറ്റില്‍ ആയതു ഈ പറഞ്ഞ പേടി മറ്റാരും അറിയാതിരിക്കാനാണെന്നു പറഞ്ഞു നടക്കുന്നത്‌!!!

അങ്ങിനെ എത്രയെത്ര കഥകള്‍ പാടി നടക്കുന്നു അഭിനവ പാണന്‍മാര്‍ ഞങ്ങളുടെ നാട്ടില്‍.

ഇന്നലെ രാത്രിയാണു വളരെ നാളുകള്‍ക്കു ശേഷം എല്ലാവര്‍ക്കും ഒത്തുകൂടാന്‍ അവസരം കിട്ടിയത്‌.രണ്ടു വര്‍ഷത്തിനു ശേഷം പപ്പു ലണ്ടനില്‍ നിന്നും വന്നതിണ്റ്റെ ഭാഗമായ കൂടിച്ചേരലായിരുന്നു ഉദ്ദ്യേശം.പക്ഷെ അതിനേക്കാളൊക്കെ പ്രധാനം നാട്ടിലൊക്കെ തന്നെയുള്ള വര്‍മ്മാജിയെ ഏതാണ്ട്‌ ഇതേ കാലയളവിനു ശേഷം കണ്ടു കിട്ടിയെന്നുള്ളതാണു.അങ്ങനെ എല്ലാവരും കൂടി പെരിയാറിലെ പുഴത്തീരത്തെ പര്‍ണ്ണശാലയില്‍ കൂടി.ബെയറര്‍ വന്നപ്പോള്‍ എല്ലാവരുടേയും ഡിമാണ്റ്റ്‌ ഒന്ന്‌ തന്നെ ഏറ്റവും മണം കുറവുള്ള സാധനം ഏതാണോ അത്‌.അതായതു അടിച്ചു വീട്ടില്‍ പോയാലും ഭാര്യക്കു മണം കിട്ടരുത്‌.അവസാനം റഷ്യന്‍ തീത്തൈലം തീരുമാനമായി,അതാകുമ്പം മണമടിക്കില്ലല്ലോ!!!പേടി തൊണ്ടന്മാര് !‍!!.ഞാനൊരു സെവന്‍ അപ്പ്‌ ഓര്‍ഡര്‍ ചെയ്തു.

ഒടുവില്‍ ചറ്‍ച്ചയും തലക്കകത്തെ പെരുപ്പും മൂത്തു വന്നപ്പോള്‍ വിഷയം പീഢനമായി. പറഞ്ഞു വന്നപ്പോള്‍ എല്ലാവരും തുല്യ ദുഃഖിതര്‍ !!!.അങ്ങനെ സങ്കടങ്ങള്‍ പങ്കിട്ടു കൊണ്ടിരിക്കുമ്പോളായിരുന്നു എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്‌ എണ്റ്റെ പ്രഖ്യാപനം വന്നത്‌.

""ഇന്നലെ ഞാന്‍ അവളെ മുട്ടുകുത്തിച്ചെടാ""!!!!!!!

എല്ലാവരുടെയും മുഖത്ത്‌ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്‌ വില്ലനായ പൊന്നമ്പലത്തിന്റെ ഇടി കൊണ്ടു വീഴുന്നതു കണ്ടതുപോലൊരു അവിശ്വസിനീയ ഭാവം!!!!!!!!!

എന്നിട്ട്‌??????????????

ആ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചതല്ല, രണ്‍ജിപണിക്കര്‍ സിനിമകളിലെ പോലെ കോടതിയിലും പോലീസ്‌ സ്റ്റേഷനിലുമൊക്കെ ചെന്ന്‌ ജഡ്ജിയേയും പോലീസുകാരേയുമൊക്കെ തന്തക്കു വിളിച്ച്‌ തിരിച്ചു സ്ളോമോഷനിലിറങ്ങി പോകുന്ന നായകനായിരുന്നു എണ്റ്റെ മനസില്‍.

അതു പൊളിഞ്ഞു അല്ലെങ്കിലും നുണ പറയുന്നതെനിക്കിഷ്ടമല്ല അതിനാല്‍ സത്യം തന്നെ പറഞ്ഞു....

എന്നിട്ട്‌ അവളെന്നോടു പറഞ്ഞു

'"ധൈര്യമുണ്ടെങ്കില്‍ കട്ടിലിണ്റ്റെ അടിയില്‍ നിന്നിറങ്ങി വരാന്‍"'



കടപ്പാട്‌ :- സ്ത്രീകളുടെ പുരുഷ പീഡനത്തിനെതിരേ പ്രതികരിക്കാന്‍ "പുരുഷാവകാശവേദി" എന്ന സംഘടന രൂപീകരിച്ചതായുള്ള മനോരമ വാര്‍ത്ത.