Friday, April 4, 2008

സീസണ് ടിക്കറ്റ്

പഠിത്തമൊക്കെ കഴിഞ്ഞ്‌ അല്ലറ ചില്ലറ തട്ടിക്കൂട്ട്‌ പരിപാടികളുമായി നടക്കുന്ന തൊണ്ണൂറുകളുടെ മദ്ധ്യകാലം.വൈകുന്നേരങ്ങളിലെ മീറ്റിംഗ്‌ പോയണ്റ്റ്‌ ആലുവാ റെയില്‍വെ സ്റ്റേഷനായിരുന്നു.കാരണം റോഡ്‌,റെയില്‍,എയര്‍ വഴി ജോലിക്കു പോയി വന്നിരുന്ന ഞങ്ങള്‍ക്ക്‌ എല്ലാവര്ക്കും കണ്‍വീനിയണ്റ്റായിരുന്ന സ്ഥലമായിരുന്നു റെയില്‍വെ സ്റ്റേഷന്‍.അവിടെ നിന്നും ക്വാറം തികഞ്ഞതിനു ശേഷം,പെരിയാര്‍,അലങ്കാര്‍,പ്രീമിയര്‍ സന്ദര്‍ശനം,സുരഭിയിലെ എസ്‌.പി മസാലദോശ,പാര്‍ക്കില്‍ പോയിരിക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ പോക്കറ്റിണ്റ്റെ കനത്തിനനുസരിച്ചു പ്ളാന്‍ ചെയ്തിരുന്നു.അതായത്‌ ശമ്പളം കിട്ടുന്ന ആദ്യത്തെ ആഴ്ച്‌ പെരിയാറില്‍ തുടങ്ങി അവസാനത്തെ ആഴ്ച പാര്‍ക്കില്‍ കപ്പലണ്ടി കൊറിച്ചും വായില്‍ നോക്കിയും തള്ളി നീക്കിയിരുന്നു.

ഇതില്‍ ഇന്ത്യന്‍ റെയില്‍വെക്കായിരുന്നു ബഹുഭൂരിപക്ഷത്തിനേയും സേവിക്കാനുള്ള ഭാഗ്യം ലഭിച്ചത്‌.ആലുവായില്‍ നിന്നും എറണാകുളം വരെ പോയി വരാന്‍ സീസണ്‍ ടിക്കറ്റ്‌ യാത്രക്കാരായി ജോലി സമയത്തേക്കാള്‍ കൂടുതല്‍ സമയം റെയില്‍വെ സ്റ്റേഷനുകളില്‍ ചിലവഴിച്ചിരുന്നത്‌ ഒരിക്കലും ഒരു ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല.അന്ത കാലം മുതല്‍ ആലുവാ-എറണാകുളം സ്വകാര്യ ബസ്സ്‌ ഏതാണ്ട്‌ അഞ്ചു മിനിട്ട്‌ കൂടുമ്പോള്‍ തന്നെ സര്‍വീസ്‌ നടത്തുന്നുണ്ട്‌.എന്നിട്ടും നമുക്കാവശ്യമുള്ള സമയത്ത്‌ സര്‍വീസില്ലാത്തതും അഥവാ ഉണ്ടെങ്കില്‍ തന്നെ ആ സമയത്തൊന്നും പ്രസ്തുത സ്റ്റേഷണ്റ്റെ നൂറു കി.മീ ചുറ്റളവിലെങ്ങും കണ്ടുകിട്ടാന്‍ സാധ്യതയില്ലാത്തതുമായ ഇന്ത്യന്‍ റെയില്‍വെയെ ആശ്രയിച്ചതിനു പിന്നില്‍ ഒരു സാമ്പത്തിക ശാസ്ത്രമുണ്ട്‌.

കാര്യം ജോലിക്കാരായി എന്നു പറയാമെങ്കിലും പഠിക്കുന്ന കാലത്തുണ്ടായിരുന്നതിനേക്കാള്‍ കനമൊന്നും പോക്കറ്റിനു അപ്പോഴും ഉണ്ടായിരുന്നില്ല.പഠിക്കുന്ന സമയത്ത്‌ ഈ പറഞ്ഞ ദൂരം വെറും എണ്‍പതു പൈസക്കു പോയി വരാമായിരുന്നു.ജോലി കിട്ടിയ ആദ്യ കാലങ്ങളില്‍ പഴയ ഐഡണ്റ്റിറ്റി കാര്‍ഡുപയോഗിച്ചു കുറച്ചു നാള്‍ ഈ ചെലവില്‍ പോയി വന്നിരുന്നതുമായിരുന്നു.പക്ഷെ ബസ്സ്‌ നിറയെ ആളെ കയറ്റിയാലും ഒരു ലിറ്റര്‍ ഡീസലിണ്റ്റെ കാശ്‌ പോലും തികച്ച് കിട്ടാതെ വരുന്നതു കൊണ്ടാണോ എന്തോ ബസ്സ്‌ മുതലാളിമാരുടെ വക ഒരു കാര്‍ഡും കൂടി ഇറക്കി.കോളേജിണ്റ്റെ ഐഡണ്റ്റിറ്റി കാര്‍ഡിനു പകരം അതു കാണിച്ചാലെ എസ്‌ റ്റി തരുകയൊള്ളൂ പോലും.പോരാത്തതിനു പ്രസ്തുത കാര്‍ഡില്‍ കോളേജ്‌ പ്രിന്‍സിപ്പലിണ്റ്റെ ഒപ്പും സീലും വേണമത്രേ.നടന്നതു തന്നെ!!! ടിസിയും സ്വഭാവ സപ്രിടിക്കറ്റും വാങ്ങാന്‍ മെനക്കെട്ടതിണ്റ്റെ പുകിലു നമുക്കല്ലേ അറിയൂ.ചുരുക്കത്തില്‍ എറണാകുളത്തു ബസ്സില് പോകണമെങ്കില്‍ ഫുള്ള് ടിക്കറ്റെടുക്കണം.പിന്നെ ഫുള്ള് ടിക്കറ്റെടുത്തു നമ്മുടെ പട്ടി പോകും.

അങ്ങനെയാണു ഞങ്ങളൊക്കെ ലാലുപ്രസാദ്‌ ഗരീബി രഥമൊക്കെ കൊണ്ടുവരുന്നതിനു മുന്‍പെയുള്ള റെയില്‍വെയുടെ സ്ഥിരം കസ്റ്റമറായത്‌.ഈ സ്ഥിരം കസ്റ്റമേഴ്സിനു സാധാരണ എല്ലാ ഫീല്‍ഡിലും ചില ആനുകൂല്യങ്ങളൊക്കെ കിട്ടാറുണ്ടല്ലോ!!.അതു പോലെ റെയില്‍വെയുടെ ആനുകൂല്യമായ സീസണ്‍ ടിക്കറ്റുമായായിരുന്നു ഞങ്ങളുടെ യാത്ര.ശരിക്കും പറഞ്ഞാല്‍ ഒരു മൂന്നു മാസത്തെ ബസ്സ്‌ യാത്രാപ്പടി കൊണ്ടു ഒരു കൊല്ലം ട്രെയിന്‍ യാത്ര തരപ്പെടും.അപ്പോള്‍ ഒരു കൊല്ലം കൊണ്ട്‌ ഏതാണ്ട്‌ ഒന്‍പതു മാസത്തെ ബസ്സ്‌ യാത്രാപ്പടി ലാഭം.അതാണു നേരത്തെ പറഞ്ഞ സാമ്പത്തീക ശാസ്ത്രം.എന്നാല്‍ പിന്നെ ടാസ്കി വിളിച്ചു പോയിവരുന്നതായി കണക്കാക്കി ലാഭം കൂട്ടി കൂടെ എന്നൊന്നും ചോദിച്ചേക്കരുത്‌!!!കാരണം ദിവസേനയുള്ള ടാസ്കി യാത്ര സ്വപനം കാണുന്നതു പോലും അന്നും ഇന്നും, കരുണാകരന്റെ കൂടെ തിരിച്ച് കോണ്ഗ്രസ്സില് ചെന്നവര് പഴയ സ്ഥാനമാനങ്ങള് ആഗ്രഹിക്കുന്നത് പോലെ, ലക്ഷ്വറിയാണല്ലോ !!!

അങ്ങനെ ആലുവാ-എറണാകുളം റെയില്‍വെ സീസണ്‍ കാര്‍ഡിണ്റ്റെ ഉടമകളായി എല്ലാവരും.മൂന്നു മാസമാണു കാര്‍ഡിണ്റ്റെ കാലാവധി.അതു കഴിയുമ്പോള്‍ കാര്‍ഡ്‌ പുതുക്കണം.രണ്ട്‌ പാളികളായാണു കാര്‍ഡിണ്റ്റെ രൂപം.ഒരു പാളിയില്‍ ഫോട്ടോ,പേരും മേല്‍ വിലാസവും തുടങ്ങിയ ഡീറ്റെയിത്സും മറ്റേ പാളിയില്‍ കാര്‍ഡിണ്റ്റെ കാലാവധിയുമാണു ഉള്ളത്‌.മൂന്നു മാസം കഴിഞ്ഞു പുതുക്കുമ്പോള്‍ കാലാവധിയുള്ള പാളി മാത്രം പുതുക്കി തരും.പണ്ടു സ്കൂളില്‍ പഠിക്കുമ്പോള്‍ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സില്‍ ഇതു പോലെ സീസണ്‍ കാര്‍ഡുമായായിരുന്നു യാത്ര.അതിലാണെങ്കില്‍ ഓരോ ദിവസത്തിനുമുള്ള കോളത്തില്‍ കണ്ടക്ടര്‍ സാറൊരു പതിക്കലുണ്ട്‌.തീര്‍ന്നു!!! ഒരു ദിവസം ഒരു യാത്ര മാത്രം.പക്ഷെ ഇതില്‍ അങ്ങനെയല്ല,ഒന്നാമതായി ട്രെയിനില്‍ ഈ പറഞ്ഞ കണ്ടക്ടര്‍,കിളി ഇത്യാദികളെയൊന്നും ഞാന്‍ ഇതു വരെ കണ്ടിട്ടില്ല.കൂടാതെ ഈ കാര്‍ഡില്‍ പതിക്കാനുള്ള സ്ഥലവുമില്ല.അതുകൊണ്ടെന്താ ഈ കാര്‍ഡുപയോഗിച്ച്‌ ദിവസത്തില്‍ എത്ര പ്രാവശ്യം വേണമെങ്കിലും പോയി വരാം.ഞായറാഴ്ചകളില്‍ സിനിമക്കു പോകുന്നതുള്‍പ്പെടെയുള്ള സകല എറണാകുളം യാത്രയുടേയും ഔദ്യോഗിക സ്പോണ്‍സറായി ഇന്ത്യന്‍ റെയില്‍വെസ്‌.

ഈ പറഞ്ഞ മൂന്നുമാസം ഈയിടെ വരുന്ന ജയറാം സിനിമകളെ പോലെ വന്നതിലും സ്പീഡില്‍ പോയിക്കിട്ടി.ആരും സീസണ്‍ ടിക്കറ്റ്‌ പുതുക്കാനൊന്നും മിനക്കെട്ടില്ല.ഒന്നാമത്തെ കാരണം ഈ മൂന്നു മാസത്തെ യാത്രക്കിടയില്‍ മരുന്നിനു പോലും ആരും ഇതു ചോദിച്ചിട്ടില്ല.പിന്നെ സ്റ്റേഷനില്‍ ചെക്കിംഗ്‌ ഉണ്ടെങ്കില്‍ പുറത്തു പോകാന്‍ വേറെ ഒരുപാടു വഴികളുമുണ്ട്‌.അങ്ങനെ കാലാവധി കഴിഞ്ഞ സീസണ്‍കാര്‍ഡുമായാണു എല്ലാവരുടെയും യാത്ര.

ഒരു ഞായറാഴ്ച ഇതു പോലെ എന്തോ സ്വകാര്യ ആവശ്യത്തിനു പോയി തിരികെ ആലുവാ സ്റ്റേഷനിലിറങ്ങിയ സജിയെ ഒരാള്‍ പിടിച്ചു നിര്‍ത്തി.ടിക്കറ്റ്‌ ചെക്കിംഗ്‌ സ്ക്വാഡ്‌ ആണത്രേ!!അക്കാലത്ത് റെയില്‍വെയുമായി ബന്ധപ്പെട്ട് ഞങ്ങള് ഏറ്റവും വെറുത്തിരുന്ന കൂട്ടര്.നേരില് കാണുന്നത് പോലും അറപ്പായിരുന്നു.സാധാരണ ഗതിയില്‍ സീസണ്‍ ആണെന്നു പറഞ്ഞാല്‍ പൊക്കോളാന്‍ പറയും അതല്ലെങ്കില്‍ കാര്‍ഡ്‌ മേടിച്ചു ഫോട്ടോയുമായി ഒത്തു നോക്കും.അതാണു മാക്സിമം സംഭവിച്ചതായുള്ള കേട്ടുകേള്‍വി.കാര്‍ഡ്‌ സ്ക്വാഡിണ്റ്റെ കൈയില്‍ കൊടുത്തു.അവധി ദിവസമായതു കൊണ്ടും പ്രത്യേകിച്ചു വേറെ പണിയൊന്നുമില്ലാത്തു കൊണ്ടാണോ എന്നറിയില്ല, പത്താം ക്ളാസ്‌ പരീക്ഷക്കു പഠിക്കുന്ന പോലെ അയാള്‍ കാര്‍ഡ്‌ അരിച്ചുപെറുക്കാന്‍ തുടങ്ങി.അപ്പോഴേക്കും സജിയുടെ തലയില്‍ അപകട സൈറണ്‍ മുഴങ്ങുകയും രക്ഷപ്പെടാനുള്ള സാധ്യതകള്‍ ചികയാന്‍ വേണ്ടി അതേ തലയിലെ തന്നെ ഡാറ്റാബേസിലേക്കു ക്വറി അയക്കുകയും ചെയ്തു.

ആലുവായില്‍ വടക്കോട്ടു പോകുന്ന ട്രയിനുകള്‍ മൂന്നാം നമ്പര്‍ പ്ളാറ്റ്‌ ഫോമിലാണു വരുന്നത്‌.അവിടെ നിന്നും റെയിലുചാടികടന്നു നാലാം പ്ളാറ്റ്‌ ഫോമിലേക്കു കയറിയാല്‍ ലൈബ്രറിയുടെ മുന്‍പിലൂടെ ബാങ്കുകവലയിലെത്താം.ഇനിയെങ്ങാനും സ്ക്വാഡ്‌ സീസണ്‍ ടിക്കറ്റിണ്റ്റെ കാലാവധി കഴിഞ്ഞതു കണ്ടുപിടിച്ചാല്‍ അയാളുടെ കൈയില്‍ നിന്നും കാര്‍ഡ്‌ തട്ടിപ്പറിച്ച്‌ ട്രാക്ക്‌ ചാടികടന്നു ഓടി ബാങ്ക്‌ കവലയിലെത്താന്‍ ഡാറ്റബേസില്‍ നിന്നും മറുപടി വന്നു.പറഞ്ഞതു പോലെ സ്ക്വാഡില്‍ നിന്നും '"ഇതിണ്റ്റെ വാലിഡിറ്റി കഴിഞ്ഞതാണല്ലോ"' എന്ന ചോദ്യം മുഴുവിപ്പിക്കുന്നതിനു മുന്‍പ്‌ സജി കാര്‍ഡ്‌ തട്ടിപ്പറിക്കലും ചാട്ടവും ഓട്ടവും കഴിഞ്ഞിരുന്നു.സ്ക്വാഡുകാരനെന്താണു സംഭവിച്ചതെന്നു പോലും മനസ്സിലായില്ല.അങ്ങനെ ഒരു നീക്കം അയാളു തീരെ പ്രതീക്ഷിച്ചിരുന്നില്ല,കാരണം കണ്ടാല്‍ മാന്യനാണെന്നു തെറ്റിദ്ധരിക്കാനുള്ള എല്ലാ ലക്ഷണവും സജിക്കുണ്ടായിരുന്നല്ലോ!!!!!

ഏതാണ്ട്‌ ഒന്നര കിലോമീറ്റര്‍ നിലം തൊടാതെയുള്ള ഓട്ടം ബാങ്ക്‌ കവലയിലെത്തി ആരും പുറകെ വരുന്നില്ലെന്നു ഉറപ്പുവരുത്തിയാണു നിര്‍ത്തിയത്‌.ആ ഓട്ടം ഒളിമ്പിക്സിലാണു ഓടിയിരുന്നതെങ്കില്‍ രണ്ടു മൂന്ന്‌ മെഡലിപ്പോള്‍ സജിയുടെ വീടിണ്റ്റെ ഷോക്കേസിലിരുന്നേനേ!!.അണപ്പും കിതപ്പുമൊക്കെ ഒന്നടങ്ങിയപ്പോളാണു സജി കൈയ്യിലേക്കു ശ്രദ്ധിച്ചത്‌.സ്ക്വാഡിണ്റ്റെ കൈയ്യില്‍ നിന്നും തട്ടിപ്പറിക്കുമ്പോള്‍ കാര്‍ഡിണ്റ്റെ ഒരു പാളി മാത്രമേ സജിയുടെ കൈയ്യില്‍ കിട്ടിയൊള്ളൂ,മറ്റേ പാളി സ്ക്വാഡിണ്റ്റെ കൈയ്യിലും.അതായത്‌ കാലാവധി രേഖപ്പെടുത്തിയ പാളി സജിയുടെ കൈയ്യിലും, പേരും മേല്‍ വിലാസവുമടങ്ങിയ പാളി സ്ക്വാഡിണ്റ്റെ കൈയ്യിലും.

വത്തിക്കാന്‍ പാപങ്ങളുടെ പട്ടിക പുതുക്കുന്നതിനു മുന്‍പായിരുന്നതിനാല്‍ അടുത്ത ഒരാഴ്ച സജിക്കു കിടന്നാല്‍ ഉറക്കം കിട്ടാതായി അഥവാ കിട്ടിയാല്‍ തന്നെ പി.ജെ ജോസഫ് കിംഗ് ഫിഷര് വിമാനം സ്വപ്നം കണ്ടു ഞെട്ടിയെഴുന്നേല്‍കുന്നതു പോലെയായി അവസ്ഥ.ഇതു രാത്രിയിലെ കഥ,പകലാണെങ്കിലോ സകല ചെമ്മാനോടും ചെരുപ്പുകുത്തിയോടും ഒക്കെ ഇതിനെ പറ്റി ചര്‍ച്ച നടത്തി അവരു പറയുന്ന കിട്ടാന്‍ സാദ്ധ്യതയുള്ള ശിക്ഷകളൊക്കെ കേട്ട്‌ വീണ്ടും രാത്രി വന്നു ഉറക്കമില്ലാതെയായി.ഏറ്റവും കുറഞ്ഞപക്ഷം തൂക്കികൊല്ലാന്‍ വരെ വിധിക്കാന്‍ സാധ്യതയുള്ള കുറ്റക്രിത്യമാണല്ലോ ചെയ്തിരിക്കുന്നതു.ഒടുവില്‍ കാത്തിരുപ്പിണ്റ്റെ അന്ത്യമായി ശിക്ഷ തീരുമാനമാക്കാനുള്ള ഇണ്ടാസ്‌ വന്നു.സമന്‍സ്‌!!!!.

അടുത്ത ആഴ്ച നേരിട്ട്‌ കോടതിയില്‍ ഹാജരായി മരണം വരെ തൂക്കിലിടണോ അതോ വെടിവെച്ചു കൊല്ലണോ എന്നു തീരുമാനം കേള്‍ക്കാന്‍ റെഡിയാവുന്ന അവസ്ഥയിലായി സജി.എന്തൊക്കെയായാലും അങ്ങനെ വെറുതെ കീഴടങ്ങാന്‍ സജി തയ്യാറായിരുന്നില്ല.ശിക്ഷ കുറച്ചു ജീവപര്യന്തമെങ്കിലും ആക്കാനുള്ള വഴികള്‍ക്കായി അവന്‍ പരക്കം പാഞ്ഞു.ഒടുവില്‍ ആലുവായിലെ ഏറ്റവും പ്രഗത്ഭനായ ക്രിമിനല്‍ വക്കീലിനെ തന്നെ,അന്നത്തെ ഏതാണ്ട്‌ ഒരുമാസത്തെ ശമ്പളത്തിനു തുല്യമായ ആയിരം രൂപ ഫീസും നല്‍കി ഏര്‍പ്പാടാക്കി.ഒടുവില്‍ ആ ദിവസമെത്തി!!!

അതിരാവിലെ തന്നെ കടുങ്ങല്ലൂരമ്പലത്തില്‍ മ്രത്യുഞ്ജയ പുഷ്പാഞ്ജലിയും ശയനപ്രദിക്ഷണവും നടത്തി സജി നേരെ ആലുവാ സബ് കോടതിയിലെത്തി.കോടതിയാലാണെങ്കില്‍ പതിവില്ലാതെ നല്ല ജനക്കൂട്ടം.അതു പോലൊരു ജനക്കൂട്ടം പിന്നെ കണ്ടത് സിനിമാ നടി രേഷ്മയെ റെയ്ഡ് ചെയ്തു ഇതേ കോടതിയില് ഹാജരാക്കിയപ്പോഴാണ്.അതും കൂടിയായപ്പോള്‍ സജി തൂക്കുകയര്‍ ഏതാണ്ടുറപ്പിച്ചു.കോടതി നടപടികള്‍ ആരംഭിച്ചു.അപ്പോഴാണു ഈ വന്നു നില്‍ക്കുന്ന ബഹുഭൂരിപക്ഷവും ഇതു പോലുള്ള പെറ്റിക്കേസുകളില്‍ പ്രതികളായി എത്തിയിട്ടുള്ളവരാണു എന്നു മനസ്സിലായത്‌.ഒരോരോ കേസായി ജഡ്ജി വിളിച്ചു തുടങ്ങി.ഓരോ കേസിലും പ്രതി കൂട്ടില്‍ കയറി നില്‍ക്കും,ജഡ്ജി കേസുവായിച്ചു പ്രസ്തുത കുറ്റം ചെയ്തിട്ടുണ്ടോ എന്ന്‌ ചോദിക്കും.ചെയ്തിട്ടുണ്ട്‌ എന്നു പ്രതി പറയും.ജഡ്ജി ശിക്ഷ വിധിക്കും.ഏകദേശം രണ്ട്‌ മണിക്കൂറോളം ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടേയിരുന്നു.ആരും കുറ്റം നിഷേധിക്കുന്നില്ല.ശിക്ഷയാണെങ്കില്‍ പിഴ മാത്രം.പിന്നീട്‌ കാര്യം മനസ്സിലായി കുറ്റം നിഷേധിക്കുകയാണെങ്കില്‍ വക്കീലിനെ വെക്കണം,പിന്നെ കേസു മാറ്റി വെക്കും അങ്ങിനെ അങ്ങിനെ അതങ്ങു നീണ്ടു പോകും.ഇതാണെങ്കില്‍ ഒറ്റദിവസം കൊണ്ടു കാര്യം കഴിയും.

ഏതാണ്ട്‌ കോടതി പിരിയാറായിട്ടും കേസുകളുടെ പകുതി പോലും വിളിച്ചിട്ടില്ലെന്നു കോടതി വരാന്തയിലെ ആള്‍ക്കൂട്ടം തെളിയിച്ചിരുന്നു.ഓരോ കസ്റ്റമര് വരുമ്പോഴും ഇറച്ചി കോഴി ഇറച്ചി വെട്ടുകാരനെ നോക്കുന്ന പോലെ സജി ഇടക്കിടക്കു വക്കീലിണ്റ്റെ മുഖത്തേക്കു നോക്കുകയും അദ്ദേഹം ഇപ്പോള്‍ വിളിക്കുമെന്ന്‌ ആംഗ്യം കാണിക്കുന്നുമുണ്ടു.ഒടുവില്‍ ഈ കേസുകളൊക്കെ അന്നേ ദിവസം വിളിച്ചു തീര്‍ക്കാനാകിലെന്നു ജഡ്ജിക്കുറപ്പായതോടെ സജി രണ്ടാഴ്ച്ച ഉറക്കമിളച്ചു പേടിച്ചിരുന്ന സുപ്രധാനമായ ആ വിധി വന്നു.

'" ബാക്കിയുള്ള എല്ലാ കേസുകളിലെ പ്രതികള്‍ക്കും അന്‍പതു രൂപാ വീതം പിഴ വിധിക്കുന്നു "'