Monday, July 14, 2008

ഒരു ബൈക്ക് യാത്രയുടെ സ്മരണകള്

സ്ഥലം ആലുവാ ബൈപ്പാസ്‌ റോഡ്‌,സമയം 1993-ലെ ഒരു വൈകുന്നേരം അഞ്ചര ആറു മണി,അല്ലെങ്കിലും ഇവിടെ സമയത്തിനും സ്ഥലത്തിനുമൊക്കെ എന്തു പ്രസക്തി.ഇതൊക്കെ ആര്ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണല്ലോ.തൃശൂര്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ പഠിക്കുന്ന കാലം.ഹോസറ്റലില് നിന്നും എല്ലാ വെള്ളിയാഴ്ചയും ഷൊറണ്ണൂറ്-കൊച്ചി പാസന്ചറില് കയറി വീട്ടിലേക്കു വരികയും തിരിച്ചു തിങ്കളാഴ്ച രാവിലെ ആലപ്പുഴ-ബൊക്കാറൊ എക്സ്പ്രസില് കോളേജിലേക്കു പോകുകയുമായിരുന്നു പതിവ്‌.ശനിയാഴ്ച വൈകുന്നേരം ആലുവാ ടൌണില്‍ പോയി തിരികെ വരുന്ന വഴിക്ക്‌ വെറുതെ ഒരാവശ്യവുമില്ലാതെയാണ് ടാസ്‌ റോഡിലുള്ള ബിമലിന്റെ വീട്ടില് കയറിയത്‌.തലേദിവസം ഒരുമിച്ചു ത്രിശ്ശൂരില് നിന്നും വന്നതാണു, മറ്റന്നാള്‍ ഒരുമിച്ചു പോകുകയും ചെയ്യും.പിന്നെ എന്തു കാര്യം എന്നു ചോദിച്ചാല്‍ ഇങ്ങനെയൊക്കെയാണല്ലോ ബ്ളോഗാനുള്ള സംഭവങ്ങള്‍ ഒത്തു കിട്ടുന്നത്‌.

ബിമലിന്റെ വീട്ടില്‍ നിന്നിറങ്ങാന്‍ നേരത്താണു അവന്‍ വാങ്ങിയ പുതിയ ബൈക്കിന്റെ കാര്യം പറഞ്ഞതു,കൂടാതെ അതില്‍ എന്നെ ഡ്രോപ്‌ ചെയ്യാമെന്നുള്ള ഓഫറും തന്നു.എനിക്കാണെങ്കില്‍ അന്നും ഇന്നും ആരെങ്കിലും ഓടിക്കുന്ന വണ്ടിയില്‍ കയറി കറങ്ങുന്നതു, ഷക്കീല പടത്തില്‍ നായകനായി അഭിനയിക്കാന്‍ വിളിക്കുന്ന നടനെ പോലെ താല്പര്യമുള്ള കാര്യമാണല്ലോ!!!അതിപ്പോള്‍ ബൈക്കു തന്നെ വേണമെന്നില്ല ബെന്‍സ് കാറായാലും നമുക്കു പ്രശ്നമല്ല.അപ്പോള്‍ പിന്നെ ആ ഓഫര്‍ സ്വീകരിക്കാന്‍, കരുണാകരന്റെ വാക്കു കേട്ട്‌ മുകുന്ദപുരം പാര്‍ലമെന്റ് സീറ്റില്‍ മല്‍സരിക്കാന്‍ തീരുമാനിച്ച പത്മജയെ പോലെ തന്നെ രണ്ടാമതാലോചിക്കേണ്ടി വന്നില്ല.

അങ്ങനെ അവന്റെ പുത്തന്‍ സുസുകി സമുറായിയില് എന്നെയും കയറ്റി പുറപ്പെട്ടു.വണ്ടി ഓടിക്കുന്ന ആളും ആലുവായിലെ വഴികളും അത്ര പരിചയമില്ലാത്തതു കൊണ്ടാണോ എന്നറിയില്ല ഒരു വശപ്പെശകോടെ അത്ര താല്പര്യമില്ലാത്തതു പോലെയാണു വണ്ടി ഞങ്ങളുടെ കൂടെ പുറപ്പെട്ടത്‌. തൈനോത്തില്‍ റോഡില്‍ കൂടി പ്രീമിയറിന്റെ മുന്‍പില്‍ എത്തിയതോടെ വണ്ടി അവിടെ നിന്നു.എത്ര ചവുട്ടിയിട്ടും വണ്ടി അനങ്ങുന്നില്ല.........

ഒന്നാമതായി വണ്ടി നിൽക്കുന്നത്‌ ആലുവായിലെ എണ്ണം പറഞ്ഞ ബാറിന്റെ മുന്‍പിലാണ്.ആരു കണ്ടാലും അടിച്ചു ഫിറ്റായി വണ്ടി സ്റ്റാര്ട്ടാക്കാന് പറ്റാതെ ചവിട്ടു നാടകം നടത്തുകയാണെന്നേ കരുതുകയുള്ളൂ!!! അല്‍പ്പമെങ്കിലും മാനാഭിമാനമുള്ള വണ്ടിയാണെങ്കില്‍ ഇമ്മാതിരി ചവിട്ടു കൊണ്ടാല്‍ സ്റ്റാര്‍ട്ടാകുക മാത്രമല്ല നൂറു കിലോമീറ്റര്‍ സ്പീഡില്‍ ഓട്ടവും കഴിഞ്ഞേനേ!!!ഇതാണെങ്കില്‍ കുവൈറ്റില്‍ വെച്ച്‌ കണ്‍സ്ട്രക്ഷന്‍ മീറ്റിങ്ങില്‍ കൊറിയന്‍ ബോസിന്റെ തെറി കേള്‍കുമ്പോള്‍ ഞാനിരിക്കുന്ന പോലെ ഇതൊന്നും എന്നോടല്ല എന്ന മട്ടില്‍ യാതൊരു ഭാവ വ്യത്യാസങ്ങളുമില്ലാതെ ഇരിക്കുന്നു.ഇനി വയലാറെഴുതിയ പോലെ മതി തീരും വരെ ഇവിടെ കുടിക്കാന്‍ സാധിക്കാതെ മരിച്ച ഏതെങ്കിലും ആത്മാവ്‌ പരകായ പ്രവേശം നടത്താന്‍ മനുഷ്യ ശരീരങ്ങളൊന്നും കിട്ടാതെ ഈ ബൈക്കിലെങ്ങാനും കയറി കൂടിയതാണോ? ചിലപ്പോള്‍ ശരിയായിരിക്കും എന്നിട്ട്‌ ഓം ശാന്തി ഓമിലെ ഷാരൂഖിനെ പോലെ പഴയ താവളം കണ്ടപ്പോള്‍ എല്ലാം ഓര്‍മ്മ വന്നു നിന്നതായിരിക്കും.

എന്തായാലും ആളുകളെ കൊണ്ടു അധികം പറയിക്കാതെ അല്‍പം മാറ്റിനിര്‍ത്തി സ്റ്റാര്‍ട്ട്‌ ചെയ്യാമെന്നു തീരുമാനിച്ചു.വണ്ടി തള്ളി ബൈപാസ്‌ റോഡിനു സമാന്തരമായുള്ള റോഡില്‍ വടക്കോട്ട്‌ ദര്‍ശനമാക്കി വെച്ച്‌ വീണ്ടും തൊഴി തുടങ്ങി.ബിമല്‍ തൊഴിച്ചു ക്ഷീണിച്ചപ്പോള്‍ ആ പണി ഞാന്‍ ഏറ്റെടുത്തു.അത്യാവശ്യം ഇരുട്ടും വീണുതുടങ്ങിയിരുന്നു.ഞാനാണെങ്കില്‍ വണ്ടിയില്‍ കയറി ഇരുന്നാണീ ചവിട്ട്‌ നാടകം നടത്തുന്നത്‌.പെട്ടന്നാണു തൊട്ടടുത്ത് വന്ന്‌ ഒരു വണ്ടി സഡന്‍ ബ്രേക്കിട്ട്‌ നില്‍ക്കുന്നതിണ്റ്റെയും അതില്‍ നിന്നും ചാടിയിറങ്ങിയ ബൂട്സുകള്‍ പട പട ശബ്ദത്തോടെ അടുത്തു വരുന്നതിണ്റ്റേയും ചിരപരിചിത ശബ്ദങ്ങള്‍ ചെവിയില്‍ വന്നു പതിച്ചത്‌.തലയുയര്‍ത്തി നോക്കി തെറ്റിയില്ല അവരുതന്നെ "പോലീസ്‌".

ചാടിയിറങ്ങിയ ഏമാന്‍മാര്‍ ഞങ്ങള്‍ വണ്ടിയെങ്ങാനും ഇട്ടേച്ച്‌ ഓടിയാലോ എന്നൊ മറ്റോ വിചാരിച്ചാണോ നാലു വശത്ത്‌ നിന്നും വളഞ്ഞു നിന്നു ചോദ്യങ്ങള്‍ തുടങ്ങി.ഞങ്ങളാണെങ്കില്‍ ഓടാന്‍ പോയിട്ട്‌ നേരെ നില്‍ക്കാന്‍ പോലും പാങ്ങിലാതെ,തോക്കുമായി നില്‍ക്കുന്ന ഹിമവല്‍ ഭദ്രനെ പിടിക്കാന്‍ പോയ പോലീസുകാരെ പോലെ,അങ്ങോട്ടും ഇങ്ങോട്ടും നോക്കുകയാണു.
ആരെടാ?,എന്തെടാ?,എവിടേക്കാടാ?,ആരുടെ വണ്ടിയാടാ? തുടങ്ങിയ ഉത്തരം വേണ്ടാത്ത കുറെ ചോദ്യങ്ങള്‍ ചടെ പടെ എന്നു ചോദിക്കുന്നതിണ്റ്റെ ഇടയില്‍ സാറെ ഇവന്‍മാരാ കഴിഞ്ഞാഴ്ച പമ്പ്‌ കവലയില്‍ നിന്നും കാണാതായ ബൈക്ക്‌ പൊക്കിയത്‌ എന്ന്‌ ഒരു പോലീസുകാരന്‍ പറഞ്ഞത്‌, സന്തോഷ്‌ മാധവണ്റ്റെ ഫ്ളാറ്റ്‌ റെയ്ഡ്‌ ചെയ്ത്‌ കിട്ടിയ ആല്‍ബത്തില്‍ സ്വന്തം പടം കണ്ട കുഞ്ചാക്കോ ബോബണ്റ്റെ അഥവാ ഇടിവെട്ടിയവനെ പാമ്പ്‌ കടിച്ച പോലെ നിന്നു കേട്ടു.ഉത്തരം പറയാന്‍ അവസരം തന്ന ചുരുക്കം ചില ചോദ്യങ്ങളില്‍ കൂടി വണ്ടി ബിമലിണ്റ്റേതാണെന്നും പുതിയതായി വാങ്ങിയതാണെന്നും അനന്തം അഞ്ജാതമായ കാരണത്താല്‍ ഇവിടെ വന്നപ്പോള്‍ നിന്നു പോയതാണെന്നും ബോധിപ്പിക്കാന്‍ പറ്റി.

"എന്താടാ പണി?" എന്ന ചോദ്യത്തിനു പഠിക്കുകയാണെന്ന്‌ പറഞ്ഞാല്‍ മതിയെങ്കിലും മനപ്പൂര്‍വം എഞ്ചിനീയറിങ്ങിനാണു പഠിക്കുന്നതെന്നു പറഞ്ഞു.എന്താന്നു വെച്ചാല്‍ ഒന്നാമതായി അന്ന്‌ ഇന്നത്തെ പോലെ ഓരോ ബസ് സ്റ്റോപ്പില് രണ്ട്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌ വെച്ചുണ്ടായിരുന്നില്ല,കൂടാതെ ഇന്നത്തെ പോലെ പട്ടിക്കു കല്ലെറിഞ്ഞു കൊണ്ടില്ലെങ്കില് കൊള്ളുന്നത് എഞ്ചിനീയറിംഗ്‌ വിദ്യാര്ത്ഥിക്കുമല്ലായിരുന്നു. അതിനാല്‍ പൊതുജനം എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിക്ക്‌ ഒരു ബഹുമാനമൊക്കെ കൊടുത്തിരുന്നു.കൂടാതെ '"നാളെ ചിലപ്പോള്‍ നിന്നെയൊക്കെ സല്യൂട്ട്‌ ചെയ്യേണ്ടി വരുമല്ലോ എന്നോര്‍ത്തു മാത്രം നിന്നെയൊക്കെ ഒന്നും ചെയ്യുന്നില്ല, അല്ലെങ്കില്‍ ഇടിച്ച്‌ നിണ്റ്റെയൊക്കെ പരിപ്പിളക്കിയേനേ!!!"എന്ന ഡയലോഗ്‌ ഇടക്കിടക്ക്‌ രാമവര്‍മ്മപുരം,വിയ്യൂറ്‍ പോലീസുകാരുടെ വായില്‍നിന്നും കേള്‍ക്കാറുള്ളതു കൊണ്ട്‌ ഒന്നു പരീക്ഷിച്ചു നോക്കിയതാണു.അതേറ്റെന്നു തോന്നുന്നു!!!പോലീസ്‌ ഭാഷ അല്‍പം കൂടി മയമായി.

കാണാതെ പോയ ബൈക്കുകളൊക്കെ ഞങ്ങളുടെ തലയില്‍ നിന്നും മാറ്റി.അപ്പ ദാ വരുന്നു അടുത്ത പ്രശ്നം വണ്‍ വേ തെറ്റിച്ചത്രേ!!!ഒന്നാമതായി ഈ റോഡില്‍ എപ്പോഴാ നിയന്ത്രണം വരികയെന്നു ആര്‍ക്കും പറയാന്‍ പറ്റില്ല.ഇന്നു തെക്കോട്ട്‌ പോകാമെങ്കില്‍ നാളെ വടക്കോട്ടായിരിക്കും അതറിയണമെങ്കില്‍ തെക്കേ അറ്റത്തുള്ള പോലീസുകാരനോടു ചോദിക്കണം.അതു ചോദിക്കാന്‍ വടക്കുനിന്നും തെക്കേ അറ്റത്തേക്കു പോകുമ്പോള്‍ റോങ്ങ്‌ ഡയറക്ഷനായാല്‍ ഒന്നുകില്‍ പെറ്റി അല്ലെങ്കില്‍ രൂപാ അന്‍പത്‌ പോക്ക്‌.

"അതു പിന്നെ സാറെ !!വണ്ടി നിന്നു പോയതിനാല്‍ സ്റ്റാര്‍ട്ടാക്കാന്‍ വേണ്ടിയാണു ഈ റോഡിലേക്കെടുത്തത്‌ അല്ലാതെ ഓടിക്കാന്‍ വേണ്ടിയല്ല, അതുമല്ല ഈ സമയത്ത്‌ നാഷണല്‍ ഹൈവെയുടെ വക്കില്‍ നിന്നു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യുകയാണെങ്കില്‍ സാറിനു തന്നെ ഞങ്ങളെ പെറുക്കി ആശുപത്രിയെലെത്തിക്കേണ്ടി വരും".
അപ്പ ദാ വരുന്നു അടുത്ത ചോദ്യം? ലൈസന്‍സ്‌!!!! ഇതെന്തു മാരണം!!! കിലുക്കത്തിലെ ജഗതിയുടെ നിശ്ചല്‍ ദ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഓഫ്‌ ഇന്ത്യക്കു വരുന്ന പോലെ ഒന്നു കഴിയുമ്പോള്‍ അടുത്തത്‌.

ബിമലിണ്റ്റെ ലൈസന്‍സെടുത്തു കൊടുത്തു പോരാ അവര്‍ക്ക്‌ എണ്റ്റെ ലൈസന്‍സ്‌ തന്നെ കാണണം.
"സാറേ!! ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കാന്‍ ശ്രമിക്കുകയാണു അതിനെന്തിനാണെണ്റ്റെ ലൈസന്‍സ്‌?"
ഇവര്‍ ഞങ്ങളെ വിടാന്‍ യാതൊരു ഉദ്യേശവുമില്ലെന്നു തോന്നുന്നു.നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിയിലായാലും ഡ്രൈവിംഗ്‌ സീറ്റിലിരിക്കാന്‍ ലൈസന്‍സ്‌ വേണമെന്ന്‌ ഞാന്‍ അപ്പോളാണറിഞ്ഞത്‌.ഏതു നേരത്താണാവോ ലൈസന്‍സ്‌ വീട്ടിലാണെന്നു പറയാന്‍ തോന്നിയതു .........എന്തായാലും പിറ്റെ ദിവസം ലൈസന്‍സുമായി ചെന്നു സ്റ്റേഷനില്‍ കാണാന്‍ പറഞ്ഞിട്ട്‌ പോലീസുകാര്‍ പോയി അതും ട്രാഫിക്‌ സ്റ്റേഷനിലല്ല ക്രൈം സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍.വെറുതെ ഒരു ഉറപ്പിനു വേണ്ടി സി.ഐ അദ്ദേഹം വണ്ടിയുടെ ആര്‍ സി ബുക്കും കൊണ്ടു പോയി.ഞാന് പിന്നെ എതിര്ക്കാനൊന്നും പോയില്ല!!!!.

പിറ്റേദിവസമല്ല ഇതു എഴുതുന്ന സമയം വരെ തന്നാലും കാര്യമില്ല കാരണം ഇപ്പഴും ആ പറഞ്ഞ സാധനം എണ്റ്റെ കൈയില്‍ ഇല്ല. ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതിലൊന്നും യാതൊരു പങ്കുമില്ലാത്ത പോലെ അനക്കമില്ലാതെ ഇരിക്കുകയാണു ബൈക്ക്‌.എന്തായാലും ചവിട്ടുനാടകം തുടരാന്‍ പറ്റിയ മാനസികാവസ്ഥയും ശാരീരികാവസ്ഥയുമല്ലാത്തതിനാല്‍ തല്‍ക്കാലം ബൈക്ക്‌ എവിടെയെങ്കിലും വെച്ച്‌ ബാക്കി കാര്യം തീരുമാനിക്കാമെന്നു വെച്ചു.ബസ്സ്‌ സ്റ്റാണ്റ്റിണ്റ്റെ അടുത്തുള്ള ബിമലിണ്റ്റെ ഒരു പരിചയക്കാരണ്റ്റെ വീട്ടില്‍ വെക്കാന്‍ വേണ്ടി ബൈക്കും തള്ളി കൊണ്ടു പോകുമ്പോളാണു,പടമൊന്നുമില്ലാതെ കുത്തിയിരുന്ന തുളസീദാസ് ദിലീപിനെ കണ്ട പോലെ,പത്രോസ്‌ ചേട്ടനെ കണ്ടത്‌.

പത്രോസ്‌ ചേട്ടന്‍ ആലുവായില്‍ ടുവീലര്‍ വര്‍ക്ക്ഷോപ്പ്‌ നടത്തുകയാണു കൂടാതെ ചെറുകിട രാഷ്ട്രീയവും.കാര്യങ്ങള്‍ പത്രോസ്‌ ചേട്ടനോടു പറഞ്ഞപ്പോള്‍ അദ്ദേഹം സഹായിക്കാമെന്നേറ്റു.ചങ്ങാതിക്കു സി.ഐ യെ പരിചയമുണ്ടു പോലും.പിറ്റേന്ന്‌ സ്റ്റേഷനിലേക്കു പോകുമ്പോള്‍ പുള്ളിയും കൂടെ വരാമെന്നു സമ്മതിച്ചു.ഏതായാലും ഒരു പ്രശ്നം സോള്‍വാകുന്ന ലക്ഷണമുണ്ട്‌,ഇനി അടുത്ത പ്രശ്നം സ്റ്റാര്‍ട്ടാകാത്ത ബൈക്കാണു.എന്തായാലും അതും പത്രോസു ചേട്ടന്‍ തന്നെ നോക്കി.വെറും അഞ്ചു മിനിട്ടു കൊണ്ട്‌ ചേട്ടന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി തന്നില്ലെങ്കിലും എല്ലാ വണ്ടികള്‍ക്കും ബാധകമായ ഒരു യൂണിവേഴ്സല്‍ സത്യം ഞങ്ങള്‍ക്കു പറഞ്ഞു തന്നു.അതായത്‌ പെട്രോള്‍ തീര്‍ന്നു പോയാല്‍ എല്ലാ വണ്ടികളും ഇങ്ങനെയാണത്രേ!!!!!!

അന്നേരം ബിമലെന്നെ കലിപ്പിച്ചൊരു നോട്ടം നോക്കി,ഞാന്‍ ഒന്നും പറഞ്ഞില്ല കാരണം അവന്‍ സിവില്‍ എഞ്ചിനീയറാണല്ലോ അതിനാല്‍ അവനു കലിപ്പിക്കാം ഞാന്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി പോയല്ലോ!!!!. എന്നാലും എണ്റ്റെ ബൈക്കേ നിനക്കതൊന്നു വായ തുറന്നു പറയാമായിരുന്നില്ലേ!!

അവിടെ നിന്നും നേരെ സ്വാമിയുടെ പമ്പില്‍ പോയി അര ലിറ്റര്‍ പെട്രോളടിച്ചു പ്രശ്നം അതു തന്നെയായിരുന്നെന്നുറപ്പു വരുത്തി.ഞാന്‍ അടുത്ത ബസ്സ്‌ പിടിച്ച്‌ വീട്ടിലേക്കും ബിമല്‍ വണ്ടി ഓടിച്ചാണോ അതോ തള്ളിയാണോ എന്നറിയില്ല അവണ്റ്റെ വീട്ടിലേക്കും പോയി.

പിറ്റേ ദിവസം ഞായറാഴ്ചയായിരുന്നതിനാലും പോലീസ്‌ സ്റ്റേഷന്‍ അവധിയാണോ എന്നുറപ്പില്ലാത്തതിനാലും ഞങ്ങള്‍ അന്നു പോയില്ല.ഇനി അവധി ദിവസം പോലീസ്‌ സ്റ്റേഷനില്‍ ചെന്നെന്നും പറഞ്ഞ്‌ അടുത്ത കേസും കൂടി വയ്യ. അടുത്ത ദിവസം തിങ്കളാഴ്ച നല്ല ദിവസമായിട്ട്‌ കോളേജില്‍ പോക്കൊക്കെ മാറ്റി വെച്ചു അതിരാവിലെ ഒരു പത്തു മണിയോടെ പത്രോസു ചേട്ടണ്റ്റെ വര്‍ക്ക്‌ ഷോപ്പിലെത്തി.ഇന്നലെ വരെ രാവിലെ വര്‍ക്ക്‌ ഷോപ്പിലേക്കു വന്നാല്‍ മതി ഒക്കെ ശരിയാക്കി തരാമെന്നു പറഞ്ഞിരുന്ന പത്രോസ്‌ ചേട്ടന്‍,തലേ ദിവസം വരെ ആ സന്തോഷ്‌ മാധവനല്ല ഈ സ്വാമി എന്നൊക്കെ ചാനലില്‍ പറഞ്ഞു നടന്നിട്ട്‌ ഒടുവില്‍ പോലീസ്‌ റെയിഡിനു വന്നപ്പോള്‍ മുങ്ങിയ സന്ദീപ്‌ ചൈതന്യയുടെ റോളില്‍ സ്കൂട്ടായി.ഞങ്ങളാണെങ്കില് പണ്ടു കോളേജില് കലോത്സവത്തിന് കര്ട്ടന് വലിക്കാനിരുന്ന ഗോക്രി ആധുനിക നാടകത്തിലെ ആദ്യ ഡയലോഗായ "ആരെടാ കര്ട്ടന് പൊക്കിയത് " എന്ന് കേട്ടപ്പോള് ചരടുമായി ഇരുന്ന പോലെ എന്ത് ചെയ്യണമെന്നറിയാതെ മുഖത്തോടു മുഖം നോക്കി നിന്നു.അപ്പോഴാണു സന്ദീപ്‌ ചൈതന്യ പോയാല്‍ ഹിമവല്‍ ഭദ്രന്‍ എന്നു പറഞ്ഞ പോലെ പത്രോസു ചേട്ടണ്റ്റെ ശിങ്കിടിയും ,കേരള രാഷ്ട്രീയത്തിലെ മുരളിയെ പോലെ,വര്‍ക്ക്‌ ഷോപ്പില്‍ പ്രത്യേകിച്ചു റോളൊന്നുമില്ലെങ്കിലും എല്ലാം എണ്റ്റെ തലയില്‍ കൂടിയാണു ഓടുന്നതെന്ന ഭാവത്തോടെ, ബാലക്രിഷ്ണനെന്ന ബാലന്‍ ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌.പോലീസ്‌ സ്റ്റേഷനില്‍ കൂട്ടു വരാമെന്നു പത്രോസു ചേട്ടന്‍ പറഞ്ഞിരുന്ന കാര്യം പറഞ്ഞപ്പോള്‍,
"എന്നോടൊന്നും പറഞ്ഞിട്ടില്ല!! എന്നാലും നമുക്കു ശരിയാക്കാം " എന്നു പറഞ്ഞു ബാലന്‍ ഞങ്ങളുടെ കൂടെ വന്നു.

വര്‍ക്ക്‌ ഷോപ്പില്‍ നിന്നും പോലീസ്‌ സ്റ്റേഷനിലേക്കുള്ള അഞ്ചു മിനിട്ട്‌ ഓട്ടോ യാത്രയില്‍, പണ്ട്‌ നാലാം സെമെസ്റ്റര്‍ കണക്കു പരീക്ഷക്ക്‌ ഹോസ്റ്റലില്‍ നിന്നു കോളേജിലേക്കു നടക്കുമ്പോള്‍ ഒരു മൊഡ്യൂളായ '"കോംബ്ളെക്സ്‌ അനാലിസിസ്‌" ബ്രീഫായി പഠിപ്പിച്ചു കൊടുക്കാന്‍ നാമിയയോടു പറഞ്ഞ അബ്രഹാമിനെ പോലെ, സംഭവങ്ങള്‍ മുഴുവന്‍ ബ്രീഫായിട്ടു വിവരിക്കാന് ബാലനും ആവശ്യപ്പെട്ടു.പറഞ്ഞത് അബ്രഹാമിനെ പോലെ ബാലനും മനസ്സിലായോ എന്തോ??

എന്നെ സ്റ്റേഷനു പുറത്തു നിര്‍ത്തി ബാലനും ബിമലും അകത്തേക്കു പോയി. ഞാന്‍ സ്റ്റേഷണ്റ്റെ മുറ്റത്തു നില്‍ക്കുന്ന മാവിണ്റ്റെ കോടതിയിലേക്കു പോകുന്ന വഴിയിലേക്കു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കൊമ്പിണ്റ്റെ തണലില്‍ ഇവന്‍മാരിപ്പോള്‍ അകത്തു പോയി എന്തു പണ്ടാറമാണോ ഒപ്പിക്കാന്‍ പോകുന്നത്‌ എന്നൊന്നും തലപുകക്കാതെ ,ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫൈനലില്‍ വിധി കേള്‍ക്കാന്‍ നില്‍കുന്ന നജീമിണ്റ്റെ പോലെ, യാതൊരു ടെന്‍ഷനുമില്ലാതെ മുന്‍സിപ്പല്‍ ഗ്രൌണ്ടിലേക്കും നോക്കി നിന്നു.എന്തായാലും ആ നില്‍പ്പ്‌ അധികം നേരം തുടരാന്‍ പറ്റിയില്ല.ബാലന്‍ കെ നായരുടെ വീട്ടില്‍ നിന്നും ഓടിവരുന്ന സീമയുടെ മുഖഭാവത്തോടെ ബിമല്‍ ഓടി വന്നു. '"എടാ വേഗം വാ ആകെ പ്രശ്നമായി"എന്താണു പ്രശ്നമെന്നൊന്നും പറയാതെ ബിമല്‍ എണ്റ്റെ കൈയ്യില്‍ പിടിച്ചു വലിച്ചു സ്റ്റേഷനിലേക്കു പാഞ്ഞു.

ഹിമവല്‍ ഭദ്രാനന്ദന്‍ വെടിപൊട്ടിച്ച അതേ സ്റ്റേഷന്‍.സ്റ്റേഷണ്റ്റെ അകത്തേക്കു കയറുമ്പോള്‍ ആ സമയത്ത്‌ പ്രതീക്ഷിക്കാവുന്ന ഏറ്റവും ഭീകരമായ കാഴ്ച തന്നെ കണ്ടു.ബാലനെ രണ്ടു പോലീസുകാര്‍ കഴുത്തില്‍ പിടിച്ചു ലോക്കപ്പിലേക്കു തള്ളുന്നു.സി ഐ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു.സംസാരത്തില്‍ നിന്നും എന്തോ അത്യാഹിതം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനു ഉടന്‍ പുറത്തു പോകണമെന്നു ഏകദേശ രൂപം കിട്ടി.ഫോണ്‍ താഴെ വെച്ച ഉടന്‍ സി ഐ എണ്റ്റെ ഷര്‍ട്ടില്‍ കുത്തി പിടിച്ചു
"ഇവനല്ലേടാ അവന്‍ , എനിക്കെന്താടാ കണ്ണു കാണില്ലാ എന്നു വിചാരിച്ചോ"എന്നു ചോദിച്ചു കൈ വീശി..
ഇല്ല അടിച്ചില്ല..സത്യമായിട്ടും...എന്താ വിശ്വാസം വരുന്നില്ലേ!!!!
അല്ല, നിങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.എനിക്കടി കിട്ടിയില്ല എന്നു ഞാന്‍ തന്നെ എന്നോടു പറഞ്ഞിട്ട്‌ ഞാന്‍ തന്നെ വിശ്വസിച്ചില്ല പിന്നെയല്ലെ നിങ്ങള്‍!!!!.

ഫോണിലൂടെ കേട്ട കാര്യം എന്തോ സീരിയസായതു കൊണ്ടാണെന്നു തോന്നുന്നു സി ഐ ഒരു പോലീസുകാരനെ വിളിച്ചു ഇവന്‍മാരെ കോടതിയിലേക്ക്‌ വിട്ടേരെ എന്നു പറഞ്ഞു പുറത്തേക്കു പോയി.പോലീസുകാരനു കാര്യം എന്താണെന്നു മനസ്സിലായില്ലെന്നു തോന്നുന്നു, പുള്ളി കടലാസൊക്കെ എടുത്തു ഞങ്ങളോട്‌ എന്താണു കാര്യമെന്നു ചോദിച്ചു.ഉള്ള കാര്യം ഉള്ള പോലെ പറഞ്ഞേക്കാമെന്നു വിചാരിച്ചു , ബൈക്കില്‍ ട്രിപ്പിള്‍ കയറിയതാണെന്നു പറഞ്ഞു.പോലീസുകാരന്‍ മയത്തില്‍ ചാര്‍ജ്‌ ഷീറ്റെഴുതുന്നതെന്നു പറഞ്ഞു.പക്ഷെ ആ മയത്തിനു ഇരുപത്തഞ്ച് രൂപ വിലയുണ്ടെന്ന് അവസാനമാണ് മനസിലായത് .അതിണ്റ്റെ കൂട്ടത്തില്‍ സ്റ്റേഷനില്‍ നിന്നും ആര്‍ സി ബുക്‌കും സംഘടിപ്പിച്ചു.പിന്നെ നേരെ കോടതിയിലേക്ക്‌ നടന്നു.അവിടെ ചെല്ലുമ്പോള്‍ ജഡ്ജി അന്നത്തെ കച്ചവടമൊക്കെ കഴിഞ്ഞു കട പൂട്ടി ഇറങ്ങുകയായിരുന്നു.എന്നാല്‍ പിന്നെ നാളെ വരാമെന്നു പോലീസുകാരനോടു പറഞ്ഞപ്പോള്‍ അവരു തന്നെ ഫുഡ്‌ ആണ്റ്റ്‌ അക്കോമഡേഷന്‍ ശരിപ്പെടുത്തി തരാമെന്നു പറഞ്ഞു.റിമാണ്റ്റ്‌!!!!!.ഒടുവില്‍ ഒരു ഇരുപത്തഞ്ചു രൂപയില്‍ ഏതാണ്ട്‌ ഒരു മാസത്തിനു ശേഷമുള്ള ഒരു ഡെയിറ്റിലേക്ക്‌ ബെഞ്ച്‌ ക്ളാര്‍ക്ക്‌ കേസ്‌ മാറ്റി വെച്ചു തന്നു.അങ്ങനെ തല്‍ക്കാലത്തേക്ക്‌ ഞങ്ങളുടെ പ്രശ്നങ്ങള്‍ സോള്‍വായി.ഇനി അകത്തു കിടക്കുന്ന അടുത്ത പ്രശ്നത്തെ പുറത്തെത്തിക്കണം.എന്തായാലും അതില്‍ നേരിട്ടു ഇടപെടാന്‍ പറ്റില്ല.നേരത്തേ സമയമില്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു സി ഐ ഒന്നും ചെയ്യാതെ വിട്ടത്‌.ഇനി ബാലനെ ഇറക്കാന്‍ ചെല്ലുന്ന നേരത്ത്‌ അങ്ങേരു ഫ്രീ ആണെങ്കില്‍ പലിശ അടക്കം ചിലപ്പോള്‍ കിട്ടും.എന്തായലും അതു വേണ്ട!!!.പത്രോസ്‌ ചേട്ടണ്റ്റെ അടുത്തു തന്നെ ചെന്നു പറയാം.ഏതായാലും അങ്ങേരും ഞങ്ങള്‍ക്കിട്ട്‌ ചെറുതായി പാര പണിഞ്ഞതാണല്ലോ.അടുത്ത ഓട്ടോ പിടിച്ച്‌ നേരേ പത്രോസു ചേട്ടണ്റ്റെ വര്‍ക്ക്‌ ഷോപ്പിലെത്തി അതാ അവിടെയിരിക്കുന്നു സാക്ഷാല് ബാലന്‍.

എത്ര ചോദിച്ചിട്ടും ബാലന് എങ്ങനെ പുറത്തിറങ്ങി എന്ന് മാത്രം പറഞ്ഞില്ല.ഞങ്ങളും കൂടുതല് അന്വേഷിക്കാന് ആ വഴിക്ക് പിന്നീട് പോയില്ല.എന്തായാലും അതിനു ശേഷം പോലീസ്‌ സ്റ്റേഷനല്ല റെയില്‍ വേ സ്റ്റേഷനിലേക്കു പോകാന്‍ പോലും ബാലന്‍ രണ്ടാമതൊന്നാലോചിക്കും.പിന്നെ പരോപകാര പ്രവര്‍ത്തനം അതോടെ നിര്‍ത്തി എന്നാണു കേട്ടു കേള്‍വി...

No comments: