Sunday, February 28, 2010

സുന്ദരന്‍

കുവൈറ്റില്‍ വീടുകളില്‍ അന്യ മതക്കാരുടെ പ്രാര്‍ത്ഥന നിരോധിച്ചിട്ടുണ്ടോ എന്നുറപ്പില്ലാത്തതിനാല് എന്റെ ഭാര്യ ഫ്ലാറ്റില്‍ സുപ്രഭാതവും നാമം ചൊല്ലലും ഒന്നും നടത്താറില്ലെങ്കിലും ദിവസവും കാലത്തും വൈകുന്നേരവും സമാനമായ കലാപരിപാടി നടത്താറുണ്ടായിരുന്നു . രാവിലെ അപ്പുവിനെ സ്കൂളില്‍ വിടുന്നതിന്റെ അനുബന്ധമായിട്ടും വൈകുന്നേരം അവനു ചോറ് കൊടുത്തു കിടത്തി ഉറക്കുന്നതിന്റെ കോ സ്പോണ്‍സേര്‍ഡു പ്രോഗ്രാമായും അതിങ്ങനെ സീരിയല് പോലെ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

കൊച്ചിയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം പിടിച്ചത് കൊണ്ടാണെന്ന് തോന്നുന്നു കൃത്യം രണ്ടര മണിക്കൂര്‍ വൈകി സൂര്യന്‍ കുവൈറ്റില്‍ ലാന്റു ചെയ്തു. ദാ...എന്റെ ഫ്ലാറ്റിലെ മൊബൈല്‍ ഫോണ്‍ അലാറം മുഴങ്ങാന്‍ തുടങ്ങി.....

"അപ്പൂസേ നേരം വെളുത്തു....ഇനി ഒരു ദിവസം കൂടി സ്കൂളില്‍ പോയാല്‍ മതിയല്ലോ... പിന്നെ രണ്ടു ദിവസം മുഴുവന്‍ അപ്പുവിനു കളിക്കാമല്ലോ.....അമ്മ അപ്പുവിന്റെ സ്പെഷ്യല്‍ പൂരി ഉണ്ടാക്കാന്‍ പോകുകയാണ്. മോന്‍ എണീറ്റ്‌ ടോയ്ലറ്റില്‍ പോയിട്ട് വാ... "

പിന്നെ
സൈലന്റ് മോഡില്‍ ഒരു പത്ത് മിനിട്ട്.. അതിനു ശേഷം വ്യത്യസ്തമായ ടോണില്‍ ഒരു റിപീറ്റ് അലാറം....

"എടാ
അപ്പു നീ ഇത് വരെ എണീറ്റില്ലേ ? ഇന്ന് സ്കൂള്‍ ബസ്സ്‌ നിന്നെ കൊണ്ട് പോകാതെ പോകും...ഇനി എന്തൊക്കെ പണി കിടക്കുന്നു........നീ ഇന്ന് സ്കൂളില്‍ പോകുമെന്ന് എനിക്ക് തോന്നുന്നില്ല....ഇന്നലെ രാത്രി നിന്നോട് അച്ഛന്റെ കൂടെ ഇരുന്നു പാതിരാത്രി വരെ "ബ്ലാക്ക് ഡാലിയ" സിനിമ കാണാതെ നേരത്തേ കിടന്നുറങ്ങാന്‍ പറഞ്ഞതല്ലേ....ഇപ്പോള്‍ എണീപ്പിക്കാന്‍ ഞാന്‍ ചക്രശ്വാസം വലിക്കണം.....അങ്ങേര്‍ക്കിത് വല്ലതും അറിയണോ ...കൊച്ചു സ്കൂളില്‍ പോയാലെന്ത് ...പോയില്ലെങ്കിലെന്ത്....പോത്തു പോലെ കിടന്നുറങ്ങിയാല്‍ മതിയല്ലോ ....."

എന്തായാലും എന്റെ ഉറക്കം പോയി കിട്ടി....എന്നാലും എണീക്കാതെ കുറച്ചു നേരം കൂടി അതേ കിടപ്പ് തുടര്‍ന്നു....ഒന്നുമുണ്ടായിട്ടല്ല വെറുതെ ഇന്നലെ കണ്ട ബ്ലാക്ക് ഡാലിയായുടെ കഥയും ഇന്ന് കാണാന്‍ വെച്ചിരിക്കുന്ന വെങ്കിടേഷ് ചിത്രമായ മല്ലീശ്വരിയുടെ കഥയും ഒക്കെ ആലോചിച്ചങ്ങനെ കിടന്നു പോയി...അധികം നേരം ആ കിടപ്പ് തുടര്‍ന്നാല്‍, മാസാവസാനം അക്കൌണ്ടില്‍ വീഴുന്ന ദിനാറിന്റെ കുറവ് ഉറുപ്പികയിലേക്ക് കണക്കു കൂട്ടിയപ്പോള്‍, എണ്പത്തിനാലാം വയസില്‍ തിവാരിക്കുണ്ടായ ആവേശം പോലെ ചാടിയെണീറ്റു, ഓഫീസില്‍ പോകാന്‍ റെഡിയായി. ഞാന്‍ ഓഫീസില്‍ പോകാന്‍ ഇറങ്ങുമ്പോഴും സ്വപനയും അപ്പുവും ആയുള്ള അങ്കം തുടരുകയായിരുന്നു.വെറുതെ കയറി അഭിപ്രായം പറഞ്ഞു മറ്റൊരു ശശി തരൂര്‍ ആകാന്‍ താല്പര്യം ഇല്ലാതിരുന്നതിനാല്‍ ഞാന്‍ തല്‍ക്കാലം, പാതിരാത്രി റെയിഡു ചെയ്തു പിടിച്ചത് ഉണ്ണിത്താനെയാണെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ്സുകാരെ പോലെ സ്കൂട്ടായി...പോരാത്തതിന് ശശി തരൂര്‍ അഭിപ്രായം പറയുന്ന ട്വിറ്റര്‍ പോലെ ഓണ്‍ലൈന്‍ പ്രതികരണം ആയിരിക്കില്ലല്ലോ ഇതിനു ....

ജോലി സ്ഥലത്തെ എട്ടു മണിക്കൂര്‍ വിനോദത്തിനും വിശ്രമത്തിനും ഒരു മണിക്കൂര്‍ ഡ്രൈവിങ്ങിനും ശേഷം കൃത്യം അഞ്ചു മണിയോടെ ഞാന്‍ വീട്ടില്‍ തിരിച്ചെത്തി....അഞ്ചാം നിലയില്‍ ലിഫ്റ്റ്‌ ഇറങ്ങുമ്പോഴേ തന്നെ ഫ്ലാറ്റില്‍ നടക്കുന്ന സീരിയലിന്റെ ശബ്ദ വീചികള്‍ കമാന്റോകളെ പോലെ അടഞ്ഞു കിടക്കുന്ന വാതിലും തകര്‍ത്തു എന്റെ ചെവിയിലേക്ക് പാഞ്ഞെത്തി.....കാളിംഗ് ബെല്‍ അടിക്കുന്നതിനു മുന്‍പ് ഒരു നിമിഷം ഞാന്‍ ആലോചിച്ചു .....ഇന്നെന്തായിരിക്കും പ്രശ്നം??? സാധാരണ വാതില്‍ തുറന്നാല്‍ ഞാന്‍ കേള്‍ക്കേണ്ട പരാതികളെ പറ്റി ഏകദേശ ധാരണയുണ്ട്......

സ്വപ്ന ....."ഇന്ന് നാട്ടിലേക്കുള്ള ടിക്കറ്റിന്റെ ഫെയര്‍ എത്രയാ ??? എന്നെ അങ്ങ് പറഞ്ഞു വിട്ടേരെ....എനിക്ക് മതിയായി....നീയും നിന്റെ മോനുംകൂടി എങ്ങനാന്നു വെച്ചാ ജീവിച്ചോ......ഒരക്ഷരം പറഞ്ഞാ കേള്‍ക്കില്ല ....ഇന്ന് സ്കൂള്‍ ബസ്സില്‍ നിന്നും ഇറങ്ങി ഓടി ....സ്നാക്സ് കൊടുത്തു വിട്ടത് അങ്ങനെ തന്നെ തിരിച്ചു കൊണ്ട് വന്നു ....ഇവിടിരുന്ന ചോക്ലേറ്റു മുഴുവന്‍ തിന്നു തീര്‍ത്തു.....ആറു വയസ്സായി ഇപ്പോഴും ഞാന്‍ ചോറ് വാരി കൊടുക്കണം ....എനിക്കീ പ്രായത്തിലൊന്നും ആരും വാരി തന്നിട്ടൊന്നുമില്ല.....ഞാന്‍ ജോലി കളഞ്ഞു ഇവനെ നോക്കാന്‍ ഇരുന്നത് കൊണ്ടല്ലേ ഇവനെന്നെ വിലയില്ലാതായത് ....."

അപ്പു ....."അച്ഛാ ഞാന്‍ ഒന്നും ചെയ്തില്ല.....ഈ അമ്മ വെറുതെ കള്ളം പറയുന്നതാ....സ്കൂള്‍ ബസ്സില്‍ നിന്നും ഞാന്‍ വേഗത്തില്‍ നടന്നതാ ...ഓടിയതല്ലാ....ഇന്ന് സ്നാക്സ് ഫ്രൂട്ട്സ് മതിയെന്ന് പറഞ്ഞതാ എന്നിട്ട് അമ്മ ബിസ്കറ്റാണ് വെച്ചത്.....ചോക്ലേറ്റു ഞാന്‍ തിന്നില്ലെങ്കില്‍ അച്ഛന്‍ മുഴുവനും തിന്നു കളയുമെന്ന് ഈ അമ്മയാ പറഞ്ഞത്....ഞാന്‍ ഒറ്റയ്ക്ക് ചോറ് തിന്നാന്‍ ഈ അമ്മ സമ്മതിക്കില്ല .....എന്നെ ആര്‍ക്കും വേണ്ട....."

എന്തായാലും ഇതിലേതെങ്കിലും ഒക്കെ തന്നെ ഇന്നും കേള്‍ക്കണം .....ബെല്ലടിച്ചു വാതില്‍ തുറന്നു....നേര്‍ക്ക്‌ നേരെ കണ്ട അഴീക്കോടിനെയും മോഹന്‍ലാലിനെയും പോലെ സ്വപ്നയും അപ്പുവും....ഞാന്‍ ഏതായാലും വി ആര്‍ കൃഷ്ണ അയ്യരുടെ റോളിലേക്ക് മാറാന്‍ റെഡിയായി....

"നീയിതു നോക്കിയേ എപ്പോള്‍ മുതല്‍ ഞാന്‍ ഇവനോട് റെഡിയാകാന്‍ പറയുന്നതാണെന്നോ?? ഒരുവിധത്തില്‍ ഞാന്‍ കുളിപ്പിച്ചു, തലമുടി ചീകാന്‍ സമ്മതിക്കുന്നില്ല, ഉടുപ്പ് മര്യാദക്കിടാന്‍ സമ്മതിക്കുന്നില്ല, എവിടെയങ്കിലും പോകാന്‍ നേരത്ത് ഒരു മാതിരി കാട്ടാളന്റെ പോലെ ആണ് പോകുന്നത്.."

"നീ ആദ്യം ഒന്ന് സമാധാനപ്പെട്...എവിടെ പോണ കാര്യമാ നീയീ പറയുന്നത് ??"

"അത് ശരി നീയല്ലേ വരുമ്പോഴേക്കും റെഡിയായി നില്‍ക്കണം .കുവൈറ്റ്‌ മാജിക്കില്‍ കൊണ്ട് പോകാം എന്നൊക്കെ പറഞ്ഞതു....ഇനിയും വെള്ള ലിപ്‌സ്റ്റിക്ക് സ്റ്റോക്ക്‌ ചെയ്യേണ്ടി വരുമോ ???"

ഓ ...വീണ്ടും ഷോര്‍ട്ട് ടേം മെമ്മറി ലോസ് ...ശരിയാ ഇന്ന് വ്യാഴാഴ്ച്ചയല്ലേ....വൈകുന്നേരം വരുമ്പോള്‍ കുവൈറ്റ്‌ മാജിക്കില്‍ കൊണ്ട് പോകാം എന്ന് ഏറ്റതായിരുന്നു..

"എന്റെ പൊന്നു ഭാര്യേ...ഈ പണി നിന്നെ കൊണ്ട് പറ്റില്ലെന്ന് നീ വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണല്ലോ??? ഇനി ഞാന്‍ നിന്നെ കാണിച്ചു തരാം ഇത് പോലുള്ള സിറ്റുവേഷന്‍സ് എങ്ങനെ ഡിപ്ലോമാറ്റിക്ക് ആയി ഡീല്‍ ചെയ്യണം എന്ന്...ഇത് പോലെ എത്രയെത്ര പ്രശ്നങ്ങള്‍ സോള്‍വ് ചെയ്തിട്ടാണെന്നോ ഞാന്‍ മാസാവസാനം റേഷന്‍ മേടിക്കാനുള്ള ദിനാര്‍ കൊണ്ട് വരുന്നത്......

"അപ്പൂ, നമ്മള്‍ കുവൈറ്റ്‌ മാജിക്കില്‍ പോകുമ്പോള്‍ അവിടെ വരുന്ന അറബി സുന്ദരി കുട്ടികളുടെ അടുത്ത് നിനക്ക് ഷൈന്‍ ചെയ്യണ്ടേ ??....അതിനു മോന് സുന്ദരനാകണ്ടേ????"

എന്റെ ഭാര്യയുടെ അഭിപ്രായത്തില്‍ ഇത്രയും സത്യസന്ധമായ ഒരു മറുപടി അവള്‍ ജീവിതത്തില്‍ കേട്ടിട്ടില്ലെന്നാണ് പറയുന്നത്...

"വേണ്ട.... എനിക്ക് അച്ഛനെ പോലെ ആയാല്‍ മതി"


3 comments:

Rajeev Nair said...

Good...Azhikode, Mohanlal, Shashi Taroor...ellam nannaayi.

Satish said...

Eda, ella veetilum ithokke thanneya sthithi.

Good one!

Unknown said...

കൊള്ളാംട്ടോ അനിലേട്ടാ...