Friday, January 23, 2009

ഗജനി

"നീ ഈയിടെയായി സൂര്യയുടെയും ആമിര്‍ ഖാന്റെയും ഒക്കെ പോലെ ആകുകയാണല്ലോ"

രാവിലെ തന്നെ ഭാര്യയുടെ കമന്റില്‍ ആക്കിയതാണോ അതോ എന്തെങ്കിലും കാര്യം സാധിക്കാനാണോ എന്ന് തീരുമാനിക്കാനാവാത്ത ഒരു സമസ്യ. പണ്ടു എഞ്ചിനീയറിംഗ് കോളേജില്‍ ഞാന്‍ ചില ക്ലാസില്‍ ചെല്ലുമ്പോള്‍ ഇതേ സമസ്യ ചില സാറുമ്മാരുടെ മുഖത്ത് കണ്ടിട്ടുണ്ട് , " ഇവന്‍ ഈ ക്ലാസില്‍ തന്നെ ഉള്ളതാണോ" എന്ന്.

എന്തായാലും ഭാര്യ പോയപ്പോള്‍ പതുക്കെ കണ്ണാടിയിലെക്കൊന്നു എത്തി നോക്കി. എന്തായാലും ആ പേരും പറഞ്ഞു രണ്ടാമതൊന്നു നോക്കാന്‍ ധൈര്യം കിട്ടിയില്ല. പിന്നെ ഇവരു രണ്ടു പേര്‍ക്കും പൊതുവായുള്ള സാമ്യം എന്താണാവോ? ഇനി സിക്സ് പാക്ക് മസിലെങ്ങാനുമാണോ ആവോ അവള്‍ ഉദ്യേശിച്ചത്‌ ? അതിന് ഞങ്ങടെ കുടുംബത്തിലെ എല്ലാവര്‍ക്കും കൂടി കൂട്ടിയാലും ഒരു മൂന്നു പാക്കില്‍ കൂടുതല്‍ വരില്ല. അപ്പോള്‍ പിന്നെ അതുമല്ല...

എന്തായാലും കൂടുതല്‍ ആലോചിച്ചു തല പുകക്കാന്‍ നിന്നില്ല. അടുക്കളയില്‍ പുട്ടിനുള്ള തേങ്ങ ചിരകുകയായിരുന്ന അവളോട്‌ തന്നെ ചോദിച്ചു. അവള്‍ പണി നിര്‍ത്തി എന്റെ നേരെ തിരിഞ്ഞു. ഹാവൂ ! എന്തായാലും വലിയ കുഴപ്പമില്ലാത്ത പ്രശ്നമാണെന്ന് തോന്നുന്നു. സാധാരണ ഗതിയില്‍ കലിപ്പായിരുന്നെങ്കില്‍ , എന്നോടുള്ള ദേഷ്യമെല്ലാം ആ തേങ്ങയോട് തീര്‍ത്തു അതിന്റെ പരിപ്പിളക്കിയേനെ.....

സ്വപ്ന : ഇന്നലെ ഞാന്‍ കുളിക്കാന്‍ പോകുമ്പോള്‍ നിന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ?

ഞാന്‍ : നീ ഇന്നലെ കുളിക്കാന്‍ പോയിരുന്നോ എന്ന് തന്നെ എനിക്ക് ഓര്‍മയില്ല, പിന്നല്ലേ പറഞ്ഞ കാര്യം.

സ്വപ്ന : ഇന്നലെ ഞാന്‍ കുളിക്കാന്‍ പോകുമ്പോള്‍ അടുപ്പത്തിരിക്കുന്ന കുക്കറില്‍ മൂന്നു വിസില് കേള്‍ക്കുമ്പോള്‍ ഓഫ് ചെയ്യണമെന്നു പറഞ്ഞായിരുന്നോ. എന്നിട്ടെന്തായി ?

ഞാന്‍ : അത് ഞാന്‍ മറന്നു പോയാരുന്നു. എന്നാലും അരി വെന്തു പായസമായിട്ടും ഞാന്‍ ഒന്നും പറയാതെ അത് തന്നെ കഴിച്ചില്ലേ ?

സ്വപ്ന : അത് നീ മാത്രമല്ലല്ലോ ഞാനും മോനും കഴിക്കേണ്ടി വന്നില്ലേ...


സ്വപ്ന : കഴിഞ്ഞ ദിവസം ഞാന്‍ കടയില്‍ പോകാന്‍ നേരം അപ്പുവിനു കുടിക്കാന്‍ പാല് ഡൈനിങ്ങ്‌ ടേബിളില്‍ എടുത്തു വെച്ചിരുന്നില്ലേ . നിന്നോട് അവനൊന്നു എടുത്തു കൊടുക്കാനല്ലേ പറഞ്ഞൊള്ളൂ . എന്നിട്ടെന്തായി ?

ഞാന്‍ : അത് ഞാനും അവനും കൂടി ടിവിയില്‍ സിനിമാല കണ്ടിരുന്നു മറന്നു പോയി. അല്ലാ!! നീ പറയുന്ന കേട്ടാല്‍ തോന്നും ഞാനിതൊക്കെ ഇപ്പോള്‍ ചെയ്യുന്നതാണെന്ന് . കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ നീ എന്നെ ഇങ്ങനെ തന്നെ അല്ലേ കണ്ടിട്ടുള്ളത് . പിന്നെന്താ ഇപ്പോള്‍ ഒരു വിചാരണ.

സ്വപ്ന : ഇല്ല ഞാന്‍ നിര്‍ത്തി. ഇന്നലെ ഗജനി കണ്ടപ്പോളല്ലേ എനിക്ക് കാര്യം മനസ്സിലായത്.

ഞാന്‍ : എന്തോന്ന് ?

സ്വപ്ന : നിനക്കു "ഷോര്‍ട്ട് ടേം മെമ്മറി ലോസ് " ആണെന്ന്


അപ്പോള്‍ അതാണ്‌ കാര്യം !!! രാവിലെ തന്നെ സൂര്യയും ആമിര്ഖാനുമൊക്കെ ആയതു ഗജനിയുടെ പേരിലാണ്. "വെറുതെ ഒരു ഭാര്യ " കാണിക്കാതിരുന്നത്‌ നന്നായി. അല്ലെങ്കില്‍ എന്തൊക്കെ കേള്‍ക്കേണ്ടി വന്നേനേ.....



എന്തായാലും അടുത്ത ദിവസം ലുലുവില്‍ പോകുമ്പോള്‍ എന്റെ മറവിക്ക് സൊലൂഷന്‍ കണ്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാനും സന്തോഷിച്ചു. ബ്രഹ്മി ഓര്‍മയ്ക്ക് നല്ലതാണെന്ന് കഴിഞ്ഞ ദിവസം ടിവിയില്‍ പറയുന്നതു കേട്ടായിരുന്നു . കൂടാതെ ലുലുവില്‍ സന്തോഷ് ബ്രഹ്മിയുടെ കുപ്പി ഷെല്‍ഫില്‍ കണ്ടിട്ടുമുണ്ടായിരുന്നു.

ഇന്നലെ ലുലുവില്‍ പോയപ്പോള്‍ പതിവില്ലാതെ അവള്‍ ലിപ്സ്റ്റിക് തിരയുന്ന കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ഇവളിതെന്തിനുള്ള പുറപ്പാടിലാണെന്ന്.. ഒടുവില്‍ സെയില്‍സ് ഗേള്‍ ഫിലിപ്പിനോവിനോട് വെള്ള കളറിലെ ലിപ്സ്റ്റിക് ഉണ്ടോ എന്ന് ചോദിക്കുന്ന കേട്ടു ഞാന്‍ മലയാളത്തില്‍ ഇടപെട്ടു.
നീയിതെന്തിനുള്ള പുറപ്പാടാണ്. ഒന്നാമതേ ഇതൊന്നും ഉപയോഗിച്ചു ശീലമില്ല. പോരാത്തതിന് ഒന്നുങ്കില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന് പറഞ്ഞ പോലെ വെള്ള കളര്‍ ലിപ്സ്റ്റിക്കും......സാധാരണ കളര്‍ വല്ലതും പോരേ ഭാര്യേ ?

സാധാരണ കളറ് വല്ലതുമായാല്‍ ഗജനിയിലെ പോലെ നിന്‍റെ നെഞ്ചത്ത് എഴുതിയാല്‍ അത് കണ്ടില്ല എന്നും പറഞ്ഞു നീ മറക്കും !!!!!



6 comments:

Anonymous said...

mmmm kollaam

REBEL said...

മാഷെ അടിപൊളി. എല്ലാം ഒറ്റ ഇരുപ്പിനു വായിചു തീർത്തു. ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു

സമാധാനം said...

തകര്പ്പന്. ഇവനില് ഒരു കലാകാരനുണ്ട് ഒരു എഴുത്തുകാരനുണ്ട്. ഇതൊന്നും നേരത്തേ കണ്ടെത്തിയില്ലല്ലോ...

puTTuNNi said...

Cool...
Good One maashey.

Rajeev Nair said...

Kalakki !

Pandu season ticket-um thirichu kodukkanulla paisayum okkeyaanu marakkarullathu....ippol athinte sthaanathu ariyum paalum okke-yaayi.

Materialmom said...

nice posts. very funny. keep writing :)