Wednesday, December 17, 2008

താവു കഥകള്‍

ചിരിക്കുക എന്ന് പറഞ്ഞാല്‍ തന്നെ ഇന്നത്തെ കാലത്ത് ഒരു വലിയ കാര്യമല്ലേ...അപ്പോള്‍ പിന്നെ ചിരിപ്പിക്കുക എന്ന് കൂടി ആയാലോ? ഭൂലോകത്തില്‍ ചില ആളുകളുടെ അവതാരോദ്ദേശ്യം തന്നെ മറ്റുള്ളവരെ ചിരിപ്പിക്കുക എന്നതല്ലേ...ഉദാ: ജോര്‍ജ് ബുഷ് ലോകത്തെ ചിരിപ്പിക്കുന്നു. ലല്ലു പ്രസാദ് ഇന്ത്യയെ ചിരിപ്പിക്കുന്നു. മലയാളിക്കു ചിരിക്കാന്‍ ഒരു കരുണാകരനും , അതു പോലെ തൃശ്ശൂര്‍ എന്ജിനീയറിംഗ് കോളേജിനെ ചിരിപ്പിക്കാന്‍ ഒരവതാരം അതായിരുന്നു താവു .....

ഒരു സമര ദിവസം.... പ്രത്യേകിച്ചൊന്നും പ്ലാന്‍ ചെയ്യാതിരുന്നതിനാല്‍ സമയം കളയാന്‍ പാടു പെടുന്നു. പെട്ടെന്നാണ്‌ വിലങ്ങന്‍കുന്നിലേക്കൊരു യാത്ര പോയാലോ എന്നോരാശയം ഉദിച്ചത്. ആറു പേരും രണ്ടു ബൈക്കും റെഡി ആയി. മൂന്ന് പേര്‍ വീതം രണ്ടു ബൈക്കില്‍ . ഒന്നു അന്തോണിയുടെ കവസാകി മറ്റേതു താവുവിന്റെ ബുള്ളറ്റ്. രണ്ടു വണ്ടിയും സാധാരണ ഗതിയില്‍ മൂന്നാളില്‍ കുറച്ചു യാത്ര ചെയ്യാറില്ല. പക്ഷെ ഇതു തൃശ്ശൂര്‍ ടൌണില്‍ കൂടിയൊക്കെ ഉള്ള യാത്രയാണ്. പതിവു പോലെ ട്രാഫിക് പോലീസുകാരുടെ ശല്യമില്ലാത്ത ഊടുവഴികളെ പറ്റിയുള്ള ചര്‍ച്ച, ഓണ കാലത്തെ ബോണസ് ചര്‍ച്ച പോലെ എങ്ങുമെത്താതെ പിരിഞ്ഞു. ഒടുവില്‍ പഴയ ജയന്‍-നസീര്‍ സിനിമകളിലെ പോലെ രണ്ടു പേര്‍ക്കും അവരവരുടെ വഴിയെന്നും എങ്ങാനും ലക്ഷൃത്തിലെത്തിയാല് തിരിച്ചറിയാന്‍ അടയാളവും തീരുമാനമായി. അതായത് അവരവരുടെ വഴിയില്‍ വിലങ്ങന്കുന്നിലെത്തുക, ആദ്യം എത്തുന്നവര്‍ മറ്റുള്ളവര്‍ക്കായി വെയിറ്റ് ചെയ്യാതെ തങ്ങള്‍ എത്തിയതിന്റെ അടയാളവും ശേഷിപ്പിച്ചു മുകളിലേക്ക് കയറി പോകാം.

അന്തോണി : താവൂ, ഞങ്ങളാണ് ആദ്യം വരുന്നതെന്കില്‍ വിലങ്ങന്‍ കുന്നിലേക്ക് കയറുന്ന ആദ്യത്തെ സ്റെപ്പില്‍ ഇഷ്ടിക കൊണ്ടു ഒരു വര വരക്കാം. അപ്പോള്‍ നിങ്ങള്ക്ക് മനസ്സിലാകുമല്ലോ ഞങ്ങള്‍ എത്തിയിട്ടുന്ടെന്ന് ന്താ....

താവു : അത് കൊള്ളാം ...

അന്തോണി : നിങ്ങളാണ് ആദ്യം വരുന്നതെങ്കിലോ????

താവു
: അത് കുഴപ്പമില്ല..... ഞങ്ങളാണ് ആദ്യം വരുന്നതങ്കില്‍ വര ഞാനങ്ങ് മായിച്ചു കളഞ്ഞേക്കാം.... എന്താ പോരേ!!!!!
************************************************************************************

പതിവു പോലെ ഞായറാഴ്ചയും വൈകുന്നേരത്തോടെ താവു തന്റ്റെ എന്ഫീല്ഡ് ബുള്ളറ്റില്‍ കൊടകരയില്‍ നിന്നും ഹോസ്റ്റലിലേക്കു വെച്ചു പിടിപ്പിച്ചു. ഹോസ്റ്റലില് എത്തിയിട്ട് വേണം നാളെ കൊടുക്കാനുള്ള അസൈന്മെന്റ്റ് ആരുടെയെങ്കിലും അടിച്ചു മാറ്റി എഴുതി വെക്കാന്‍. അത് എട്ടു മണിക്ക് മുന്പ് തീര്‍ന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച പടം മാറിയ ഗിരിജയിലെ സെക്കന്റ് ഷോ, തീറ്ന്നില്ലെന്കില് പതിവു പോലെ തുറുപ്പു ഗുലാന്‍. ഗിരിജയെ പറ്റി ആലോചിച്ച താവുവിന്റെ കൈകളില്‍ ആക്സിലറേറ്റ്ര് , സി ബി യുടെ കൈയ്യില്‍ കിട്ടിയ സിസ്റ്റര്‍ സെഫിയെ പോലെ, ഞെരിഞ്ഞു.കുറുപ്പം റോഡില്‍ നിന്നും റൌണ്ടിലേക്ക് തിരിയാന്‍ തുടങ്ങുമ്പോഴായിരുന്നു പെട്ടന്ന് താവുവിന്റെ വണ്ടിയുടെ മുന്നിലേക്ക് എന്തോ ചാടി വീണത്‌. കുറുപ്പം റോഡിലെ നില്‍പ്പനടി കേന്ദ്രത്തില്‍ നിന്നും തെറിച്ച ഏതോ പാമ്പായിരിക്കുമെന്നു കരുതി വണ്ടി ചവിട്ടി നിര്‍ത്തി. പക്ഷെ വണ്ടിക്കു മുന്‍പില്‍ ചാടിയ സാധനത്തെ കണ്ടു താവു അമ്പരന്നു.ഇതെന്താണിത് താറാവോ?? അല്ലല്ലോ ഇതു പെന്ഗ്വിനല്ലേ!!! കാര്യം പെന്ഗ്വിനെ ആദ്യമായിട്ടാണ് കാണുന്നതെങ്കിലും, താവുവിനു ആളെ മനസ്സിലായി, അതുകൊണ്ട് തന്നെ താവുവിനു അതിനെ അവിടെ ഉപേക്ഷിച്ച് പോരാന്‍ മനസ് വന്നില്ല. എന്തൊക്കെ വാര്‍ത്തകളാണ് രാവിലെ പത്രത്തില്‍ വായിക്കുന്നത്. എന്തായാലും പെന്ഗ്വിനെയും ബൈക്കില്‍ കയറ്റി താവു റൌണ്ടിലേക്ക് കടന്നു. ആദ്യം കണ്ട ട്രാഫിക് പോലീസുകാരനോട് താവു പെന്ഗ്വിന്റെ കാര്യം പറഞ്ഞു. സന്ധ്യാ സമയം അനങ്ങാന്‍ പറ്റാത്തത്ര തിരക്കുള്ള റോഡ്. പോലീസുകാരന്‍ താവുവിനോട് മടിച്ചു മടിച്ചാണ് പെന്ഗ്വിനെയും കൊണ്ടു മൃഗശാലയിലേക്ക് പോകാമോ എന്ന് ചോദിച്ചത്. താവു അത് സമ്മതിക്കുകയും ചെയ്തു . ഇത്രയും സന്മനസുള്ള ചെറുപ്പക്കാര്‍ തൃശ്ശൂര്‍ ജില്ലയില്‍ തന്നെ കണ്ടു കിട്ടുമോ എന്ന് സംശയമാണെന്നു പോലീസുകാരന്‍ ആത്മഗതം ചെയ്തു.

മൂന്നു നാല് ദിവസം കഴിഞ്ഞപ്പോള്‍ റൌണ്ടിലൂടെ കൈയ്യും കോര്‍ത്തു നടക്കുന്ന താവുവിനെയും പെന്ഗ്വിനെയും കണ്ട പോലീസുകാരന്‍ അമ്പരന്നു. തന്റ്റെ ലിസ്റ്റിലെ സന്മനസുള്ളവരുടെ കൂട്ടത്തില്‍ നിന്നും താവുവിന്റെ പെരുവെട്ടിയ പോലീസുകാരന്‍, കോപത്തോടെ താവുവിനോട് ചോദിച്ചു..

എടോ തന്നോടല്ലേ ഞാന്‍ പെന്ഗ്വിനെ മൃഗശാലയില് കൊണ്ടു പോകാന്‍ പറഞ്ഞതു?

സാറേ കഴിഞ്ഞ മൂന്ന് ദിവസവും ഞങ്ങള്‍ മൃഗശാലയിലല്ലേ പോയി കൊണ്ടിരുന്നത് .... മിണ്ടാപ്രാണിയാണെന്കിലും ഇതിനും ബോറടിക്കില്ലേ ഇന്നു ഞങ്ങളൊരു ചെയ്ഞ്ചിനു സിനിമക്കിറങ്ങിയതാ........

************************************************************************************

തിങ്കളാഴ്ച്ച രാവിലെ താവുവിനെ കണ്ട എല്ലാവരും അമ്പരന്നു. രണ്ടു ചെവിയിലെയും മുറിവില്‍ പഞ്ഞി വെച്ചിരിക്കുന്നു. വേറെ പരിക്കൊന്നും തന്നെ കാണാനുമില്ല.സാധാരണ ഗതിയില്‍ താവുവിന്റെ കൈയിലിരിപ്പിനു ഇതു പോര...

ഞാന്‍ : താവു, ഇതെന്തു പറ്റിയെടാ ചെവിക്കു ?

താവു : നീയാ മന്നനെ കണ്ടോ?

ഞാന് : എന്ത് പറ്റിയെടാ?

താവു: ഇന്നലെ വൈകുന്നേരം ഞാന്‍ ഈ ആഴ്ചയിലേക്ക് വേണ്ട ഡ്രെസ്സ് തേച്ചു കൊണ്ടിരിക്കുകയായിരുന്നു. അന്നേരം ആ മന്നന്‍ ലൂസിയായില്‍ കള്ള് കുടിക്കാന്‍ വരുന്നുണ്ടോ എന്ന് ചോദിച്ചു വിളിച്ചത്

ഞാന്‍ : എന്നിട്ട് ?

താവു: എന്നിട്ടെന്താ!! ഫോണ്‍ ആണെന്ന് കരുതി തേപ്പു പെട്ടിയെടുത്തു ചെവിയില്‍ വെച്ചെടാ!!

ഞാന്‍ : അയ്യോ!!! എന്നിട്ട് അധികം പൊള്ളിയോടാ??

താവു : ആ.. കുറച്ചു പൊള്ളി.... അവനെ എന്റെ കൈയില്‍ കിട്ടിയിട്ട് വേണം!!!

ഞാന് : അല്ല താവു, മറ്റേ ചെവിക്കു എന്ത് പറ്റി?

താവു : ആ തെണ്ടി പിന്നേം വിളിച്ചെടാ!!!!!!!

*************************************************************************************

താവൂ, നിനക്ക് വെറും വയറ്റില്‍ എത്ര പെഗ് അടിക്കാന്‍ പറ്റും?

രാവിലെ തന്നെ ആഗിയുടെ ചോദ്യം കേട്ട താവു രണ്ടു മൂന്ന് വട്ടം ആലോചിച്ചു . എന്തോ കുരു പൊട്ടിക്കാനുള്ള പുറപ്പാടാണോ?? എന്തായാലും അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റില്ലല്ലോ!!

താവു : മൂന്നു പെഗ് അടിക്കാന്‍ പറ്റും

ആഗി : മൂന്നെണ്ണം അടിക്കാനെ പറ്റുകയുള്ളോ?

ആ ചോദ്യം താവുവിനു കൊണ്ടു. ഒന്നാമത് ക്ലാസിലെ ടാങ്ക് ആയി വിലസുമ്പോഴാണ് ഈ ചോദ്യം

താവു : അഞ്ച് പെഗ് വരെ പോകും

ആഗി : അതില്‍ കൂടുതല്‍ പറ്റില്ലേ ??

താവു ആലോചിച്ചു , പണ്ടാരടങ്ങാനായിട്ടു ഇനി ഇവനെങ്ങാനും പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്തിയാല്‍ രാവിലെ തന്നെ ആശുപത്രിയിലേക്ക് എടുക്കേണ്ടി വരും . ഇതു തന്നെ ഒരാവേശത്തിനു കേറി പറഞ്ഞതാ . ഇനി കുറയ്ക്കാനും പറ്റില്ലല്ലോ ... എന്തെങ്കിലും ആവട്ടെ ...

താവു : ഇല്ല അഞ്ച് മാക്സിമം...

ആഗി : താവൂ, നീ ആദ്യത്തെ പെഗ് അടിക്കുമ്പോള്‍ തന്നെ നിന്റെ വയറു വെറും വയറല്ലാതായി ..പിന്നെങ്ങനെ നീ വെറും വയറ്റില്‍ അഞ്ച് പെഗ് അടിക്കും ???

താവുവിനു അടി കൊണ്ട പോലായി .ഇതു പോലെ എന്തെങ്കിലും പ്രതീക്ഷിച്ചാണ് മറുപടിയൊക്കെ ആലോചിച്ചു പറഞ്ഞതു...എന്നിട്ടും രാവിലെ തന്നെ കൊച്ചായി പോയി.....താവു കീഴടങ്ങി..... എന്തായാലും രാവിലെ ചമ്മി ഇനി അത് ആര്‍ക്കെങ്കിലും ഇട്ടു താങ്ങണം... താവു ചുറ്റും നോക്കി. കുറച്ചു ദൂരെ അതാ ഡയസ്...അവനൊന്നും കേട്ടിട്ടില്ല. താവു വേഗം ഡയസിന്റെ അടുത്തേക്ക് നടന്നു...

താവു : ഡയസേ.. നിനക്കു വെറും വയറ്റില്‍ എത്ര പെഗ് അടിക്കാന്‍ പറ്റും?

ഡയസ് : രണ്ടെണ്ണം അടിക്കാന്‍ പറ്റും

താവു : രണ്ടെണ്ണമേ അടിക്കാന്‍ പറ്റുകയുള്ളോ ????

ഡയസ് : മാക്സിമം മൂന്നെണ്ണം.

താവു : അതില്‍ കൂടുതല്‍ നിനക്കു പറ്റുമല്ലോ ...

ഡയസ് : ഒരു രക്ഷയുമില്ല താവു...മൂന്നെണ്ണത്തില് കൂടുതല്‍ പോവില്ല

താവു പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി ഡയസിനെ മൂന്നെണ്ണത്തില്‍ നിന്നും കൂട്ടാന്‍. ഒടുവില്‍ ആകെ നിരാശനായി താവു..

താവു: ഛേ... നീ അഞ്ചെണ്ണം എന്ന് പറഞ്ഞിരുന്നെങ്കില്‍ ഒരു നമ്പറിടാമായിരുന്നു

*************************************************************************************
ഒരുകാലത്ത് എന്ജിനീയറിംഗ് കോളേജ് കാമ്പസ് നിറയെ പശുക്കള്‍ മേഞ്ഞിരുന്നു. തെറ്റിദ്ധരിക്കണ്ട ഒറിജിനല്‍ പശുക്കള്‍ തന്നെ..സമീപവാസികളുടെ പശുക്കളെ കോളേജ് കാമ്പസിലേക്ക്‌ അഴിച്ചു വിടുകയായിരുന്നു പതിവ്.പശുക്കളും ഏതാണ്ട് എന്ജിനീയറിംഗ് പിള്ളേരെ പോലെ തന്നെ ആയിരുന്നു, പല സ്വഭാവക്കാര്‍. അതില്‍ ഒരു കലിപ്പന്‍ പശു "ബി" ഹോസ്റ്റലിലെ ബാത്ത് റൂമില്‍ ഓടി കയറിയ വകയില്‍ കുളി മുറിയില്‍ പെട്ട് പോയ ജിട്ടോ നടത്തിയ നാലര മണിക്കൂറ് കുളി, ഇന്നും അവിടത്തെ റെക്കോര്‍ഡ് ബുക്കിലെ സ്ഥാനം വിട്ടിട്ടില്ല.

അപ്പോള്‍ പറഞ്ഞു വരുന്ന താവു കഥയില്‍ ഇതിലെ പശുക്കള്‍ക്ക് മാത്രമെ ചെറിയ റോളുള്ളൂ...ഈ പശുക്കളുടെ പ്രധാന പണി കാമ്പസിലെ പുല്ലും ഇലകളും ചെടിയുമൊക്കെ വയറു നിറച്ചു അടിച്ചിട്ടു അപ്പിയിടാറാകുമ്പോള് ടോയ് ലറ്റിലൊന്നും പോകാന്‍ മെനക്കിടാതെ കണ്ട ഇടത്തൊക്കെ കാര്യം സാധിക്കലായിരുന്നു പതിവു. അങ്ങനെ ഹോസ്റ്റലില് നിന്നും കോളേജിലേക്ക് നടക്കുന്ന വഴിക്ക് പലരും ചാണകത്തില്‍ ചവിട്ടുന്ന പതിവുമുണ്ടായിരുന്നു.താവുവും ഇതു പോലെ ഒരു ദിവസം ചവിട്ടി ചവിട്ടിയില്ല എന്ന മട്ടില്‍
ഒരു നിയര്‍ മിസ് നടത്തി. കൂടെയുണ്ടായിരുന്ന എല്ലാവരും താവു ചാണകത്തില്‍ ചവിട്ടി എന്ന് തന്നെ തറപ്പിച്ചു പറഞ്ഞതോടെ താവുവിന്റെ മുന്നില്‍ രണ്ടു വഴികള്‍ മാത്രമായി. ഒന്നുകില്‍ ചവിട്ടിയില്ല എന്ന് തെളിയിക്കണം അല്ലെങ്കില്‍ ചവിട്ടിയെങ്കില് തന്നെ അത് ചാണകമല്ലെന്നു തെളിയിക്കണം. താവു രണ്ടാമത്തെ വഴി ആദ്യം തെരഞ്ഞെടുത്തു. കുത്തിയിരുന്നു പരിശോധിച്ചെങ്കിലും സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന റിപ്പോര്‍ട്ട് കണ്ട സി ബി ഐ യെ പോലെ ഒരു തീരുമാനത്തിലെത്താന്‍ പറ്റുന്നില്ല. കുറച്ചു തോണ്ടിയെടുത്ത് മണത്തു നോക്കി നോ രക്ഷ ...അല്പം രുചിച്ചു നോക്കി.....

താവു : ചാണകം തന്നെ ....ഭാഗ്യത്തിന് ചവിട്ടിയില്ല ...........


*************************************************************************************
താവു ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടോ എന്ന് അറഞ്ഞിട്ടു തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാം




10 comments:

Anonymous said...

Ithu Thavu quotation koduthathu thanne !

Still waiting for the "Railway Station" story :-)

അനില്‍ ആദിത്യ said...

ഡാ..നിങ്ങളൊക്കെ പിന്നിലുണ്ടെന്ന ധൈര്യത്തിന് എഴുതിയതാണ്...കൂടെ നിന്നോണം .....നീ ഈ റെയില്‍വേ സ്റ്റേഷന്‍ ഇത് വരെ വിട്ടില്ലേ ....

Unknown said...

Kathakal iniyum othiri

Araandu soda kudichu kickayathu muthal pala marathil pretham vannathu vare

Anonymous said...

daa pulle... ninakku vachittundu...

ehthaayalum nanajathalle... ini kulichukeraan ready aaayikollukaaaa....

Porattee aaa... Naranga,Deck ...Furniture ....
kathakal....

da... Kittundadaaaa.... Kittunde kittiundu....Kittundunnu....

With Luv... Thaavuuuu....

അനില്‍ ആദിത്യ said...

അനൂപേ...താവു കഥകള്ക്കുണ്ടോ പഞ്ഞം....സംഭാവനകള്‍ക്കായി എല്ലാവരെയും സമീപിക്കുന്നുണ്ട്...സംഭാവന ഉദാരമാകുമ്പോള്‍ പരിപാടി ഗംഭീരമാകും

അനില്‍ ആദിത്യ said...

താവൂ...എല്ലാവരും പറഞ്ഞു പേടിപ്പിക്കുന്നെടാ...നീ ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടെന്ന്....എന്തായാലും നീ പറഞ്ഞ പോലെ നനഞ്ഞു ഇനി ഗള്‍ഫില്‍ തന്നെ ഇരുന്നു കുളിച്ചേക്കാം.....പിന്നെ ഗുണ്ടാ ആക്റ്റ് ഒക്കെ വന്നത് നീ അറിഞ്ഞു കാണുമല്ലോ?? ഇപ്പോള്‍ ക്വട്ടേഷന്‍ കൊടുക്കുന്നവര്‍ക്കും കോട്ടൂരച്ചന്റെ ഗതിയാ...അപ്പൊ എനിക്ക് ധൈര്യമായിട്ട് രണ്ടാം ഭാഗത്തേക്ക് പോകാമല്ലേ......

സസ്നേഹം അനില്‍

Rejeesh Sanathanan said...

:)പെന്‍ഗ്വിന്‍ കഥ അത്രയങ്ങോട്ട് മനസ്സിലായില്ല

അനില്‍ ആദിത്യ said...

ബ്ലോഗ് വായിച്ചതിനും കമന്റിയതിനും നന്ദി മാറുന്ന മലയാളി സുഹൃത്തേ.......പെന്‍ഗ്വിന്‍ കഥ ഒരു നേരംപോക്ക് മാത്രം....മലയാളി മാറി കൊണ്ടിരിക്കുന്നത് കൊണ്ട് മനസിലാവാത്തത് പോലെ തോന്നുന്നതാണ്...ശരിക്കും അത്ര തന്നെ ഉള്ളൂ.....

cool guy said...

Great work Anil, looking forward to more such blogs.

അനില്‍ ആദിത്യ said...

നന്ദി കൂള്‍ ഗൈ.....ഈ പേരിലല്ലാതെ നമ്മള്‍ അറിയുമല്ലോ??