Monday, February 4, 2008

രണ്ടച്ഛന്‍

മേലനങ്ങാത്ത ജോലിയായിരുന്നു എല്ലാവര്‍ക്കും എന്നതു കൊണ്ടും തന്‍മൂലം നാലടി നടക്കുമ്പോളുള്ള കിതപ്പ്‌,കൂടാതെ കൊളസ്റ്റ്രോള്‍,കുടവയര്‍ തുടങ്ങി "ക" കാരത്തിലാരഭിക്കുന്ന സകല ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും തന്നെ ഉണ്ടായിരുന്നതിനാലും മേലനങ്ങിയുള്ള എക്സര്‍സൈസ്‌ അല്ലെങ്കില്‍ കളി എന്ന ആശയം ഏകപക്ഷീയമായി അംഗീകരിക്കപ്പെട്ടു.തുടര്‍ ചര്‍ച്ചയില്‍ ലോകകപ്പ്‌ ഫുട്ബോള്‍ യോഗ്യതാ റൌണ്ടില്‍ നിന്നും ഇന്ത്യ പുറത്താകുന്ന പോലെ ആദ്യ റൌണ്ടില്‍ തന്നെ എക്സര്‍സൈസ്‌ പുറത്തായി.പിന്നെ ബാക്കിയായ മേലനങ്ങിയുള്ള കളികളില്‍ സ്ക്വാഷ്‌, ടെന്നീസ്‌ മുതലായ ഹൈ-ഫൈ കളികള്‍ വന്നുവെങ്കിലും ഈ പേരുകള്‍ കേട്ടിട്ടുള്ളതല്ലാതെ നേരിട്ടു കാണാന്‍ സാധിച്ചിട്ടില്ലാത്തതിനാലും,ടിവിയില്‍ കണ്ടിട്ടുള്ള വനിതാ ടൂറ്‍ണമെണ്റ്റുകളില്‍‍ ഇതെങ്ങനെയാണു കളിക്കുന്നതെന്ന്‌ മനസിലാക്കാനുള്ള സാഹചര്യവും മന:സാന്നിദ്ധ്യവും ഇല്ലാതിരുന്നതിനാലും ഷട്ടില്‍ എന്ന തീരുമാനത്തിലെത്തി.

അതാകുമ്പം വല്യ ചിലവും വരില്ല.നാലു ബാറ്റ്‌,ഒരു വല,ദിവസം രണ്ട്‌ ഷട്ടില്‍,കുറച്ചു കുമ്മായം എന്നിങ്ങനെ കാശ്‌ ചെലവുള്ളതും കാശ്‌ ചെലവില്ലാതെ ആരുടെയെങ്കിലും പറമ്പും കിട്ടിയാല്‍ കാര്യം ഒ.കെ.പക്ഷെ ഈ തീരുമാനമെടുത്തവര്‍ക്കാര്‍ക്കും മൂന്നു സെന്‍റ്റില്‍ കൂടുതല്‍ ഭൂമിയില്ലാത്തതും ഉള്ള ഭൂമിയില്‍ വീട്‌ കഴിഞ്ഞിട്ട്‌ ഷട്ടില്‍ പോയിട്ട്‌ കുഴിരാശി കളിക്കാന്‍ പോലും സ്ഥലം തികയില്ല എന്നതും ഒരു പ്രശ്നമായി.പിന്നെ കരക്കാരുടെ പറമ്പു തന്നെ ശരണം.അതേതായാലും ഞങ്ങളെ അറിയാവുന്നവര്‍ കളിക്കാനുള്ള സ്ഥലം തരുമെന്ന്‌,മുന്നണി പ്രവേശനത്തിനു മുരളീധരന്‍ കൊടുത്ത സാധ്യത പോലും കൊടുക്കാനുള്ള വിശ്വാസം ഞങ്ങള്‍ക്കില്ലായിരുന്നു.പിന്നെയുള്ളതു മൂന്നാര്‍ മോഡല്‍ കൈയേറ്റം.കൈയേറാന്‍ പറ്റിയ ഭൂമി അന്വേഷിച്ചു നടക്കുമ്പോഴാണു സജി അവണ്റ്റെ വീടിണ്റ്റെ പുറകില്‍ ഉടമസ്ഥനാരെന്നറിയാതെ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തെ പറ്റി പറഞ്ഞത്‌.അങ്ങനെ കളിക്കളം തീരുമാനമായി. ഇനി കാടും പടലവും വെട്ടി മാറ്റി കളിക്കു യോഗ്യമാക്കി എടുക്കണം.മേലനങ്ങുക എന്നുള്ളതായിരുന്നു പ്രധാന ഉദ്യേശം എന്നതിനാല്‍ ആ പണി ഞങ്ങള്‍ സ്വയം ചെയ്യാന്‍ തീരുമാനിച്ചു.

അങ്ങനെ അടുത്ത ഞായറാഴ്ച എല്ലാവരും പ്രസ്തുത പറമ്പില്‍ എത്തി കൂടി.സജിയുടെ വീട്ടുമുറ്റത്തു തുണി കഴുകി ഉണക്കാനിടുന്ന അഴ ഓവര്‍ ലോഡഡ്‌ ആകുമ്പോള്‍ കുത്തി നിര്‍ത്തുന്ന രണ്ടു മുള അടിച്ചു മാറ്റി നെറ്റ്‌ കെട്ടാനുള്ള പോസ്റ്റാക്കി.നെറ്റ്‌ കെട്ടാനുള്ള പൊക്കം അടുത്ത പ്രശ്നമായി.ആറടിയില്‍ മേലെ പൊക്കമുള്ള സജാദരരും നാലടിയില്‍ താഴെ പൊക്കമുള്ള ദിനേശരരു വരെ കൂട്ടത്തില്‍ ഉള്ളതു കൊണ്ടു ആവറേജ്‌ പൊക്കം നെറ്റിണ്റ്റെ ഉയരമാക്കാന്‍ നിശ്ചയിച്ചു.കാരണം മറ്റൊന്നുമല്ല എല്ലാവരും പ്രൊഫഷണലായതിനാല്‍ ഷട്ടിലിനേക്കാള്‍ സ്പീഡില്‍ ബാറ്റ്‌ വരുമെന്നുള്ളതു കൊണ്ടു ഒരു സേഫ്റ്റി കണ്‍സേണ്‍.ആശയം സേഫ്റ്റി എഞ്ചിനീയറായിരുന്ന സജാദരരുടേതായിരുന്നു. കാരണം ആറടിക്കു മേല്‍ പൊക്കമുള്ള അവനു ഏതുവഴി ബാറ്റ്‌ പോയാലും കൊള്ളാനുള്ള ചാന്‍സ്‌ കൂടുതലാണല്ലോ!!

അവരവരുടെ പൊക്കം പറയുന്ന കൂട്ടത്തില്‍ ദിനേശരരുടെ വായില്‍ നിന്നും നാലടി നാലിഞ്ചു എന്നു കേട്ടപ്പോള്‍ അതേ പൊക്കമുള്ള വര്‍മ്മാജി എന്ന ദിലീപ്‌ ഒന്നു ഞെട്ടി.രാജഭരണമായിരുന്നെങ്കില്‍ ഇപ്പോള്‍ രാജാവായിട്ടിരിക്കേണ്ട ആളാണു,എന്നിട്ടാണു ഒരു സാദാ പ്രജ അതും തണ്റ്റെ തോളിണ്റ്റെ താഴെ പൊക്കമുള്ള ഇവന്‍ ഇങ്ങനെ പറഞ്ഞാലെന്തു ചെയ്യും.ചിലപ്പോള്‍ തെറ്റ്‌ പറ്റിയതാകും.എന്തായാലും ചോദിച്ചു കളയാം.

ഡാ.. അതിത്തിരി കൂടുതലായി പോയല്ലോ!! വല്ലതും കുറയുമോ?

ഞാന്‍ ഇന്നലെ കൂടി അളന്നു നോക്കിയതാ!!!ക്രത്യം നാലടി നാലിഞ്ച്‌.

എന്നാലും എന്തെങ്കിലും കുറക്കെടാ!!!

ശരി!!നിങ്ങള്‍ക്കു വേണ്ടി ഒരിഞ്ചു ഞാന്‍ കുറക്കാം.നാലടി മൂന്നിഞ്ച്‌.

അയ്യടാ ഇഞ്ച്‌ അവിടെ നിന്നോട്ടെ നീ അടിയില്‍ വല്ലതും കുറയുമോന്നു പറയ്‌.......

അങ്ങനെ ആകെ മൊത്തം ടോട്ടല്‍ കള്ള കണക്കിണ്റ്റെ ആവറേജുമായി നെറ്റുയര്‍ന്നു.പുല്ലും ചൊറിയണവും വളര്‍ന്നു നിന്നിരുന്ന ഭൂമിവെട്ടി തെളിച്ച്‌ വിഗ്ഗില്ലാത്ത രജനീകാന്തിണ്റ്റെ തല പോലാക്കി.കുമ്മായം ഉപയോഗിച്ചു അതിരുകള്‍ കൂടി വരച്ചു. ഇപ്പൊള്‍ കണ്ടാല്‍ ഏതാണ്ടൊരു ഷട്ടില്‍ കോര്‍ട്ട്‌ പോലുണ്ട്‌.പറഞ്ഞ പോലെ അതാണല്ലോ ഞങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്‌.

പിറ്റേന്ന്‌ രാവിലെ ആറു മണിക്ക്‌ എല്ലാവരും ഹാജരായി.ആറു മുതല്‍ എട്ട്‌ മണി വരെ കളി.കൊച്ചുവെളുപ്പാന്‍ കാലത്ത്‌ ഇന്നലെ വരെ ഒഴിഞ്ഞു കിടന്നിരുന്ന പറമ്പില്‍ നിന്നുള്ള അലര്‍ച്ചകള്‍ കേട്ട്‌ ഞെട്ടിയുണര്‍ന്ന്‌ മതിലിനു മുകളില്‍ കൂടിയും,ടെറസിനു മുകളില്‍ കയറിനിന്നും നോക്കി രാവിലെ കിടക്കപ്പായയില്‍ നിന്നെണീറ്റ്‌ പച്ചത്തെറി വിളിക്കുന്നതെങ്ങിനെ എന്നു വിചാരിച്ചു മാത്രംബാക്കിയുള്ള എല്ലാ കളറിലേയും തെറികള്‍ മനസില്‍ വിളിക്കുന്ന സജിയുടെ അയല്‍ക്കാരെ കണ്ടില്ലെന്നു നടിച്ചു.അല്ലെങ്കിലും അതു സജിയുടേയും കുടുംബത്തിണ്റ്റേയും പ്രശ്നമല്ലേ!!!മറ്റുള്ളവരുടെ കുടുംബ പ്രശ്നങ്ങളില്‍ നമ്മള്‍ ഇടപെടുന്നത്‌ ശരിയല്ലല്ലോ!!!

എന്നാലും സജിയുടെ അച്ഛണ്റ്റെ അടുത്ത്‌ അയല്‍ക്കാരുടെ അനിഷ്ടത്തെ കുറിച്ചു ചെറുതായൊന്നു സൂചിപ്പിച്ചു.മഷിയിട്ടു നോക്കിയാല്‍ പോലും സജിയില്‍ കണ്ടുകിട്ടാന്‍ ചാന്‍സില്ലാത്ത സ്പോര്‍ട്സ്‌മാന്‍ സ്പിരിറ്റോടെ സജിയുടെ അച്ഛന്‍ ഞങ്ങള്‍ക്കു,എറണാകുളം പാര്‍ലമണ്റ്റ്‌ തെരഞ്ഞെടുപ്പില്‍ കരുണാകരന്‍ ടി.വി ചിഹ്നത്തിനു കൊടുത്ത പോലൊരു സപ്പോര്‍ട്ട്‌ പ്രഖ്യാപിച്ചു.

ദിവസങ്ങള്‍ ചെല്ലുന്തോറും നേരത്തെ പറഞ്ഞ സ്പിരിറ്റില്‍ വെള്ളം ചേരുന്നത്‌ ഞങ്ങള്‍ അറിഞ്ഞു.കാര്യം മറ്റൊന്നുമല്ല, ഏതൊരു മലയാളിയുടെയും ദിനചര്യയുടെ ഭാഗമാണല്ലോ രാവിലെയുള്ള ചൂടന്‍ ചായയും ചൂടന്‍ വാര്‍ത്തകളും.ഇതില്‍ ചൂടന്‍ വാര്‍ത്തകള്‍ വിളമ്പാന്‍ രാവിലെ ഗെയ്റ്റില്‍ കാത്തിരിക്കാറുള്ള മാത്രുഭൂമി ചൂടന്‍ വാര്‍ത്തകള്‍ ഞങ്ങള്‍ക്കു വിളമ്പുകയും തണുത്ത്‌ ആറിയതിനു ശേഷം ഏകദേശം എട്ടു മണിയോടെ പലപല കഷ്ണങ്ങളായി ഉടമസ്ഥനായ സജിയുടെ അച്ഛണ്റ്റെ കൈകളില്‍ എത്തി ചേര്‍ന്നിരുന്നു.കൂടാതെ രാവിലെയുള്ള പാല്‍ വാങ്ങല്‍,വാട്ടര്‍ ടാങ്ക്‌ നിറക്കല്‍ തുടങ്ങിയ ഹൈടെക്‌ ജോലികള്‍ക്കായി ആറ്റുനോറ്റു വളറ്‍ത്തി കൊണ്ടുവരുന്ന മക്കളെ അതിനു കിട്ടാതെ വരുകയും ഒടുവില്‍ സ്വയം ചെയ്യേണ്ടിവരുകയും ചെയ്താല്‍ ഏതു പിതാവും വെള്ളം ചേറ്‍ത്തു പോകില്ലേ!!!അങ്ങനെ എല്ലാ വിധ പ്രതിബന്ധങ്ങളെയും തരണം ചെയ്തു ഞങ്ങളുടെ കളി മുന്നേറുകയും നേരത്തെ പറഞ്ഞ ആരോഗ്യ പ്രശ്നങ്ങള്‍ തുടരുകയും ചെയ്തു.എങ്ങിനെ തുടരാതിരിക്കും ചില്ലറ പ്രാക്കെങ്ങാനുമാണോ രാവിലെ മേടിച്ചു കൂട്ടുന്നത്‌.

ഷട്ടില്‍ കളി കൂടാതെ ഞായറാഴ്ച്ചകളില്‍ വൈകുന്നേരം ക്രിക്കറ്റ്‌ കൂടി പരീക്ഷിക്കാന്‍ തീരുമാനിച്ചു.അതാകുമ്പം സ്ഥലപ്രശ്നം ഉദിക്കുന്നില്ല.ആലുവാ മണല്‍പ്പുറം‌ പോലെ വിശാലമായി ആലുവാ മണല്‍പ്പുറം കിടക്കുകയല്ലേ!ഏഴു ശീമകൊന്ന പത്തല്‍ വെട്ടി ആറു സ്റ്റമ്പുകളും നോണ്‍ സ്ട്രൈക്കറ്‍ എണ്റ്റില്‍ നില്‍ക്കുന്ന ബാറ്റ്‌ സ്മാനു ബാറ്റിനു പകരം പിടിക്കാന്‍ വേണ്ടി ഒരു പത്തല്‍,ഒരു ബാറ്റ്‌,ഒരു സോഫ്റ്റ്‌ ടെന്നീസ്‌ ബോള്‍...കഴിഞ്ഞു.

അല്ലെങ്കിലും ചെലവിണ്റ്റെ കാര്യം വരുമ്പോള്‍ ഞങ്ങള്‍ എ.കെ.ആണ്റ്റണി ഗ്രൂപ്പണല്ലോ!!!!കളി തുടങ്ങി ആദ്യ ദിവസം തന്നെ പരിപ്പിളകി...ആകെയുള്ള എട്ടു പേരില്‍ രണ്ട്‌ പേറ്‍ ബാറ്റ്‌ ചെയ്യും,ഒരാള്‍ പന്തെറിയാനും ഒരാള്‍ വിക്കറ്റ്‌ കാക്കാനും.ബാക്കിയുള്ള നാലു പേരു വേണം അണ്ടകടാഹം പോലുള്ള മണല്‍പ്പുറത്ത്‌ ബാറ്റില്‍ കൊണ്ടും അല്ലാതെയും പറക്കുന്ന പന്ത്‌ പെറുക്കി കൊണ്ടു വരാന്‍.പരിപ്പെളകാന്‍ വേറെ വല്ലതും വേണോ?

ഞായറാഴ്ച ക്രിക്കറ്റ്‌ കളിക്കു ആളെ കൂട്ടുകയല്ലാതെ വേറെ നിവര്‍ത്തിയില്ല.നന്നായി കളിക്കുന്ന പിള്ളേരില്ലാഞ്ഞിട്ടല്ല അവരെ വിളിച്ചാല്‍ നമുക്കു വീണ്ടും പരിപ്പെളകാന്‍ തന്നെ യോഗം.അവന്‍മാര്‍ അടിച്ചു പറത്തുന്ന സിക്സറും ഫോറും പെറുക്കലാകും നമുക്കു പണി.നമുക്കു നമ്മുടെ റെയ്ഞ്ചിനു(പ്രായം തന്നെ) പറ്റിയ ടീംസ്‌ മതി.അല്ലെങ്കില്‍ കുറച്ചു കഴിയുമ്പോള്‍ പിള്ളേറ്‍ തന്നെ പറയും "പോയി തരത്തില്‍ കളിക്കെടപ്പാ" എന്ന്.അങ്ങനെ മണപ്പുറത്തിനു തൊട്ടടുത്തു താമസക്കാരനും,സ്കൂള്‍,കോളേജ്‌ തലങ്ങളില്‍ സഹപാഠിയുമായ വിജയ്‌യിനെ ക്ഷണിക്കാന്‍ തീരുമാനിച്ചത്‌.

അടുത്ത ഞായറാഴ്ച കളിക്കാന്‍ പോകുന്ന വഴിക്കു വിജയ്‌യിണ്റ്റെ വീട്ടില്‍ കയറി.വൈകുന്നേരം നാലു മണി നേരത്തു ഏഴെട്ടു പേര്‍ ഗെയ്റ്റും തുറന്നു വരുമ്പോള്‍ കേരളത്തിലെ ഏതു വീട്ടുകാരും പിരിവുകാരെന്നേ സംശയിക്കൂ.അങ്ങനെ പിരിവുകാരെന്ന ധാരണയില്‍ ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളെ കണ്ട ദേവസ്വം മന്ത്രിയുടെ മുഖഭാവത്തില്‍ നിന്ന അവണ്റ്റെ അമ്മയോടു മകണ്റ്റെ കൂട്ടുകാരാണെന്നു പറഞ്ഞ്‌ ആശ്വസിപ്പിച്ചു.

ഉച്ചമയക്കത്തിലായിരുന്ന അവനെ എണീപ്പിച്ച്‌ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അമ്മ വീണ്ടും ചായയുമായി എത്തി. ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അവന്‍ ഞങ്ങളെ ഓരോരുത്തരായി അമ്മക്കു പരിചയപ്പെടുത്തി.കൂട്ടത്തില്‍ കിട്ടുവിണ്റ്റെ ഊഴം വന്നപ്പോള്‍ പേരും സ്ഥലവും കേട്ട വിജയ്‌യുടെ അമ്മക്ക്‌ കുടുംബപരമായി പരിചയക്കാരാണോ എന്നൊരു ആശങ്ക.ഏതായാലും ശങ്ക തീര്‍ക്കാമെന്നു കരുതി വീട്ടുപേര്‍ ചോദിച്ചപ്പോള്‍ അതും പരിചയമുള്ളതു തന്നെ.കമ്പ്യൂട്ടര്‍ജിക്കു ട്രിഗര്‍ ചെയ്ത്‌ ഫയല്‍ ക്ളോസ്‌ ചെയ്യാന്‍ വേണ്ടി,ഒരു ഫൈനല്‍ കണ്‍ഫര്‍മേഷനായി അച്ചണ്റ്റെ പേരുകൂടി ചോദിച്ചു.

ഒരു നിമിഷം പഴയ മുഖ്യമന്ത്രി എ.കെ ആണ്റ്റണിയെ പോലെ മൌനം പാലിച്ച കിട്ടുവിനെ കണ്ട വിജയ്‌യുടെ അമ്മ അരി ക്ഷാമമുണ്ടെകില്‍ പാലും മുട്ടയും കോഴിയിറച്ചിയും കഴിക്കാന്‍ പറഞ്ഞ ഭക്ഷ്യമന്ത്രിയെ പോലെ ഞാനെന്തെങ്കിലും അവിവേകം പറഞ്ഞോ എന്ന സംശയത്തില്‍ നിന്നു.കിട്ടു മറുപടി പറയാന്‍ ആലോചിക്കുന്ന കണ്ടു ഇനി അച്ഛനില്ലാത്തതു കൊണ്ടാണോ ഇവന്‍ മിണ്ടാതെ നില്‍ക്കുന്നത്‌ എന്നു വിചാരിച്ചു

"അച്ഛനില്ലേ????" എന്ന്‌ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുന്‍പു തന്നെ കിട്ടു ചാടി വീണു.

"അതല്ല, രണ്ടു പേരുണ്ട്‌ ഏതു പറയണമെന്നലോചിക്കുകയായിരുന്നു"

ഇത്തവണ വിജയ്‌യുടെ അമ്മയോടൊപ്പം ഞങ്ങള്‍ എല്ലാവരും ഞെട്ടി.

"രണ്ടച്ഛനോ!!!!!!!!!!" വിജയ്‌യുടെ അമ്മക്കു ആകാംക്ഷ അടക്കാനായില്ല.

"അതല്ല അച്ഛനു രണ്ട്‌ പേരുണ്ട്‌.നാട്ടുകാരു വിളിക്കുന്നതും വീട്ടുകാരു വിളിക്കുന്നതും.ഏതു പേരു പറയണമെന്നാലോചിക്കുകയായിരുന്നു".

4 comments:

sahayaathrikan said...

ha ha ha kidilolkidilam!!! poratte sajikkuzhiyum mattumellam....

puTTuNNi said...

ഹ.. ഹ.. ഹ.. കൊള്ളാം രണ്ടച്ചന്‍

Unknown said...

അറിയാതേ orkut profile വഴി പോയപ്പോള്‍ ബ്ലോഗും വായിച്ചു...
commentathirikkan thonnunnilla..
Kollam....tto..

അനില്‍ ആദിത്യ said...

സഹയാത്രികന്,പുട്ടുണ്ണി,സൌദ കമന്റിയതിന് നന്ദി